വരുന്ന ജനുവരി 20-ന് ജോ ബൈഡൻ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി അധികാരമേൽക്കും. ബൈഡന്റെ വിജയവാർത്ത ശനിയാഴ്ചയെത്തിയതോടെ ന്യൂയോർക്കിലെയും വാഷിങ്ടണിലെയും തെരുവുകൾ മാത്രമല്ല, ലണ്ടനും ബെർലിനുമുൾപ്പെടെ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ആഹ്ലാദപ്രകടനങ്ങൾ അലയടിച്ചു. ലോകമാധ്യമങ്ങളിൽ ആവേശകരമായ അഭിപ്രായപ്രകടനങ്ങൾ നിറഞ്ഞു. ചപലനും ആത്മരതിക്കാരനും തന്നിഷ്ടക്കാരനുമായ ട്രംപ് വൈറ്റ്ഹൗസിൽനിന്ന് പുറത്തുപോകുമല്ലോയെന്ന ആശ്വാസത്തിൽ നിന്നുയർന്നതാണ്‌ ഈ ആവേശത്തിന്റെ ഭൂരിഭാഗവും. പക്ഷേ, ബൈഡന്റെ വിജയം ലോകത്തുണ്ടാക്കിയ പ്രതീക്ഷ തീർച്ചയായും വളരെ വലുതാണ്.

ഒറ്റപ്പെടൽ നയത്തിൽനിന്നുള്ള മാറ്റം

അമേരിക്കയിലുയർന്നു വന്നിട്ടുള്ള വിഭജനചിന്താഗതിയെയും ലോകത്തെ ഏറ്റവും പഴക്കമേറിയ ജനാധിപത്യത്തിന്റെ രാഷ്ട്രീയത്തെ വിഷലിപ്തമാക്കിയിട്ടുള്ള ധ്രുവീകരണത്തെയും അവസാനിപ്പിക്കാനുള്ള സമയമാണിതെന്ന് ബൈഡൻ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. വാസ്തവത്തിൽ, ഏതുസമയവും രാഷ്ട്രീയംമാത്രം ചർച്ചചെയ്യുന്ന, എല്ലായ്‌പ്പോഴും ട്വീറ്റു ചെയ്തുകൊണ്ടിരിക്കുന്ന പ്രസിഡന്റ് ഇനിയെന്താണ്് പറയാൻ പോകുന്നതെന്നോർത്ത് ആധിപിടിക്കാത്ത ഒരു സാധാരണജീവിതത്തെയാണ് അമേരിക്കൻ ജനതയുടെ ഭൂരിഭാഗവും ഇപ്പോൾ ഉറ്റുനോക്കുന്നത്. എന്നാൽ, തമിഴ് പശ്ചാത്തലമുള്ള കമലാ ഹാരിസ് അമേരിക്കയിൽ വൈസ് പ്രസിഡന്റായതിന്റെ ഉന്മാദത്തിൽനിന്ന് ഇപ്പോഴും മുക്തമായിട്ടില്ലെങ്കിൽപ്പോലും, ബൈഡൻ സർക്കാരിന്റെ സ്ഥാനാരോഹണത്തോടെ തങ്ങൾക്കു ലഭിക്കാൻ പോകുന്നതെന്ത് എന്നതുസംബന്ധിച്ച് ഇന്ത്യയുൾപ്പെടെയുള്ള ലോകരാജ്യങ്ങളിൽ ഇതിനകം ഒട്ടേറെ ചോദ്യങ്ങളുയർന്നു കഴിഞ്ഞു.
ട്രംപ് ഭരണകൂടം തുടങ്ങിവെച്ച ‘അമേരിക്കൻ ഒറ്റപ്പെടൽ നയ’ത്തിന്റെ തിരുത്തലാകും ബൈഡൻ ഭരണകൂടത്തിൽനിന്ന് മിക്ക രാജ്യങ്ങളും പ്രതീക്ഷിക്കുന്ന ഏറ്റവും നിർണായകമായ മാറ്റം. ട്രംപിന്റെ ‘അമേരിക്ക ആദ്യം’ നയം സഖ്യരാജ്യങ്ങളെ അവരിൽനിന്നുമകറ്റി. ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കുക’ എന്ന ട്രംപിന്റെ പ്രശസ്ത മുദ്രാവാക്യം പക്ഷേ, ‘മറ്റുള്ളവർ നശിച്ചുപോകൂ’ എന്ന നിലയിലേക്കു പോയെന്നാണ് കാണാനാകുക. പലപ്പോഴും മറ്റു രാജ്യങ്ങളുമായി കൂടിയാലോചിക്കാതെയും അവരെ പരിഗണിക്കാതെയുമുള്ളതായിരുന്നു ആഗോള വിഷയങ്ങളിലുള്ള അമേരിക്കയുടെ നിലപാട്. അന്താരാഷ്ട്ര തലത്തിലുണ്ടാക്കിയ സുരക്ഷാക്കരാറുകളിൽ നിന്നുൾപ്പെടെ അവർ പിന്മാറി. മുൻകാലങ്ങളിൽ അമേരിക്ക പിന്തുടർന്നുപോന്നിട്ടുള്ള ആഗോള സഹവർത്തിത്വവും ലോകവുമായുള്ള ഇടപെടലും പുനഃസ്ഥാപിക്കപ്പെടുമെന്നതാണ് ട്രംപനന്തര വാഷിങ്ടണിൽ ലോകം പ്രതീക്ഷിക്കുന്ന മാറ്റം.

ബൈഡനിൽ നിറയുന്ന പ്രതീക്ഷകൾ

എല്ലാ സീമകളും ലംഘിക്കപ്പെട്ട വെല്ലുവിളികളെ നേരിടാനുള്ള ആയുധം സഹവർത്തിത്വം മാത്രമാണെന്ന്‌ വീണ്ടും സ്ഥാപിക്കപ്പെടുക കൂടിയാണിവിടെ. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്ന് അമേരിക്ക പിന്മാറുകയാണെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ഇറാൻ ആണവക്കരാറിൽനിന്നും അവർ ഏകപക്ഷീയമായി പുറത്തുപോയി. കോവിഡ് മഹാമാരി അതിന്റെ ഭീകരമുഖം കാട്ടിക്കൊണ്ടിരിക്കുന്ന അതേവേളയിൽ ലോകാരോഗ്യ സംഘടനയിൽനിന്നും അമേരിക്ക പിന്മാറി. ഈ മൂന്നുകാര്യങ്ങളും പുനഃപരിശോധിക്കുമെന്നാണ് ബൈഡൻ നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളത്. പൊതു മാനവികതയുടെ നന്മയ്ക്കായി, ആഗോളപ്രശ്നങ്ങളിൽ അമേരിക്കയുടെ ധാർമിക നേതൃത്വത്തിന്റെയും പങ്കാളിത്തത്തിന്റെയും ആവശ്യകതയെക്കുറിച്ച് പ്രസിഡന്റ് ബൈഡന് ബോധ്യമുണ്ടെന്നതാണ് പൊതുവേയുള്ള വിശ്വാസവും പ്രതീക്ഷയും.
വ്യാപാരബന്ധങ്ങളോടുള്ള ട്രംപിന്റെ കലാപപ്രഖ്യാപനം, അന്താരാഷ്ട്ര വ്യാപാര ചർച്ചകൾ റദ്ദാക്കൽ, ശത്രുക്കൾക്കും മിത്രങ്ങൾക്കുമെതിരേ ഒരുപോലെ നികുതിഭാരം വർധിപ്പിക്കാനും അവർക്കുനേരെ വ്യാപാരയുദ്ധം പ്രഖ്യാപിക്കാനുമുള്ള ത്വര ഇവയെല്ലാം തുടച്ചുമാറ്റി പകരം കൂടുതൽ സഹകരണോമുഖമായ സാമ്പത്തികനയങ്ങൾ അമേരിക്ക കൊണ്ടുവന്നേ മതിയാവൂ. കോവിഡ് മഹാമാരിയുടെ പ്രഹരത്തിൽനിന്ന് ആഗോള സമ്പദ് വ്യവസ്ഥ കരകയറാൻ തുടങ്ങുന്ന വേളയിൽ ഏറ്റുമുട്ടലുകളല്ല, പകരം കൂടുതൽ സഹകരണമാണ് വേണ്ടത്. അതുറപ്പുനൽകാൻ ബൈഡനാകുമെന്നും പലരും പ്രതീക്ഷിക്കുന്നു.

ഇന്ത്യയും യു.എസും

ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള ‘ബ്രോമാൻസ്’ ഇന്ത്യ-യു.എസ്. ബന്ധത്തിനുള്ളിൽ അനുചിതമായ വ്യക്തിഗതസ്വരം കലർത്തിയെങ്കിലും ഹൂസ്റ്റണിൽ കഴിഞ്ഞവർഷം ഹൗഡി മോദി പരിപാടിയിൽ ‘അബ് കി ബാർ ട്രംപ് സർക്കാർ’ എന്ന് മോദി ഉറക്കെ പ്രഖ്യാപിച്ചെങ്കിലും അമേരിക്കയിൽ സംഭവിച്ച ഈ മാറ്റങ്ങളെ ഇന്ത്യയും സ്വാഗതം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും പലകാരണങ്ങൾകൊണ്ട് ഇന്ത്യ-യു.എസ്. ബന്ധം ഇപ്പോഴും സുദൃഢമാണ്. മാറിവരുന്ന സർക്കാരുകൾ ഇരുഭാഗത്തും കാര്യമായ സ്വാധീനമുണ്ടാക്കാറില്ലെന്നതും തെളിയിക്കപ്പെട്ടുകഴിഞ്ഞതാണ്. കഴിഞ്ഞ 20 വർഷമായി അമേരിക്കയിൽ ഭരണത്തിലുണ്ടായിരുന്ന ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ ഭരണകൂടങ്ങൾ ഇന്ത്യയ്ക്ക് മുന്തിയ പരിഗണന നൽകിയിരുന്നുവെന്ന് വ്യക്തമാണ്. ക്ലിന്റൺമുതൽ ഒബാമ വരെയും ബുഷ്‌മുതൽ ട്രംപ് വരെയുള്ളവരായാലും അമേരിക്കയുമായുള്ള ബന്ധത്തിന്റെ പ്രാധാന്യത്തെ കോൺഗ്രസ്, ബി.ജെ.പി. സർക്കാരുകൾ എന്നും ഊന്നിപ്പറഞ്ഞിട്ടുമുണ്ട്.
തന്ത്രപരമായ വിഷയങ്ങളിലോ സാമ്പത്തിക വിഷയങ്ങളിലോ ഇരുരാജ്യങ്ങളിലും കാര്യമായ ഭിന്നതകളില്ല. മാത്രവുമല്ല ഇന്തോ-പസഫിക് മേഖലയിലെ സഹകരണം ഇരുരാജ്യങ്ങളും വർധിപ്പിക്കുകയും ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളെക്കൂടി ചേർത്തുകൊണ്ട് ചതുർരാഷ്ട്ര സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചൈനയോട് നിലവിൽ അമേരിക്ക പുലർത്തിവരുന്ന കാർക്കശ്യം ഡെമോക്രാറ്റിക് സർക്കാർ മയപ്പെടുത്താനാണ് സാധ്യതയെങ്കിലും ട്രംപിന്റെ കാലത്തെ സുരക്ഷാമേഖലയിലെ സഹകരണം, ഇന്റലിജൻസ് വിവരങ്ങൾ പങ്കുവെക്കൽ, സാങ്കേതിക സഹകരണം എന്നിവ ബൈഡൻ ഭരണകൂടത്തിനുകീഴിലും തുടരുമെന്ന് പ്രതീക്ഷിക്കാം. 40 ലക്ഷത്തോളം വരുന്ന ഇന്ത്യൻ-അമേരിക്കൻ ജനതയുടെ സ്വാധീനം അമേരിക്കൻ രാഷ്ട്രീയത്തിലെ പ്രധാന ഘടകമായി മാറിക്കൊണ്ടിരിക്കുന്നു.
ഇന്ത്യക്കാരുടെ പ്രധാന ആശങ്കകളിലൊന്ന് എച്ച് 1 ബി വിസയെക്കുറിച്ചാണ്. (വിദേശരാജ്യങ്ങളിൽനിന്നുള്ളവർക്ക് യു.എസിൽ തൊഴിലെടുക്കാൻ അനുമതി നൽകുന്നതാണ് എച്ച് 1 ബി വിസ. ഇന്ത്യക്കാർക്കിടയിൽ എച്ച്.1 ബി വിസയ്ക്ക് ആവശ്യക്കാരേറെയാണ്. പ്രത്യേകിച്ചും ഐ.ടി. മേഖലയിൽ നിന്നുള്ളവർ). എച്ച് 1 ബി വിസയോട് ട്രംപ് പുലർത്തിയിരുന്ന നിഷേധാത്മക മനോഭാവം ബൈഡൻ-ഹാരിസ് 
ഭരണകൂടം റദ്ദാക്കുമോയെന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. 
അമേരിക്കയിലെ തൊഴിലവസരങ്ങൾ തട്ടിയെടുക്കുന്നുവെന്നാരോപിച്ച് ട്രംപ് ഇന്ത്യക്കാർക്കെതിരേ തിരിഞ്ഞപ്പോൾ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥികളും സെനറ്റംഗങ്ങളും കൂടുതൽ വിശാലമായ കുടിയേറ്റ നയത്തെയാണ് പിന്തുണച്ചത്. ഇപ്പോൾ പറയാനായിട്ടില്ലെങ്കിലും, തൊഴിലില്ലായ്മയുടെ കാര്യത്തിൽ ട്രംപിന്റെ കാലത്തുണ്ടായ അത്രയും മോശം സാഹചര്യം ഇനിയുണ്ടാകാൻ സാധ്യതയില്ലെന്നു വേണം അനുമാനിക്കാൻ.