വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന പെന്‍സില്‍വേനിയ, നെവാഡ, അരിസോണ, സംസ്ഥാനങ്ങളില്‍ ബൈഡന്‍ മികച്ച ലീഡ് നേടിക്കഴിഞ്ഞു.

20 ഇലക്ട്രല്‍ വോട്ടുകളാണ് പെന്‍സില്‍വേനിയയില്‍ ഉള്ളത്. ഇവിടെ വിജയം നേടാനായാല്‍ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലെ ഫലം വരുന്നതിന് മുമ്പുതന്നെ കേവല ഭൂരിപക്ഷമായ 270 ഇലക്ട്രല്‍ വോട്ടുകള്‍ ബൈഡന് കരസ്ഥമാക്കാന്‍ സാധിക്കും. 2016-ല്‍ ട്രംപ് വിജയിച്ച സംസ്ഥാനമാണ് പെന്‍സില്‍വേനിയ എന്നതാണ് ശ്രദ്ധേയമായ കാര്യം.

അതേസമയം ജോര്‍ജിയയില്‍ വോട്ടുകള്‍ വീണ്ടും എണ്ണുമെന്ന് അധികൃതര്‍ അറിയിച്ചു. നേരിയ ഭൂരിപക്ഷത്തിലാണ് ബൈഡന്‍ ഇവിടെ ലീഡ് ചെയ്യുന്നത്.

538 ഇലക്ടറല്‍ കോളേജ് അംഗങ്ങളില്‍ 270 പേരുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം 253 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ഇതിനോടകം ബൈഡന്‍ നേടിക്കഴിഞ്ഞു. ജോ ബൈഡനും കമല ഹാരിസും വിജയിക്കുമെന്ന് വ്യക്തമായതായി സ്പീക്കര്‍ നാന്‍സി പെലോസി പ്രതികരിച്ചു.

അതേസമയം 213 ഇലക്ടറല്‍ വോട്ടുകളാണ് ഇതിനോടകം ട്രംപിന് ലഭിച്ചിട്ടുള്ളത്. ഈ തിരഞ്ഞെടുപ്പ് ഇനിയും അവസാനിച്ചിട്ടില്ല എന്നായിരുന്നു പെന്‍സില്‍വാനിയയില്‍ ബൈഡന്‍ ലീഡ് ചെയ്യുന്നെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ട്രംപ് ക്യാമ്പിന്റെ പ്രതികരണം. നാല് സംസ്ഥാനങ്ങളിലെ കണക്കിന്റെ അടിസ്ഥാനത്തില്‍ ബൈഡനെ വിജയിയായി കാണിക്കുന്നത് അന്തിമഫലമല്ലെന്നും ട്രംപ് ക്യാമ്പയിന്റെ ജനറല്‍ കൗണ്‍സല്‍ മാറ്റ് മോര്‍ഗന്‍ പ്രസ്താവനയില്‍ പറഞ്ഞു. ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlights: us president election joe biden leading