വാഷിങ്ടണ്‍: ഫലങ്ങള്‍ മാറിമറിയുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയത്തിനരികെ. 253 ഇലക്ട്രല്‍ വോട്ടുകള്‍ നേടിക്കഴിഞ്ഞ ജോ ബൈഡന്‍ മൂന്നര ശതമാനത്തിന്റെ വോട്ടുവ്യത്യാസം നിലനിര്‍ത്തുന്ന അരിസോണയിലും ഏറക്കുറേ വിജയം ഉറപ്പാക്കി. അരിസോണയിലെ 11 ഇലക്ട്രല്‍ വോട്ടുകള്‍ കൂടി ചേര്‍ത്താല്‍ ബൈഡന് 264 ഉറപ്പാകും. അങ്ങനെയെങ്കില്‍ ബൈഡന്‍ നേരിയ ലീഡ് നിലനിര്‍ത്തുന്ന നെവാഡ കൂടി പിടിക്കാനായാല്‍ അമേരിക്കയുടെ 46 ാമത്തെ പ്രസിഡന്റായി ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെടും. നെവാഡയിലെ ആറ് ഇലക്ട്രല്‍ വോട്ടുകള്‍ കൂടിയാകുമ്പോള്‍ 270 എന്ന മാജിക്ക് നമ്പര്‍ ബൈഡന് തികയ്ക്കാനാകും. എന്നാല്‍ നെവാഡയില്‍ 0.6 ശതമാനത്തിന്റെ നേരിയ ലീഡ് മാത്രമാണ് ബൈഡനുള്ളത്. കഴിഞ്ഞ തവണ ഹിലരി ക്ലിന്റണൊപ്പം നിന്ന സംസ്ഥാനമാണ് നെവാഡ.

അതേസമയം ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ ക്യാമ്പും പ്രതീക്ഷ കൈവിട്ടിട്ടില്ല. തിരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറി ആരോപിച്ച് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ട്രംപ് ഇന്നലെ തന്നെ വ്യക്തമാക്കിയതാണ്. ഏറ്റവും ഒടുവില്‍ മിഷിഗണിലെ ഫലം ചോദ്യം ചെയ്ത് അവര്‍ കോടതിയെ സമീപിച്ചു കഴിഞ്ഞു. പ്രസിഡന്റ് ട്രംപിന് വീണ്ടും വിജയിക്കണമെങ്കില്‍ വോട്ടെണ്ണല്‍ ശേഷിക്കുന്ന അലാസ്‌ക(3), ജോര്‍ജിയ(16), നോര്‍ത്ത് കരോലിന(15), പെന്‍സില്‍വാനിയ(20) സംസ്ഥാനങ്ങള്‍ നിലനിര്‍ത്തുകയും ഇപ്പോള്‍ ബൈഡന് നേരിയ ലീഡുള്ള നെവാഡ കൂടി പിടിക്കുകയും വേണം. നെവാഡ് പിടിച്ചെടുക്കാനായില്ലെങ്കില്‍ ട്രംപിന് പരമാവധി 267 ഇലക്ട്രല്‍ വോട്ടുകളെ ലഭിക്കൂ.

കാര്യങ്ങള്‍ ട്രംപിന് അനുകൂലമാകുന്നിടത്ത് നിന്ന് സ്വിങ് സ്‌റ്റേറ്റുകളായ വിസ്‌കോണ്‍സണും മിഷിഗണും ബൈഡന്‍ പിടിച്ചതോടെയാണ് മണിക്കൂറുകള്‍ കഴിയുമ്പോള്‍ മാറിമറിഞ്ഞത്.

 ഈ രണ്ട് സംസ്ഥാനങ്ങളിലെ 26 ഇലക്ട്രല്‍ വോട്ടുകള്‍ ട്രംപ് പക്ഷം കണക്കുകൂട്ടിയിരുന്നു. മിഷിഗണില്‍ 2.2 ശതമാനവും വിസ്‌കോണ്‍സിനില്‍ 0.6 ശതമാനത്തിന്റെ നേരിയ ലീഡിലുമാണ് ബൈഡന്‍ ജയിച്ചുകയറിയത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകാനുള്ള ജോര്‍ജിയ, പെന്‍സില്‍വാനിയ, നോര്‍ത്ത് കരോലിന സംസ്ഥാനങ്ങളില്‍ ട്രംപാണ് മുന്നിട്ട് നില്‍ക്കുന്നത്. ജോര്‍ജിയയില്‍ ഒരു ശതമാനവും നോര്‍ത്ത് കരോലിനയില്‍ 1.5 ശതമാനവും പെന്‍സില്‍വാനിയയില്‍ 3.1 ശതമാനത്തിന്റെയും ലീഡ് ട്രംപിനുണ്ട്. ഇതില്‍ ജോര്‍ജിയയില്‍ ഡെമോക്രാറ്റുകള്‍ പ്രതീക്ഷ വിട്ടിട്ടല്ല.

ഒരു ശതമാനം വോട്ടിന്റെ ലീഡുണ്ടെങ്കിലും ഇനി എണ്ണാന്‍ ബാക്കിയുള്ള തപാല്‍ വോട്ടുകള്‍ ആരെ തുണയ്ക്കുമെന്ന് പറയാനാകില്ല. ജോര്‍ജിയ കൂടി മറിഞ്ഞാല്‍ 286 വോട്ടുകള്‍ ബൈഡന് ലഭിക്കും. ഈ മൂന്നു സംസ്ഥാനങ്ങള്‍ ഉറപ്പാക്കുകയും നെവാഡ കൂടി പിടിച്ചെടുക്കുകയും ചെയ്താല്‍ മാത്രമേ ട്രംപിന് സാധ്യതയുള്ളൂ. കഴിഞ്ഞ തവണ ട്രംപ് വിജയിച്ചപ്പോള്‍ ഒപ്പം നിന്ന വിസ്‌കോണ്‍സിനും അരിസോണയും മിഷിഗണും കൈവിട്ടതാണ് ട്രംപിന് തിരിച്ചടിയായത്. നിയമയുദ്ധത്തിലേക്ക് ട്രംപ് നീങ്ങിയ സാഹചര്യത്തില്‍ അന്തിമഫലം വൈകാനും സാധ്യതയുണ്ട്. ഇതില്‍ വിസ്‌കോണ്‍സിനില്‍ വീണ്ടും വോട്ടെണ്ണലിനുള്ള സാധ്യത തള്ളാനുമാവില്ല. ഒരു ശതമാനത്തില്‍ താഴെയാണ് വോട്ട് വ്യത്യാസമെങ്കില്‍ വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെടാനാകും.

15 ഇലക്ട്രല്‍ വോട്ടുകളുള്ള നോര്‍ത്ത കരോലിനയില്‍ 1.5 ശതമാനം വോട്ടിന് ട്രംപ് മുന്നിലാണ്. പെന്‍സില്‍വാനയിയില്‍ 20 ഇലക്ട്രല്‍ വോട്ടുകളാണുള്ളത്. ഇവിടെ തപാല്‍ വോട്ടുകളാണ് എണ്ണാനുള്ളത്. അപ്പോള്‍ ലീഡ് കുറയാനുള്ള സാധ്യതയാണ് നിരീക്ഷകര്‍ പറയുന്നത്. ഫിലാഡല്‍ഫിയ അടക്കമുള്ള നഗരങ്ങളിലെ വോട്ടുകളാണ് എണ്ണാനുള്ളത്.

ആദ്യഫലസൂചനകള്‍ വന്നപ്പോള്‍ കിഴക്കന്‍ അമേരിക്കയിലെ പരമ്പരാഗത സീറ്റുകളില്‍ വിജയിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ പ്രകടമായ മുന്നേറ്റം കാഴ്ചവെച്ചു. എന്നാല്‍ ദക്ഷിണ, മധ്യ സംസ്ഥാനങ്ങള്‍ പിടിച്ചെടുത്ത് ട്രംപ് തിരിച്ചുവന്നു. ഫലം വരാനുള്ള സംസ്ഥാനങ്ങള്‍ ട്രംപിന് മുന്‍തൂക്കമുള്ളതാണ്. അന്തിമവിജയം ആര്‍ക്കെന്ന് പ്രവചിക്കാനാവാതെ ഫോട്ടോഫിനിഷിങ്ങിലേക്കാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീങ്ങുന്നത്.

വോട്ടെണ്ണല്‍ തുടങ്ങി ആദ്യഫലങ്ങള്‍ വന്നുതുടങ്ങിയപ്പോള്‍ത്തന്നെ ഡൊണാള്‍ഡ് ട്രംപ് വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍, അവസാനഫലങ്ങളറിയാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് സൂചന. വോട്ടെണ്ണിത്തീരാന്‍ ചിലപ്പോള്‍ ആഴ്ചകള്‍തന്നെ വേണ്ടിവന്നേക്കുമെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്. തപാല്‍വോട്ടുകളുടെ വര്‍ധനയാണ് ഇതിനുകാരണം.

വോട്ടെണ്ണല്‍ തുടരുന്ന ജോര്‍ജിയ, നോര്‍ത്ത് കാരലിന, പെന്‍സില്‍വാനിയ എന്നീ സ്റ്റേറ്റുകളില്‍ ട്രംപാണ് മുന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിലേതെങ്കിലും ഒരു സ്റ്റേറ്റില്‍ ബൈഡന്‍ ജയിച്ചാല്‍ ട്രംപിന്റെ സാധ്യതകള്‍ക്കു മങ്ങലേല്‍ക്കാന്‍ സാധ്യതയുണ്ട്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ വിജയം തനിക്കൊപ്പമെന്ന ആത്മവിശ്വാസം നേരത്തെയും ബൈഡന്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ട്രംപ് വാര്‍ത്താസമ്മേളനം നടത്തി താന്‍ വിജയിച്ചുവെന്ന് അവകാശപ്പെടുകയായിരുന്നു. 

നൂറ്റാണ്ടിലെ ഏറ്റവും വലിയ പോളിങ്ങാണ് ഇത്തവണ നടന്നതെന്നാണ് വിലയിരുത്തുന്നത്. ഔദ്യോഗിക തിരഞ്ഞെടുപ്പിന് മുമ്പേതന്നെ മുന്‍കൂര്‍ വോട്ടിങ് സംവിധാനങ്ങളിലൂടെ 10 കോടിയിലധികംപേരാണ് വോട്ടുചെയ്തത്. 1908-ല്‍ 16 കോടി ജനങ്ങള്‍ വോട്ടുചെയ്തതാണ് അമേരിക്കന്‍ തിരഞ്ഞെടുപ്പുചരിത്രത്തില്‍ ഇതുവരെയുള്ള റെക്കോഡ്. 13.8 കോടിപ്പേരാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തത്.

content highlights: us president election