ശ്ചിമ ബംഗാളിന് പിന്നാലെ അസമിലും പിരിമുറുക്കത്തിന്റെ വിധിയെഴുത്താണ് നടന്നത്. ബി.ജെ.പി. സര്‍ക്കാരിന്റെ ആവര്‍ത്തനമുണ്ടാകുമെന്ന വിലയിരുത്തലായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ അസമിലുണ്ടായിരുന്നത്. ബി.ജെ.പിക്ക് അനായാസ വിജയമാണ് തിരഞ്ഞെടുപ്പ് പ്രവചനക്കാര്‍ നല്‍കിയത്. പല കാരണങ്ങളാല്‍ ദുര്‍ബലമായ കോണ്‍ഗ്രസ് ബി.ജെ.പിക്ക് ഒരു മത്സരപ്രതീതി നല്‍കാന്‍ പോലും പര്യാപ്തമായിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം അസമിലെ പ്രതിപക്ഷ നിരയിലുണ്ടായ പുതിയ നീക്കങ്ങള്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കി.

ഇടതുപാര്‍ട്ടികളും ബദറുദ്ദീന്‍ അജ്മലിന്റെ എ.ഐ.യു.ഡി.എഫും അതോടൊപ്പം എന്‍.ഡി.എ.യില്‍ നിന്നടര്‍ന്ന ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടും കോണ്‍ഗ്രസിനോട് അപ്രതീക്ഷിതമായി കൈകോര്‍ത്തു. ഇത് കോണ്‍ഗ്രസിന് ജീവജലം പകര്‍ന്നു. ബോഡോ മേഖലയില്‍ ബി.പി.എഫും ലോവര്‍ അസമിലെ നാല്‍പതോളം മണ്ഡലങ്ങളില്‍ എ.ഐ.യു.ഡി.എഫും മഹാജോട് സഖ്യത്തിന് ഊര്‍ജ്ജം നല്‍കി. പൗരത്വനിയമ വിവാദമുയര്‍ത്തി മുസ്ലിം ഭൂരിപക്ഷ മേഖലകളിലും ആദിവാസി മേഖലകളിലും ഇരുപാര്‍ട്ടികളും ശക്തമായ പ്രചരണമാരംഭിച്ചതോടെ ബി.ജെ.പിയും അപകടം മണത്തു. പൗരത്വനിയമം വീണ്ടും ഉയരുന്നത് തിരിച്ചടിയാകുമെന്ന്  തിരിച്ചറിഞ്ഞ് ബി.ജെ.പി തങ്ങളുടെ പ്രകടനപത്രികയില്‍ പൗരത്വനിയമത്തെക്കുറിച്ച് തന്ത്രപരമായ മൗനം പാലിച്ചു.

എങ്കിലും അസമില്‍ പൗരത്വവിവാദം തന്നെയാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ഇരുമുന്നണികളും ആധാരമാക്കിയതും പൗരത്വവിഷയത്തെയാണ്. മൂന്നാംഘട്ടം വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളാണ് അസമിന്റെ രാഷ്ട്രീയഗതി നിശ്ചയിക്കുക. ഈ മണ്ഡലങ്ങളില്‍ എ.ഐ.യു.ഡി.എഫിനും ബി.പി.എഫിനുമാണ് മേല്‍ക്കൈ. ഇത് ബി.ജെ.പിയെ പ്രതിരോധത്തില്‍ വീഴ്ത്തിയിട്ടുണ്ട്. പരമ്പരാഗതമായി എ.ഐ.യു.ഡി.എഫിനെയും ബി.പി.എഫിനെയും പിന്തുണക്കുന്ന ശക്തമായ വോട്ട് ബാങ്കുള്ള ഈ മേഖലകളില്‍ കടന്നു കയറാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല. ഈ മേഖലകളില്‍നിന്ന് വോട്ട് പ്രതീക്ഷിക്കുന്നില്ലെന്ന് ബി.ജെ.പി. പരസ്യമായി തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഹിന്ദു വോട്ടുകള്‍ ഏകീകരിച്ച് പകരം മണ്ഡലങ്ങള്‍ കണ്ടെത്തി ഉറപ്പിച്ചു നിര്‍ത്തുകയെന്ന തന്ത്രമാണ് അടിത്തട്ടില്‍ ബി.ജെ.പി. പ്രയോഗിച്ചത്.അതിന് ബി.ജെ.പി രഹസ്യമായി ഉപയോഗിച്ചതും പൗരത്വ നിയമം തന്നെ.

അധികാര വടംവലി

ഭരണത്തുടര്‍ച്ച നേരിടുന്ന ബി.ജെ.പിയെ ചില ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങളും അലട്ടുന്നുണ്ട്. മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാളും മുതിര്‍ന്ന നേതാവ് ഹിമന്ദ ബിശ്വ ശര്‍മയും തമ്മിലുള്ള വടം വലിയാണ് ബി.ജെ.പിയെ അലട്ടുന്ന പ്രതിസന്ധി. മുഖ്യമന്ത്രി സോനോവാളാണെങ്കിലും ബി.ജെ.പിയുടെ സംഘടനാ സംവിധാനത്തിന്റെ ചരട് ഹിമന്ദയുടെ കയ്യിലാണ്. വിദ്യാര്‍ഥി രാഷ്ട്രീയകാലം മുതല്‍ അസമിന്റെ പൊതുവേദിയില്‍ പ്രവര്‍ത്തിച്ച് കോണ്‍ഗ്രസിലൂടെ ബി.ജെ.പിയിലെത്തിയ ഹിമന്ദ, അമിത് ഷായുടെ വലംകയ്യാണ്. 2015-ല്‍ കിഴക്കന്‍ ഏകോപന സമിതിയുടെ കണ്‍വീനറായി ഹിമന്ദയെ ഷാ നിയോഗിച്ചത് കൃത്യമായ ലക്ഷ്യങ്ങളോടെയാണ്. അസമില്‍ ആ ലക്ഷ്യം ഒതുങ്ങി നില്‍ക്കുന്നില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ മേധാവിത്വമാണ് ഹിമന്ദയിലൂടെ ബി.ജെ.പി പ്രതീക്ഷിക്കുന്നത്. 

എന്നാല്‍ അസമിലെ ജാതിസമവാക്യങ്ങളനുസരിച്ച് സര്‍ബാനന്ദ സോനോവാളിനെയാണ് 2016-ല്‍ മുഖ്യമന്ത്രിയായി നിയോഗിച്ചത്. ഇക്കുറിയും അത് ആവര്‍ത്തിക്കാനാണെങ്കില്‍ താനില്ലെന്ന് സൂചിപ്പിച്ച് തിരഞ്ഞെടുപ്പ് മത്സരത്തില്‍നിന്ന് ഹിമന്ദ തുടക്കത്തില്‍ മാറി നിന്നിരുന്നു. എന്നാല്‍ അമിത് ഷാ നേരിട്ട് അനുനയിപ്പിച്ച് ഹിമന്ദയെ മത്സരിപ്പിക്കുകയായിരുന്നു. ഇതിനായി ഉണ്ടാക്കിയിരിക്കുന്ന പാക്കേജ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചാല്‍ മാത്രമേ പുറത്തു വരൂ.

126 സീറ്റുകളുള്ള അസം നിയമസഭയില്‍ 2016-ല്‍ എന്‍.ഡി.എ. സഖ്യത്തിന് 71 സീറ്റുകളുണ്ടായിരുന്നു. ബി.ജെ.പിക്ക് മാത്രം 58 സീറ്റുകള്‍. എ.ജി.പിക്ക് 12, സ്വതന്ത്രന്‍- 1. പന്ത്രണ്ട് അംഗങ്ങളുണ്ടായിരുന്ന ബി.പി.എഫും എന്‍.ഡി.എ. സര്‍ക്കാരിനെ പിന്തുണച്ചു. എന്നാല്‍ തിരഞ്ഞടുപ്പിന് തൊട്ടുമുമ്പ് ബി.പി.എഫ്. പിന്തുണ അവസാനിപ്പിച്ച് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. പ്രതിപക്ഷത്ത് 43 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. കോണ്‍ഗ്രസ്- 19, എ.ഐ.യു.ഡി.എഫ്-13. ബി.പി.എഫ് കൂടി ഒപ്പം ചേര്‍ന്നതോടെ പ്രതിപക്ഷത്തിന്റെ ആളെണ്ണം കൂടി. 

content highlights: assam assembly election result 2021