വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് വിജയം. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത്.

വിജയിപ്പിച്ചതിന് ജനങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ബൈഡന്‍ ട്വീറ്റ് ചെയ്തു. തന്നില്‍ അര്‍പ്പിച്ച വിശ്വാസം സംരക്ഷിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. പ്രാദേശിക സമയം എട്ടുമണിയോടെ(ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ 6.30)ജനങ്ങളെ ബൈഡന്‍ അഭിസംബോധന ചെയ്യും.

ഇരുപത് ഇലക്ടറല്‍ കോളേജ് വോട്ടുകളുള്ള പെന്‍സില്‍വേനിയയില്‍ വിജയിച്ചതോടെയാണ് ബൈഡന്റെ പ്രസിഡന്റ് പദത്തിലേക്കുള്ള യാത്ര സുഗമമായത്.

ചില സംസ്ഥാനങ്ങളില്‍ എപ്പോഴും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കിലും 538 ഇലക്ടറല്‍ കോളേജ് വോട്ടുകളില്‍ കേവല ഭൂരിപക്ഷം ബൈഡന്‍ നേടിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 270 ഇലക്ടറല്‍ വോട്ടുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം.

ബൈഡന്‍ പ്രസിഡന്റ് പദത്തിലെത്തുന്നതോടെ ഇന്ത്യന്‍ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റായി കമല മാറും.

നെവാഡ, അരിസോണ, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ തുടരുകയാണ്. അതേസമയം ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന് ട്രംപ് പ്രതികരിച്ചു

വോട്ടെണ്ണല്‍ തുടങ്ങി ആദ്യഫലം വന്നപ്പോള്‍തന്നെ ഡൊണാള്‍ഡ് ട്രംപ് വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ബൈഡന്റെ ലീഡ് ഉയര്‍ന്നപ്പോള്‍, തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നും വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ട്രംപിന് 214 വോട്ടുകള്‍ ലഭിച്ചതായാണ് പുറത്തുവരുന്ന വിവരം.

അമേരിക്കയുടെ പ്രസിഡന്റ് പദത്തില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ് ബൈഡന്‍. ബരാക്ക് ഒബാമ സര്‍ക്കാരില്‍ എട്ടുവര്‍ഷം ബൈഡന്‍ വൈസ് പ്രസിഡന്റായിരുന്നു.

content highlights: joe biden wins american president election