വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പേ തന്നെ താന്‍ വിജയിച്ചുവെന്ന് പ്രഖ്യാപിക്കല്‍. എതിര്‍ സ്ഥാനാര്‍ഥി ജോ ബൈഡന്റെ ലീഡ് ഉയരുന്നതിന് അനുസരിച്ച്, തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപണം ഉന്നയിക്കല്‍. ഒടുവില്‍ രണ്ടാമൂഴം ലഭിക്കാത്ത യു.എസ്. പ്രസിഡന്റ് പ്രസിഡന്റുമാരുടെ പട്ടികയിലേക്ക് നടന്നുകയറി ഡൊണാള്‍ഡ് ട്രംപ്.

രണ്ടാമൂഴം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ഡൊണാള്‍ഡ് ട്രംപ്. അതുകൊണ്ടാണ് ബൈഡന്‍ കേവലഭൂരിപക്ഷം നേടിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിന് തൊട്ടുമുന്‍പും ഈ തിരഞ്ഞെടുപ്പ് വിജയിച്ചുവെന്ന് ട്രംപ് ട്വീറ്റ് ചെയ്തത്. എന്നാല്‍ പെന്‍സില്‍വേനിയ ഉള്‍പ്പെടെയുള്ള നിര്‍ണായകസംസ്ഥാനങ്ങളില്‍ വിജയിച്ചതോടെ ബൈഡന്‍ ട്രംപിനെ പരാജയപ്പെടുത്തുകയായിരുന്നു.

ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും കേവല ഭൂരിപക്ഷമായ 270ല്‍ അധികം ഇലക്ടറല്‍ വോട്ടുകള്‍ ബൈഡന്‍ നേടിക്കഴിഞ്ഞുവെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. എന്നാല്‍ പരാജയം അംഗീകരിക്കാന്‍ ട്രംപ് ഇനിയും തയ്യാറായിട്ടില്ല.

നമുക്ക് എല്ലാവര്‍ക്കും അറിയാം എന്തുകൊണ്ടാണ് ബൈഡന്‍ വിജയിച്ചതായി തിരക്കിട്ട് ഭാവിക്കുന്നതെന്ന്. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ മാധ്യമ ചങ്ങാതികള്‍ അദ്ദേഹത്തെ സഹായിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നതെന്ന്. സത്യം പുറത്തെത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല-ട്രംപ് പറഞ്ഞു. ലളിതമായ സംഗതി എന്തെന്നാല്‍ ഈ തിരഞ്ഞെടുപ്പ് ഇനിയും കഴിഞ്ഞിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലത്തെ കോടതിയില്‍ ചോദ്യം ചെയ്യുന്നതിനുള്ള നടപടികള്‍ അടുത്തയാഴ്ച ആരംഭിക്കുമെന്നും ട്രംപ് ശനിയാഴ്ച വ്യക്തമാക്കി.

content highlghts: donald trump lost us president election