നാലുവർഷം നീണ്ടുനിന്ന ഒരു പേക്കിനാവിൽനിന്ന്‌ ഉണർന്നതുപോലെയാണ് ലോകം മുഴുവൻ ജോ ബൈഡന്റെയും കമലാ ഹാരിസിന്റെയും വിജയവാർത്ത ശ്രവിച്ചത്. ഒരു കറുത്ത വർഗക്കാരൻ പ്രസിഡന്റായതിൽ രോഷംകൊണ്ട വെള്ളക്കാരും ഹിലരി ക്ലിന്റനെ ഇഷ്ടമല്ലാത്ത ഡെമോക്രാറ്റുകളും ഒരു പരീക്ഷണം എന്നനിലയിലാണ് ഭരണപരിചയമില്ലാത്ത ഒരു ബിസിനസുകാരനെ പ്രസിഡന്റായി തിരഞ്ഞെടുത്ത്. ഡൊണാൾഡ് ട്രംപിന്റെ സ്വഭാവദോഷങ്ങളെപ്പറ്റിയും അദ്ദേഹം പറയുന്ന അസത്യങ്ങളെപ്പറ്റിയും അപരിചിതരായിരുന്നില്ല അമേരിക്കക്കാർ. എന്നാൽ, അമേരിക്കൻ സാമ്പത്തികവ്യവസ്ഥിതി മെച്ചപ്പെടുത്താനും കൂടുതൽ ജോലികൾ സൃഷ്ടിക്കാനും അധികം വിദ്യാഭ്യാസമില്ലാത്ത എന്നാൽ, ധനികരായ യാഥാസ്ഥിതികരായ വെള്ളക്കാർക്ക് സഹായകമായ നയങ്ങൾ രൂപവത്‌കരിക്കാനും ട്രംപിന് കഴിയുമെന്ന് ഒരു വലിയവിഭാഗം പ്രതീക്ഷിച്ചു.

ട്രംപിന്റെ ആഭ്യന്തരനയങ്ങളിൽ അദ്ദേഹത്തിന്റെ ആരാധകർക്ക് സംതൃപ്തിയുണ്ടായി. ‘അമേരിക്ക ഫസ്റ്റ്’ എന്ന നയം അമേരിക്കയ്ക്ക് ഗുണംചെയ്തു എന്നുചിന്തിക്കുന്നവരാണ് അദ്ദേഹത്തിന് ഇത്തവണയും വോട്ടുചെയ്തത്. അതുകൊണ്ടാണ് ബൈഡനുവേണ്ടി ഒരു വലിയ തരംഗമുണ്ടായിരുന്നിട്ടും 70 ദശലക്ഷം ആളുകൾ ട്രംപിന് വോട്ടുചെയ്തത്. ഈ പിന്തുണ ലോകത്തെ അദ്ഭുതപ്പെടുത്തി. 

ഫ്ളോയിഡിന്റെ കൊല

ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിനുശേഷമുണ്ടായ വ്യപകമായ പ്രതിഷേധത്തിൽ കുറെ വെള്ളക്കാർത്തന്നെ പങ്കെടുക്കുകയുണ്ടായി. ‘കറുത്ത ജീവിതങ്ങൾക്ക് വിലയുണ്ട്’ എന്ന ഒരു പുതിയ പ്രസ്ഥാനംതന്നെയുണ്ടായി. ഇക്കാര്യത്തിലും ട്രംപ് സങ്കുചിതമായ ഒരു നയമാണ് സ്വീകരിച്ചത് കുറ്റംചെയ്ത പോലീസുകാരെ ശിക്ഷിക്കാൻപോലും അദ്ദേഹം കൂട്ടാക്കിയില്ല.ട്രംപിന്റെ നയം രാജ്യത്തെ സാമ്പത്തികസ്ഥിതി സംരക്ഷിക്കുക എന്നതായിരുന്നെങ്കിലും അക്കാര്യത്തിലും ട്രംപ് പരാജയപ്പെട്ടു. ഇതെല്ലാമായിട്ടും താൻ ജയിച്ചിരിക്കുന്നുവെന്നും അഴിമതിയും വോട്ട് ദുരുപയോഗവും കാരണമാണ് താൻ പരാജയപ്പെട്ടതെന്നും പരാതിപ്പെടുകയാണ് ട്രംപ്.

ട്രംപിന്റെ അത്യാഗ്രഹം

അടുത്ത ദിവസങ്ങളിൽ അദ്ദേഹം കലാപം സൃഷ്ടിക്കുമെന്ന് ജനങ്ങൾ ഭയക്കുന്നു. ഒരു നിയമയുദ്ധം അനിവാര്യംതന്നെയാണ്. എന്നാൽ, മറ്റു മുൻപ്രസിഡന്റുമാരെപ്പോലെ പുസ്തകം എഴുതിയും പ്രസംഗിച്ചും പണമുണ്ടാക്കാൻ ട്രംപ് ശ്രമിക്കുമെന്ന് തോന്നുന്നില്ല. റിപ്പബ്ലിക്കൻ പാർട്ടി നേതൃത്വത്തിലെത്തി ഒന്നുകൂടി സ്ഥാനാർഥിയാകണമെന്നായിരിക്കും അദ്ദേഹത്തിന്റെ മോഹം. അതിനാൽ വിധ്വംസകപ്രവർത്തനങ്ങളിൽ ഏർപ്പെടാതെ രാഷ്ട്രീയജീവിതം തുടരാനും സാധ്യതയുണ്ട്. എന്നാലും ജനുവരി 20 വരെ അദ്ദേഹം വൈറ്റ്ഹൗസിൽ താമസിച്ചുകൊണ്ട് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. 

വംശീയത തുടച്ചുനീക്കും

വിജയപ്രസംഗങ്ങളിൽ ബൈഡനും ഹാരിസും ട്രംപിനെ വിമർശിച്ചെങ്കിലും സഹകരണത്തോടെ മുന്നോട്ടുപോകാനാണ് ട്രംപിന്റെ അനുയായികളോട് അവർ അഭ്യർഥിച്ചത്. അമേരിക്ക ഒറ്റക്കെട്ടായി കൊറോണയ്ക്കെതിരായി പോരാടണമെന്നും അമേരിക്കയുടെ നഷ്ടപ്പെട്ട ലോകനേതൃത്വം വീണ്ടെടുക്കണമെന്നും അവർ ആഗ്രഹം പ്രകടിപ്പിച്ചു. വംശീയത തുടച്ചുമാറ്റണമെന്ന ദൗത്യമാണ് താൻ ഏറ്റെടുത്തിരിക്കുന്നതെന്ന് ബൈഡൻ വ്യക്തമാക്കി.

ആഭ്യന്തരനയത്തിലും വിദേശനയത്തിലും ബരാക്ക് ഒബാമയുടെ പാതകൾതന്നെ തുടരുമെന്ന് ബൈഡൻ സൂചനനൽകി. ചൈനയെപ്പറ്റിയുള്ള ആശങ്കകൾ കാരണം ശക്തമായിരിക്കുന്ന ഇന്ത്യ-അമേരിക്കൻ സൈനികസഹകരണം തുടരുമെന്ന് ബൈഡൻ ഒരു പ്രധാന ലേഖനത്തിൽ എഴുതുകയുണ്ടായി. തന്റേത് ഒരു മിഡിൽ ക്ലാസ് വിദേശനയമായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. അതിന്റെ അർഥം അമേരിക്കൻ ചരക്കുകൾ വിദേശത്തുവിറ്റ് അമേരിക്കയിലെ മിഡിൽക്ലാസിന് പണലാഭം ഉണ്ടാക്കണമെന്നതാണ്. ബൈഡന് പാകിസ്താൻ ചായ്‌വുണ്ടെന്നുള്ള അഭിപ്രായം ഇപ്പോൾ പ്രസക്തമല്ല. ഏഷ്യയിൽ അമേരിക്ക ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യയെയാണ്. ഭീകരവാദത്തെ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.