വാഷിങ്ടണ്‍: ഫോട്ടോഫിനിഷിന് ഒടുവില്‍ ഡൊണാള്‍ഡ് ട്രംപിനെ പിന്തള്ളി ജോ ബൈഡന്‍ അമേരിക്കയുടെ പ്രസിഡന്റ് ആയേക്കും. ബൈഡന് 253 ഇലക്ടറല്‍ കോളേജ് വോട്ടുകളും ട്രംപിന് 213 ഇലക്ടറല്‍ കോളേജ് വോട്ടുകളുമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

538 അംഗങ്ങളുള്ള ഇലക്ടറല്‍ കോളേജിലെ 270 അംഗങ്ങളുടെ പിന്തുണ ലഭിക്കുന്നയാളാണ് പ്രസിഡന്റ് ആവുക.

ആറ് ഇലക്ടറല്‍ കോളേജ് സീറ്റുകളുള്ള നെവാഡയുടെ ഫലം അനുകൂലമായാല്‍ ബൈഡന് വൈറ്റ് ഹൗസിലേക്കുള്ള യാത്ര ഉറപ്പിക്കാം. നെവാഡയില്‍ ബൈഡന്‍ മുന്നേറുകയാണ്. അതേസമയം പെന്‍സില്‍വാനിയയില്‍ ട്രംപിന്റെ ലീഡ് കുറയുന്നുമുണ്ട്.

അതേസമയം ബൈഡന്‍ ഈയടുത്ത് വിജയം അവകാശപ്പെട്ട സംസ്ഥാനങ്ങളിലെല്ലാം തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. തട്ടിപ്പിന് നിരവധി തെളിവുകളുണ്ടെന്നും തട്ടിപ്പ് നിര്‍ത്തൂവെന്നും ട്രംപ് ട്വീറ്റില്‍ ആവശ്യപ്പെട്ടു.

പ്രവചനങ്ങളും കണക്കുകൂട്ടലുകളും തെറ്റിച്ചാണ് അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആദ്യ മണിക്കൂറുകളില്‍ ട്രംപ് മുന്നേറിയപ്പോള്‍ പിന്നാലെ ബൈഡന്‍ തിരികെപ്പിടിച്ചു. 2016ല്‍ ട്രംപിന് ഒപ്പം നിന്ന് വിസ്‌കോന്‍സിനും മിഷിഗണ്ണും ഇക്കുറി ബൈഡന്‍ നേടി. വിസ്‌കോന്‍സിനില്‍ വീണ്ടും വോട്ട് എണ്ണണമെന്ന് ആവശ്യപ്പെട്ട് ട്രംപ് സുപ്രീം കോടതിയെ സമീപിച്ചു.

സമീപകാലത്ത് അമേരിക്ക കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടമാണ് നടക്കുന്നത്. ജോര്‍ജിയ, നെവാഡ, അരിസോണ, നോര്‍ത്ത് കാരലീന, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലെ ഫലമാണ് ഇനി പുറത്തുവരാനുള്ളത്. അരിസോണയിലും നെവാഡയിലും ബൈഡനാണ് മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം ജോര്‍ജിയ, നോര്‍ത്ത് കാരലീന എന്നിവിടങ്ങളില്‍ ട്രംപും ലീഡ് ചെയ്യുന്നു.

അതേസമയം തപാല്‍ വോട്ടുകള്‍ ഇനിയും എണ്ണാന്‍ ഉള്ളതിനാല്‍ അന്തിമഫലം വൈകാനാണ് സാധ്യത.

content highlights: US president election