പൊതുജന സേവനത്തിലും ഭരണത്തിലുമുള്ള അരനൂറ്റാണ്ടിന്റെ അനുഭവ സമ്പത്താണ് ബൈഡന്‍റെ കരുത്ത്. അപകടവും അനിശ്ചിതത്വവും നിറഞ്ഞ ലോകത്ത് പക്വതയും സ്ഥിരതയുമുള്ള നേതാവായാണ് ബൈഡൻ സ്വയം അവതരിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽ ആരോഗ്യ, സാമ്പത്തിക രംഗങ്ങളിലെ വിദഗ്ധരുടെ ഉപദേശങ്ങൾ വോട്ടർമാരുമായി പങ്കുവെച്ച് ബൈഡൻ കോവിഡിനെ തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയമായി പതുക്കെ ഉയർത്തിക്കൊണ്ടുവന്നു.

ഏവർക്കും സൗജന്യമായി കോവിഡ് ടെസ്റ്റുകൾ ഉൾപ്പടെ നിർദേശങ്ങൾ മുന്നോട്ടുവെച്ചു. വാക്‌സിൻ ലഭിക്കാത്ത ഒരു കൗണ്ടിപോലും അമേരിക്കയിൽ ഉണ്ടാകരുതെന്നു പറഞ്ഞ ബൈഡൻ കോവിഡിനെ ട്രംപ് കൈകാര്യം ചെയ്ത രീതിക്കെതിരേ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ആഞ്ഞടിച്ചു. ഒബാമ സർക്കാരിന്റെ കാലത്തെ അഫോർഡബിൾ കെയർ ആക്ട് പാസ്സാക്കുന്നത് ബൈഡൻ വൈസ് പ്രസിഡന്റായിരിക്കുമ്പോഴാണ് എന്നതും ആരോഗ്യപരിപാലനരംഗത്തെ ബൈഡന്റെ പരിചയസമ്പത്തായി ഡൊമോക്രാറ്റുകൾ ഉയർത്തിക്കാട്ടി. 

ആരോഗ്യസംരക്ഷണം തനിക്ക് വ്യക്തിപരാമാണെന്നും തന്റെ കുടുംബത്തിൽ സംഭവിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബൈഡൻ പൊതുവേദികളിൽ പറയാണുണ്ട്. 1942 നവംബർ 20-ന് വടക്കുകിഴക്കൻ പെൻസിൽവേനിയയിലെ സ്‌ക്രാട്ടണിൽ ജനിച്ച ബൈഡൻ അറ്റോണിയായി വളരെകുറച്ചുകാലം സേവനമനുഷ്ഠിച്ചശേഷമാണ് രാഷ്ട്രീയത്തിലെത്തുന്നത്. ഏറ്റവും പ്രായം കുറഞ്ഞ സെനറ്ററായി 1972-ൽ 29-ാം വയസ്സിൽ രാഷ്ട്രീയ ജീവിതമാരംഭിച്ച ബൈഡൻ ഡെലാവറിൽ നിന്ന് ഏറ്റവും കൂടുതൽ കാലം സെനറ്ററാകുന്ന വ്യക്തികൂടിയാണ്.

2008-ൽ ബരാക്ക് ഒബാമ തന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞടുത്തതോടെയാണ് ബൈഡന്റെ രാഷ്ട്രീയ ജീവിതത്തിന് പുതിയ മാനം കൈവരുന്നത്‌. സ്‌ക്രാട്ടണിലെ സെന്റ് പോൾസ് ഇലിമെന്ററി സ്‌കൂളിൽ ഹൈസ്‌കൂൾ പൂർത്തിയാക്കിയ ബൈഡൻ ഡെലാവെർ സർവകലാശാലയിൽ നിന്ന് 1968-ൽ നിയമത്തിൽ ബിരുദം നേടി. അക്കാലത്താണ് ഡെമോക്രാറ്റിക് പാർട്ടിയിൽ പ്രവർത്തിച്ചുതുടങ്ങുന്നത്.  1970-ൽ ന്യൂ കാസിൽ കൗണ്ടി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  

പെൻസിൽവേനിയ ജനിച്ചതും ജയിപ്പിച്ചതും

അമേരിക്കൻ പ്രസിഡന്റാവാൻ വേണ്ട ‘മാന്ത്രികസംഖ്യ’ (270 ഇലക്ടറൽ വോട്ട്) കടക്കാൻ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡനെ സഹായിച്ചത് മൂന്നുദിവസം ചാഞ്ചാടിനിന്ന ജന്മനാടായ പെൻസിൽവേനിയ. ആദ്യദിവസം ഇവിടെ ട്രംപിന്റെ വ്യക്തമായ മേൽക്കൈയായിരുന്നു. എന്നാൽ,  വോട്ടെണ്ണൽ പുരോഗമിച്ചതോടെ ലീഡ് കുറയാൻ തുടങ്ങി. ഒടുവിൽ വെള്ളിയാഴ്ച രാവിലെ വോട്ടെണ്ണൽ തുടങ്ങിയതോടെ പെൻസിൽവേനിയ പൂർണമായും ബൈഡനൊപ്പമായി. മെല്ലെ ട്രംപിനെ മറികടന്നു. അങ്ങനെ അനിശ്ചിതത്വത്തിനൊടുവിൽ ആ സംസ്ഥാനത്തെ 20 ഇലക്ടറൽ വോട്ടുകൂടി ബൈഡന് സ്വന്തമാവുകയുംചെയ്തു.
ഇരുകൂട്ടർക്കും സാധ്യത കല്പിക്കപ്പെടുന്ന ജോർജിയ, നെവാദ  എന്നിവിടങ്ങളിലും ഇപ്പോൾ ബൈഡൻതന്നെയാണ് മുന്നിൽ.

നോർത്ത് കരോലൈന, അലാസ്ക എന്നിവിടങ്ങളിൽ ലീഡുണ്ടെങ്കിലും അത് ട്രംപിനെ തുണയ്ക്കില്ല. നവംബർ മൂന്നിന് തിരഞ്ഞെടുപ്പ് അവസാനിച്ചശേഷം വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ, സർവേകളിൽ ഏറെ മുന്നിലായിരുന്ന ബൈഡന് തുടക്കത്തിൽ തിരിച്ചടിയായിരുന്നു കണ്ടത്. 50 സംസ്ഥാനങ്ങളിൽ 29 ഇലക്ടറൽ വോട്ടുകളുള്ള ഫ്ലോറിഡ സുപ്രധാനമാണ്. ഫ്ലോറിഡയിൽ ജയിക്കുന്നവർ അമേരിക്കൻ പ്രസിഡൻറാവുമെന്നാണ് പൊതുവേ പറയുക. അവിടെ ജയിച്ചതോടെ ട്രംപിന്റെ ക്യാമ്പുകളിൽ ആദ്യ ആരവമുയർന്നു.

എന്നാൽ, അന്നത്തെ വോട്ടെണ്ണൽ അവസാനിക്കുമ്പോൾതന്നെ വാഷിങ്ടൺ ഉൾപ്പെട്ട ഡിസ്ട്രിക്ട് ഓഫ് കൊളംബിയ അടക്കം 22 സംസ്ഥാനങ്ങളിൽ ബൈഡൻ മേധാവിത്വം ഉറപ്പിച്ചിരുന്നു. 264 ഇലക്ടറൽ വോട്ടുകളോടെ ബൈഡൻ വിജയത്തിന് തൊട്ടടുത്തെത്തിയപ്പോൾ 23 സംസ്ഥാനങ്ങളിൽ കരുത്തുകാട്ടിയ ട്രംപിന് ലഭിച്ചത് 214 വോട്ടായിരുന്നു. തുടർന്നാണ് ചാഞ്ചാടിനിന്ന   അഞ്ചുസംസ്ഥാനങ്ങളിലുള്ള 60 ഇലക്ടറൽ വോട്ടുകളിലേക്ക് എല്ലാവരുടെയും ശ്രദ്ധതിരിഞ്ഞത്. ഇതുവരെ 7.48 കോടി പൊതുവോട്ടുകളാണ് ബൈഡന് ലഭിച്ചത്. ട്രംപിന് 7.05 കോടി വോട്ടും. 2016-ൽ ഹില്ലരി ക്ലിന്റനെ അപേക്ഷിച്ച് വോട്ടുകൾ കുറവായിരുന്നെങ്കിലും ഇലക്ടറൽ വോട്ടുകളാണ് ട്രംപിനെ രക്ഷിച്ചിരുന്നത്.

content highlights: US president election joe biden wins