ഗുവാഹത്തി: ബൂത്തിലെ രജിസ്റ്റര്‍ ചെയ്ത ആകെ വോട്ടര്‍മാരുടെ എണ്ണം 90. പക്ഷെ വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം 171. അസമിലെ ദിമ ഹസാവോ ജില്ലയിലെ ബൂത്തിലാണ് ഈ വമ്പന്‍ ക്രമക്കേട് കണ്ടെത്തിയത്. ഇതോടെ തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പു കമ്മിഷന്‍ സസ്‌പെന്‍ഡ് ചെയ്തു. 107(എ) ഖോട്‌ലിര്‍ എല്‍.പി.സ്‌കൂളിലെ ബൂത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. 

ഏപ്രില്‍ ഒന്നിന് വോട്ടെടുപ്പ് നടന്ന ഹാഫ്‌ലോങ് മണ്ഡലത്തിലെ ബൂത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്‌. വോട്ടെടുപ്പിന്റെ രണ്ടാംഘട്ടത്തിലായിരുന്നു ഇവിടെ പോളിങ്. 2016-ല്‍ ബി.ജെ.പിയുടെ ബീര്‍ ഭദ്ര ഹാഗ്ജര്‍ ആണ് ഇവിടെ വിജയിച്ചത്. ഈ ബൂത്തില്‍ വീണ്ടും പോളിങ് നടത്താനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് തിരഞ്ഞെടുപ്പു കമ്മിഷനെന്ന് അധികൃതരെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. 

മോള്‍ഡാം എല്‍.പി. സ്‌കൂളിലെ പ്രധാന പോളിങ് സ്‌റ്റേഷന്റെ ഉപകേന്ദ്രമായാണ് ഈ ബൂത്ത് പ്രവര്‍ത്തിച്ചിരുന്നത്. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ഏപ്രില്‍ രണ്ടിനു തന്നെ പുറത്തിറങ്ങിയിരുന്നെങ്കിലും തിങ്കളാഴ്ചയാണ് ഇത് വാര്‍ത്തയായത്. കൃത്യവിലോപം ചൂണ്ടിക്കാണിച്ചാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. 

പോളിങ് ബൂത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത് 90 വോട്ടര്‍മാരുടെ പേരുകള്‍ മാത്രമായിരുന്നെന്നും എന്നാല്‍ ഇ.വി.എമ്മില്‍ 171 വോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ടുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'ഗ്രാമത്തിന്റെ തലവന്‍ വോട്ടര്‍ പട്ടിക അംഗീകരിക്കാന്‍ കൂട്ടാക്കാതിരിക്കുകയും സ്വന്തമായി ഒരു പട്ടിക കൊണ്ടുവരികയുമായിരുന്നു. തുടര്‍ന്ന് ഗ്രാമവസികള്‍ ഗ്രാമത്തലവന്‍ കൊണ്ടുവന്ന പട്ടിക അനുസരിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു'- ഒരു ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടു പ്രതികരിച്ചു. 

അതേസമയം തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഗ്രാമത്തലവന്റെ വാദം എന്തുകൊണ്ട് അംഗീകരിച്ചു എന്ന കാര്യം വ്യക്തമല്ല. അവിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലേ ?, അവര്‍ വിഷയത്തില്‍ ഇടപെട്ടില്ലേ ? എന്ന കാര്യവും വ്യക്തമായിട്ടില്ല. 

content highlights: 171 votes cast in a booth that has 90 voters in assm, officials suspended