പ്രസിഡന്റ് സ്ഥാനത്തിനായി വാശിയേറിയ മത്സരം നടക്കുന്നതിനിടെ വിജയം അവകാശപ്പെട്ട് ഡൊണാൾഡ് ട്രംപ്. ‘‘നമ്മൾ തിരഞ്ഞെടുപ്പ് ജയിച്ചു’’ എന്ന് വൈറ്റ്ഹൗസിലെ കിഴക്കെ മുറിയിൽ ഇരുന്നുകൊണ്ട് ഭരണത്തുടർച്ചയ്ക്കായി മത്സരിക്കുന്ന ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ ബൈഡൻ കൃത്രിമം കാട്ടിയതായും ക്രമക്കേടിനെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രംപ് പറഞ്ഞു.
ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടയിൽ തപാൽ വോട്ടുകൾ എണ്ണുന്നത് നിർത്താനും ട്രംപ് ആഹ്വാനം ചെയ്തു. ഡെമോക്രാറ്റുകളാണ് കൂടുതലായും തപാൽ വോട്ടുകൾ ചെയ്തത് എന്ന നിഗമനം മുൻനിർത്തിയുള്ള ട്രംപിന്റെ പരാമർശം അടിസ്ഥാനരഹിതമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
അതേസമയം, തിരഞ്ഞെടുപ്പ് പൂർത്തിയായിട്ടില്ലെന്നും ക്ഷമയോടെ കാത്തിരിക്കുകയാണ് ആവശ്യമെന്നും ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ ആഹ്വാനം ചെയ്തു. വിജയത്തിലേക്കുള്ള പാതയിലാണെന്നും ഡെലാവേറിലെ വിൽമിങ്ടണിൽ ബൈഡൻ ശുഭാപ്തി പ്രകടിപ്പിച്ചു.
കൂടുതൽ ഇലക്ടർമാനുള്ള വിസ്കോൺസിൻ, മിഷിഗൺ, നെവാദ, പെൻസിൽവേനിയ സംസ്ഥാനങ്ങളുടെ ഫലമാണ് തിരഞ്ഞെടുപ്പിൽ നിർണായകമാകുക. ഇതിൽ വിസ്കോൺസിനിലും മിഷിഗണിലും ബൈഡനാണ് മുന്നിൽ. അതേസമയം, പെൻസിൽവേനിയയിൽ ട്രംപാണ് മുന്നിൽ.
വിജയിക്കാൻ വേണ്ട 270 സീറ്റുകൾ ലക്ഷ്യംവെക്കുന്ന ഡെമോക്രാറ്റിക്കുകളുടെ പ്രതീക്ഷ ഇനിയും എണ്ണിത്തീരാത്ത തപാൽവോട്ടുകളിലാണ്. തപാൽ വോട്ടുകൾ എണ്ണുന്നത് അവസാനിപ്പിക്കണമെന്ന ട്രംപിന്റെ ആഹ്വാനത്തെ നിയമപരമായി നേരിടുമെന്നും പാർട്ടി അധികൃതർ വ്യക്തമാക്കി.
സംസ്ഥാനങ്ങൾ, സീറ്റുകൾ
വാഷിങ്ടൺ 12
ഒറിഗൻ 7
കാലിഫോർണിയ 55
നെവാദ 6
ഐഡഹോ 4
മൊണ്ടാന 3
വ്യോമിങ് 3
ഉട്ട 6
അരിസോണ 11
ന്യൂമെക്സികോ 5
കൊളറാഡോ 9
നോർത്ത് ഡക്കോട്ട 3
സൗത്ത് ഡെക്കോട്ട 3
നെബ്രാസ്ക 5
കാൻസസ് 6
ഒക്ലഹോമ 7
ടെക്സസ് 38
മിനസോട്ട 10
അയോവ 6
മിസൗറി 10
ആർക്കൻസോ 6
ലൂയിസിയാന 8
മിസിസ്സിപ്പി 6
ഇലിനോയ് 20
വിസ്കോൺസിൻ 10
മിഷിഗൻ 16
ഇന്ത്യാന 11
ഒഹായോ 18
കെന്റക്കി 8
ടെന്നസി 11
അലബാമ 9
ജോർജിയ 16
ഫ്ളോറിഡ 29
സൗത്ത് കരോളിന 9
നോർത്ത് കരോളിന 15
വെർജീനിയ 13
പെൻസിൽേവനിയ 20
ന്യൂയോർക്ക് 29
മെയ്ൻ 4
വെർമോണ്ട് 3
വെസ്റ്റ് വെർജീനിയ 13
ന്യൂ ഹാംപ്ഷൈർ 4
മാസച്യുസെറ്റ്സ് 11
കണറ്റിക്കട്ട് 7
ന്യു ജേഴ്സി 14
ഡെലാവേർ 3
മേരിലാൻഡ് 10
ഡി.സി. 3
അലാസ്ക 3
ഹവായി 4
സംസ്ഥാനങ്ങൾ ആർക്കൊപ്പം
ഡൊണാൾഡ് ട്രംപ്: 50-ൽ 39 സംസ്ഥാനങ്ങളിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ അലബാമ, ആർക്കൻസോ, ഫ്ളോറിഡ, ഐഡഹോ, ഇന്ത്യാന, അയോവ, കാൻസസ്, കെന്റക്കി, ലൂയിസിയാന, മിസിസ്സിപ്പി, മിസൗറി, മൊണ്ടാന, നോർത്ത് ഡക്കോട്ട, നബ്രാസ്ക, ഒഹായോ, ഒക്ലഹോമ, സൗത്ത് ഡക്കോട്ട, ടെന്നസി, െടക്സസ്, വ്യോമിങ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ട്രംപ് വിജയം ഉറപ്പിച്ചു.
ബൈഡൻ: അരിസോണ, മിനസോട്ട, കാലിഫോർണിയ, കൊളറാഡോ, കണറ്റിക്കട്ട്, ഡെലാവേർ, ഹവായി ഇലിനോയ്, മേരിലാൻഡ്, വെർജീനിയ, മാസച്യുസെറ്റ്സ്, ന്യൂ ഹാംപ്ഷൈർ, ന്യൂ ജേഴ്സി, ന്യൂമെക്സികോ, ന്യൂയോർക്ക്, ഒറിഗൻ, റോഡ് അയലൻഡ്, വെർമോണ്ട്, വാഷിങ്ടൺ സ്റ്റേറ്റ് സംസ്ഥാനങ്ങൾ ബൈഡനെ തുണച്ചു.
തപാൽവോട്ടുകൾ നിർണായകം
അമേരിക്കൻ തിരഞ്ഞെടുപ്പുഫലങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ തപാൽവോട്ടുകളിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഇ-മെയിൽ, തപാൽ വഴിയുള്ള വോട്ടുകൾ ഇത്തവണ വളരെയധികം കൂടിയതിനാൽ അവ എണ്ണിത്തീരാതെ അന്തിമവിധി നിർണയിക്കാനാവില്ലെന്നാണ് വിലയിരുത്തൽ. ട്രംപ് വിജയിച്ച സംസ്ഥാനങ്ങളിൽ നേരിയ ലീഡ് മാത്രം നിലനിൽക്കുന്ന സാഹചര്യത്തിൽ തപാൽവോട്ടുകൾ പ്രത്യേകിച്ചും പ്രസക്തമാണ്.
ട്രംപിന് 2.5 ശതമാനത്തിന്റെ ലീഡുള്ള ജോർജിയയിൽ 91 ശതമാനം വോട്ടു മാത്രമാണ് എണ്ണിത്തീർന്നത്. അതേസമയം, 1.4 ശതമാനത്തിന്റെ ലീഡുള്ള നോർത്ത് കരോലൈനയിൽ ഇനിയും അഞ്ചുശതമാനം വോട്ട് എണ്ണിത്തീരാനുമുണ്ട്. ഇതുകൊണ്ടുതന്നെ നിലവിൽ ട്രംപ് ലീഡുചെയ്യുന്ന സംസ്ഥാനങ്ങളിലെ അന്തിമഫലം മാറിമറിയാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വിസ്കോൺസിനിൽ ട്രംപിന് നേരിയ ലീഡ് മാത്രമാണുള്ളത്. ഇവിടെ എണ്ണിത്തീരാനുള്ള വോട്ടുകൾ 22 ശതമാനത്തോളം വരും. ജോർജിയയിൽ ഒമ്പതുശതമാനം വോട്ടുകൾ എണ്ണിത്തീരാനുള്ളപ്പോൾ 2.5 ശതമാനം മാത്രമാണ് ട്രംപിന്റെ ലീഡ്.
കറുത്തവർഗക്കാരും മുസ്ലിങ്ങളും ബൈഡനൊപ്പം
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അമേരിക്കയിലെ മുസ്ലിം വോട്ടർമാരിൽ 69 ശതമാനവും വോട്ടുചെയ്തത് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന്. 87 ശതമാനം കറുത്തവർഗക്കാരും ബൈഡനെ പിന്തുണച്ചു. മുസ്ലിങ്ങളിൽ 17 ശതമാനവും കറുത്തവർഗക്കാരിൽ 11 ശതമാനവും മാത്രമാണ് ട്രംപിൽ വിശ്വാസമർപ്പിച്ചത്. സ്ത്രീകൾ, 18 മുതൽ 29 വയസ്സുവരെ പ്രായമുള്ളവർ എന്നിവരിലും കൂടുതൽ പേർ വോട്ട് നൽകിയത് ബൈഡനാണ്. അമേരിക്കക്കാർ, 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ, ബിരുദമില്ലാത്തവർ, പുരുഷവോട്ടർമാർ എന്നിവർ വിശ്വാസമർപ്പിച്ചത് ട്രംപിലുമാണെന്ന് വിവിധ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.
യു.എസിലെ ഏറ്റവും വലിയ മുസ്ലിം പൗരാവകാശസംഘടനയായ കൗൺസിൽ ഓഫ് അമേരിക്കൻ ഇസ്ലാമിക് റിലേഷൻസാണ് മുസ്ലിങ്ങൾക്കിടയിൽ സർവേ നടത്തിയത്. വോട്ടവകാശമുള്ളവരിൽ 84 ശതമാനം മുസ്ലിങ്ങളും വോട്ടുചെയ്തതായാണ് സർവേ സൂചിപ്പിച്ചത്. റെക്കോഡ് ഭേദിച്ചുകൊണ്ട് പത്തുലക്ഷത്തിലധികം അമേരിക്കൻ മുസ്ലിംവോട്ടർമാരാണ് ഇത്തവണ വോട്ടുചെയ്തതെന്ന് സി.എ.ഐ.ആർ. പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തെ ഉൾപ്പെടെ സ്വാധീനിക്കാൻ കഴിയുന്ന തലത്തിലേക്ക് മുസ്ലിം സമുദായത്തിന്റെ വോട്ടുകളുടെ പ്രാതിനിധ്യം ഉയർന്നതായി സി. എ.ഐ.ആർ. ദേശീയ എക്സിക്യുട്ടീവ് ഡയറക്ടർ നിഹാദ് അവദ് പറഞ്ഞു.
120 വർഷത്തെ ഏറ്റവുംവലിയ തിരഞ്ഞെടുപ്പ്
2020 : 66.9%
2016 : 60.1%
2012 : 58.6%
2008 : 61.6%
2004: 60.1%
കോൺഗ്രസ്: ഇപ്പോൾ
സെനറ്റ്
റിപ്പബ്ലിക്കൻ-47
(നേരത്തെയുണ്ടായിരുന്ന 30+17)
ഡെമോക്രാറ്റ്-45 (33+12)
മറ്റു കക്ഷികൾ-2
നൂറംഗ സെനറ്റിൽ 35 സീറ്റിലേക്കാണ് ഇത്തവണ വോട്ടെടുപ്പ് നടന്നത്. ഇതിൽ 17 സീറ്റുകളിൽ റിപ്പബ്ലിക്കൻ പാർട്ടിയാണ് ജയിച്ചത്. നേരത്തെയുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെട്ടു. ഡെമോക്രാറ്റുകൾക്ക് 12 സീറ്റിൽ ജയിക്കാനായി നേരത്തെയുണ്ടായിരുന്നതിൽ നിന്ന് ഒന്നു കൂടുതൽ. ആറെണ്ണത്തിൽ ഫലം വരാനുണ്ട്.
ജനപ്രതിനിധിസഭ
ഡെമോക്രാറ്റിക് പാർട്ടി -188
റിപ്പബ്ലിക്കൻ പാർട്ടി -181
435 അംഗങ്ങളുള്ള ജ നപ്രതിനിധിസഭയിൽ നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 197 സീറ്റുണ്ട്. ഭൂരിപക്ഷത്തിനായി 218 സീറ്റുവേണം. രണ്ടുവർഷമാണ് അംഗങ്ങളുടെ കാലാവധി.
തിരഞ്ഞെടുപ്പിലെ തർക്കങ്ങൾ
യു.എസിൽ ഇരുകക്ഷികൾക്കും ഒരുപോലെ ശക്തിയുള്ള നിർണായക സംസ്ഥാനങ്ങളിലെ വോട്ടിങ്ങും വോട്ടെണ്ണലും തർക്കത്തിൽ കലാശിക്കാറുണ്ട്. ഓരോ സംസ്ഥാനങ്ങളിലെയും കേസുകൾ സുപ്രീം കോടതിയിലുമെത്താം. 2000-ലെ തിരഞ്ഞെടുപ്പിൽ ഫ്ളോറിഡയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ജോർജ് ഡബ്ല്യൂ. ബുഷ് ഡെമോക്രാറ്റിക് സ്ഥാനാർഥി അൽഗോറിനെ 537 വോട്ടുകൾക്ക് മറികടന്ന സംഭവത്തിൽ ഹൈക്കോടതി ഇടപെട്ട് വോട്ടുകൾ വീണ്ടുമെണ്ണുന്നത് തടയുകയായിരുന്നു.
ഇലക്ടറൽ കോളേജ്
പോപ്പുലർ വോട്ടുകളെ അടിസ്ഥാനപ്പെടുത്തിയല്ല വിജയിയെ നിശ്ചയിക്കുന്നത്. ഇലക്ട്രറൽ വോട്ടുകളിൽ ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാർഥി വിജയിയാകുന്ന സംവിധാനമായ ഇലക്ട്രറൽ കോളേജാണ് അവിടെ. 2016-ൽ പോപ്പുലർ വോട്ടുകളിൽ ഹില്ലരി ക്ലിന്റനായിരുന്നു മുന്നിൽ. എന്നാൽ ഹില്ലരിയുടെ 227 ഇലക്ട്രറൽ വോട്ടുകൾക്കെതിരേ 304 വോട്ടുകൾ നേടിയ ട്രംപാണ് വിജയിച്ചത്. ഓരോ സംസ്ഥാനത്തും കൂടുതൽ പോപ്പുലർ വോട്ടുകൾ നേടിയവർ ആ സംസ്ഥാനത്തിന്റെ ഇലക്ട്രറൽമാരാവും. ഈ വർഷം ഡിസംബർ 14-നാണ് തങ്ങളുടെ വോട്ടുരേഖപ്പെടുത്താൻ ഇലക്ട്രറൽമാർ ചേരുന്നത്. ജനവരി ആറിന് കോൺഗ്രസിന്റെ ഇരുസഭകളും ചേർന്ന് വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. അതത് സംസ്ഥാനത്തെ വിജയികളെ ഗവർണമാരാണ് സാക്ഷ്യപ്പെടുത്തി കോൺഗ്രസിനെ അറിയിക്കുന്നത്.
എന്നാൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളിൽനിന്ന് കോൺഗ്രസിൽ വ്യത്യസ്തഫലം എത്തിയേക്കാം. പെൻസിൽവേനിയ, മിഷിഗൺ, നോർത്ത് കാരൊലൈന സംസ്ഥാനങ്ങളിൽ ഗവർണർ ഡൊമോക്രാറ്റിക്കും റിപ്പബ്ലിക്കുകാർ നിയന്ത്രിക്കുന്ന സഭയുമാണ്. 2000-ലെ ബുഷും ഗോറും തമ്മിലുള്ള തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കുകാരുടെ നിയന്ത്രണത്തിലുള്ള ഫ്ളോറിഡ സഭയും ഗവർണറും വ്യത്യസ്ത ഫലങ്ങൾ സമർപ്പിച്ചത് തർക്കത്തിന് കാരണമായി. 1876-ൽ മൂന്ന് സംസ്ഥാനങ്ങളിലെ തർക്കത്തെത്തുടർന്നാണ് 1887-ൽ കോൺഗ്രസ് ഇലക്ടറൽ കൗണ്ട് ആക്ട് (ഇ.സി.എ.) നിലവിൽ വരുന്നത്. ഇതുപ്രകാരം, കോൺഗ്രസിലെ ഓരോ ചേമ്പറിനും സ്വന്തമായി തീരുമാനമെടുക്കാം.
തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം
ഇരുസ്ഥാനാർഥികൾക്കും ആവശ്യമായ വോട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതത്വം പ്രഖ്യാപിക്കുന്നത്. ഭരണഘടനയുടെ 12 ഭേദഗതിയനുസരിച്ചാണ് ഇത്. ഇരുകക്ഷികളും 269-269 ക്രമത്തിൽ വോട്ടുനേടുന്ന സാഹചര്യത്തിലും ഇതു സംഭവിക്കാം. ഈ സാഹചര്യത്തിൽ, സഭയിലെ ഓരോ അംഗവും വോട്ടുചെയ്താണ് തീരുമാനമെടുക്കുന്നത്.