യു.എസ്. പ്രസിഡന്റായി ജോ ബൈഡനെത്തുന്നത് ഇന്ത്യ-യു.എസ്. ബന്ധം കൂടുതൽ മെച്ചപ്പെടുന്നതിന് കാരണമാകുമെന്ന് വിലയിരുത്തൽ. ബൈഡൻ ഭരണകൂടം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗുണകരമായിരിക്കുമെന്ന് സെൻറർ ഫോർ സ്ട്രാറ്റെജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് തിങ്ക് ടാങ്ക് മുതിർന്ന ഉപദേഷ്ടാവ് റിക് റോസോ അഭിപ്രായപ്പെട്ടു.

“പ്രതിരോധമേഖലയിൽ ഉൾപ്പെടെ സഹകരണം നിലനിർത്തപ്പെടുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ റഷ്യൻ പ്രതിരോധ ഇടപാടുൾക്കിടയിൽ ഇന്ത്യക്കെതിരായ ഉപരോധം എങ്ങനെ കൈകാര്യംചെയ്യും. 
ഇന്ത്യയിലെ സാമൂഹിക പ്രശ്നങ്ങളിൽ യു.എസ്. ആശങ്ക ഉന്നയിച്ചാൽ ബന്ധങ്ങളിൽ വിള്ളലുണ്ടാകുമോ എന്നതിനെ ആശ്രയിച്ചാകും ബന്ധത്തിന്റെ ഭാവി”- റോസോ കൂട്ടിച്ചേർത്തു. ഇറാനുമായുള്ള ബന്ധത്തിലും ഇന്ത്യക്കു ബൈഡന്റെ ഭരണത്തിൽ സമ്മർദം കുറയുമെന്നും റോസോ ചൂണ്ടികാട്ടി.

ഇന്ത്യക്കാരടക്കം 11 ലക്ഷം  പേർക്ക് പൗരത്വം

അഞ്ചുലക്ഷത്തിലധികം ഇന്ത്യക്കാരടക്കം മതിയായ രേഖകളില്ലാത്ത പതിനൊന്നുലക്ഷം കുടിയേറ്റക്കാർക്ക് യു.എസ്. പൗരത്വം ലഭിക്കുന്നതിനായി ജോ ബൈഡൻ പ്രവർത്തിക്കും. കോൺഗ്രസിൽ കുടിയേറ്റനിയമം നവീകരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ബൈഡൻ അടിയന്തരമായി ആരംഭിക്കുമെന്നും കുടുംബങ്ങൾ വേർപിരിയാതിരിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും ബൈഡൻപക്ഷം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കുടുംബത്തെ അടിസ്ഥാനമാക്കിയുള്ള കുടിയേറ്റവും കുടുംബ ഏകീകരണത്തിന്റെ സംരക്ഷണവും കുടിയേറ്റസമ്പ്രദായത്തിന്റെ പ്രധാന തത്ത്വങ്ങളായി ബൈഡൻ ഭരണകൂടം കണക്കാക്കുന്നതായും കുടുംബവിസകൾ മാറ്റിവെക്കുന്നത് ഒഴിവാക്കുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു. വാർഷികമായി 1,25,000 പേർക്ക് പൗരത്വം നൽകാനാണ് ലക്ഷ്യമിടുന്നത്. 

Content Highlights: us president election 2020, US Election Joe Biden