തുളസേന്ദ്രപുരം (തിരുവാരൂർ) : വല്ലപ്പോഴും തുറക്കുന്ന മെഡിക്കൽസ്റ്റോർ അടക്കം നാലുകടകൾ മാത്രമുള്ള തുളസേന്ദ്രപുരം എന്ന തമിഴ്നാടൻ ഗ്രാമത്തിലെ കൊച്ചുകവലയിൽ ഒത്തുകൂടിയവരുടെ കണ്ണുകൾ വാഷിങ്ടൺ ഡി.സി.യിലേക്കായിരുന്നു. ഈ കൊച്ചുഗ്രാമത്തിൽ കുടുംബവേരുകളുള്ള വനിതയാണിപ്പോൾ അമേരിക്കയുടെ  വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസ്.

ജോ ബൈഡന്റെയും കമലയുടെയും വിജയം തങ്ങളുടെയും വിജയമായി ഗ്രാമവാസികൾ ആഘോഷിച്ചു. കമലയുടെ അമ്മ ഡോ. ശ്യാമളയുടെ അച്ഛൻ പി.വി. ഗോപാലൻ ജനിച്ചുവളർന്നത് ഇവിടെയാണ്. ഇവിടെയുള്ള ധർമശാസ്താക്ഷേത്രത്തിൽ മിക്കദിവസവും കമലയ്ക്കുവേണ്ടി പ്രത്യേകപൂജകൾ നടത്തിയിരുന്നു. വിജയം ഉറപ്പായ ശനിയാഴ്ച രാത്രി ആരംഭിച്ച ആഘോഷം ഞായറാഴ്ച വൈകീട്ട് വരെ തുടർന്നു. പടക്കം പൊട്ടിച്ചും നൃത്തംചെയ്തും ആർപ്പുവിളിച്ചും ഗ്രാമം ആഘോഷിച്ചു. സ്ത്രീകൾ വീടുകൾക്ക് മുന്നിൽ കമലയ്ക്ക് ആശംസകൾ അർപ്പിച്ച് കോലം വരച്ചു.

കമലയുടെ ചിത്രം അടങ്ങിയ പ്ലക്കാർഡുകളുമായി ചെറിയ കുട്ടികളും പങ്കെടുത്തു. മധുരപലഹാര വിതരണവുമുണ്ടായിരുന്നു. ഗ്രാമത്തിലുള്ള എല്ലാവരുടെയും വിജയമായാണ് കമലയുടെ സ്ഥാനലബ്ധിയെ കാണുന്നതെന്ന് ഗ്രാമവാസി അരുൾമൊഴി പറഞ്ഞു. അമേരിക്കയിൽ തിരഞ്ഞെടുപ്പ് ചൂടുപിടിച്ചപ്പോൾത്തന്നെ തുളസേന്ദ്രപുരത്ത് ഫ്ളക്സ് ബോർഡുകളും പോസ്റ്ററുകളും നിറഞ്ഞിരുന്നു. ഒരോരുത്തരും സ്വന്തംപേരിൽ മുക്കിലും മൂലയിലും കമലയ്ക്ക് വിജയം ആശംസിച്ച് ബാനറുകൾ സ്ഥാപിച്ചു. ഇനി കട്ടൗട്ടുകളും ബോർഡുകളും വെക്കാൻ പാടില്ലെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയതോടെയാണ് പലരും പിൻവാങ്ങിയത്.

തുളസേന്ദ്രപുരത്തെ അഗ്രഹാരത്തിലാണ് കമലയുടെ മുത്തച്ഛൻ ഗോപാലൻ ജനിച്ചു വളർന്നത്. ഉദ്യോഗത്തിന്റെ ഭാഗമായി ഡൽഹിയിലേക്ക് മാറി. അവസാനകാലത്ത് ചെന്നൈയിലായിരുന്നു ഗോപാലൻ ചെലവഴിച്ചത്. കമലയുടെ അമ്മ ഡോ. ശ്യാമള ഇതിനകം അമേരിക്കയിലേക്ക് കുടിയേറി. അഗ്രഹാരത്തിൽ ഇപ്പോൾ കമലയുടെ അകന്ന ബന്ധത്തിൽപ്പെട്ട നാഗരാജ് മാത്രമാണുള്ളത്. 20 വർഷം മുമ്പ് ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ കമലയെ കണ്ട ഓർമയുണ്ട്. കമലയുടെ മാതൃസഹോദരി സരള എല്ലാവർഷവും പൂജകൾ നടത്താറുണ്ട്. 2014-ൽ കുംഭാഭിഷേകത്തിന് കമലയുടെ പേരിൽ പ്രത്യേക ചടങ്ങുകൾ നടത്തിയിരുന്നു. ഇതോടെ ക്ഷേത്രത്തിലെ ഫലകത്തിൽ കമലയുടെ പേരും സ്ഥാനം നേടി.

Content Highlights: us president election 2020