ന്യുഡല്‍ഹി: അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ചുവപ്പ് കാര്‍ഡ് കാണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ കൊക്രജറില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 

എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും വികസനം എന്ന മുദ്രാവാക്യം മുറുകെ പിടിച്ച് ജനങ്ങളുടെ ക്ഷേമത്തിനാണ് എന്‍.ഡി.എ സര്‍ക്കാര്‍ അസമില്‍ പ്രവര്‍ത്തിച്ചത്. ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സര്‍ക്കാരിനുള്ള ആശിര്‍വാദം അസമിലെ ജനങ്ങള്‍ നല്‍കിക്കഴിഞ്ഞു. എന്‍.ഡി.എയുടെ മഹത്തായ വിജയത്തിന്റെ മുദ്ര പദിപ്പിക്കലായിരുന്നു ഒന്നാംഘട്ട തിരഞ്ഞെടുപ്പെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും രൂക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി, സംസ്ഥാനത്തെ തേയില തോട്ടങ്ങളിലെ തൊഴിലാളികള്‍ക്കായി  കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നും കുറ്റപ്പെടുത്തി. തൊഴിലാളികളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള ഇടപെടലുകള്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തിയതായും പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായ ഇന്ന് സംസ്ഥാനത്തെ 39 മണ്ഡലങ്ങളിലാണ് പോളിങ് നടക്കുക.

Content Highlights: PM Modi says Assam will show red card to Congress and its allies