കല്പറ്റ: നാമനിർദേശപത്രികാസമർപ്പണം കഴിഞ്ഞതോടെ ജില്ലയിൽ പലയിടത്തും വിമതഭീഷണി. കോൺഗ്രസിനാണ് വിമതശല്യം കൂടുതൽ. എൽ.ഡി.എഫിലും ചിലയിടത്ത് വിമതർ രംഗത്തുവന്നിട്ടുണ്ട്. പത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിവസത്തിനകം വിമതരെ പിന്തിരിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. ജില്ലാ പഞ്ചായത്ത് മുട്ടിൽ ഡിവിഷനിൽ പാർട്ടിയുമായി ഇടഞ്ഞ് പത്രിക നൽകിയ ഡി.സി.സി. മുൻ ജനറൽ സെക്രട്ടറി ഗോകുൽദാസ് കോട്ടയിലാണ് വിമതരിൽ പ്രധാനി. ദിവസങ്ങൾനീണ്ട തർക്കത്തിനൊടുവിലാണ് ഇവിടെ യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് സംഷാദ് മരക്കാറെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. രണ്ടുപേരും വ്യാഴാഴ്ച പത്രിക നൽകി.

കല്പറ്റയിൽ വിമതരുടെ പൂരം

കല്പറ്റ നഗരസഭയിൽ യു.ഡി.എഫ്. വിമതരെക്കൊണ്ട് വലയും. 23-ാം വാർഡിൽ ഔദ്യോഗികസ്ഥാനാർഥിക്കുപുറമേ പ്രവർത്തകരായ നാലുപേരാണ് പത്രിക നൽകിയത്. ഇവിടെ പ്രദേശത്തുനിന്നുള്ളവരെ പരിഗണിക്കണമെന്ന ആവശ്യം നേരത്തേ ഉയർന്നിരുന്നു. പാർട്ടിക്കുള്ളിലെ തർക്കം കനത്തോടെ ജോഷി സിറിയക് സ്ഥാനാർഥിയായി. ഇതോടെ ഇടഞ്ഞ പ്രവർത്തകരാണ് കൂട്ടത്തോടെ പത്രിക നൽകിയത്.

15-ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായ കെ. അജിതയ്ക്കുപുറമേ മറ്റൊരു കോൺഗ്രസ് പ്രവർത്തക കൂടി പത്രിക നൽകി. 20-ാം വാർഡിൽ എൻ.ഡി.എ.യുടെ സ്ഥാനാർഥിക്കുപുറമേ പ്രദേശത്തെ ബി.ജെ.പി. പ്രവർത്തകൻ പത്രിക നൽകിയതായും വിവരമുണ്ട്. മൂന്നാം വാർഡിൽ സ്ഥാനാർഥിയുടെ കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. വി. നൗഷാദ്, ഷബ്നാസ് തെന്നാനി എന്നിവർ ഇവിടെ പത്രിക നൽകിയിട്ടുണ്ട്. രണ്ടുപേരും പ്രചാരണരംഗത്താണ്. നൗഷാദാണ് ഔദ്യോഗിസ്ഥാനാർഥിയെന്ന് നേതാക്കൾ പറയുന്നു.

ബത്തേരിയിലും വട്ടംചുറ്റി കോൺഗ്രസ്

ബത്തേരി ബ്ലോക്ക് പഞ്ചായത്തിലും നഗരസഭയിലും യു.ഡി.എഫിന് വെല്ലുവിളിയായി വിമതരുടെ പട. നൂൽപ്പുഴയിൽ എൽ.ഡി.എഫിനും വിമതഭീഷണിയുണ്ട്. ബത്തേരി ബ്ലോക്ക് പഞ്ചായത്തിലെ കോളിയാടി ഡിവിഷനിൽ യു.ഡി.എഫ്. സ്ഥാനാർഥിയായ ഡി.സി.സി. സെക്രട്ടറി എടക്കൽ മോഹനനെതിരേ രണ്ടുപേരാണ് കോൺഗ്രസിൽനിന്ന് പത്രിക നൽകിയത്. കോൺഗ്രസ് ചീരാൽ മണ്ഡലം മുൻ പ്രസിഡന്റും നിലവിലെ സെക്രട്ടറിയുമായ വി.ജെ. തോമസും അഷറഫ് പൈക്കാടനുമാണ് മത്സരരംഗത്തുള്ളത്.

ബത്തേരി നഗരസഭയിൽ കല്ലുവയൽ വാർഡിൽ മുൻ കൗൺസിലറായ കോൺഗ്രസിലെ ലീലാ പാൽപ്പാത്ത് പത്രിക നൽകി. ഇവിടെ കോൺഗ്രസിലെ സാജു ചിരിയൻകണ്ടത്തിലാണ് യു.ഡി.എഫ്. സ്ഥാനാർഥി. സാജുവിനെ അംഗീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചാണ് പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ ലീലാ പാൽപ്പാത്തിനെ രംഗത്തിറക്കിയത്. മന്തണ്ടിക്കുന്നിൽ കോൺഗ്രസിലെ ആർ. രാജേഷ് കുമാറിനെതിരേ കോൺഗ്രസ് വാർഡ് കമ്മിറ്റി നേതാക്കളുടെ പിന്തുണയോടെ അബ്ദുൾ സലാമാണ് മത്സരിക്കുന്നത്. വാർഡിന് പുറത്തുനിന്നുള്ള സ്ഥാനാർഥിയെ നിർത്തിയതിൽ പ്രതിഷേധിച്ചാണ് വിമതനീക്കം. കുപ്പാടി വാർഡിൽ യു.ഡി.എഫ്. സ്ഥാനാർഥിയായ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു പഴുപ്പത്തൂരിനെതിരേ സി.കെ. ഹരിദാസനാണ് മത്സരിക്കുന്നത്. നൂൽപ്പുഴ പഞ്ചായത്തിൽ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന നാലാം വാർഡ് കൊട്ടനോടിൽ എൽ.ഡി.എഫിനാണ് വിമതഭീഷണി. സി.പി.എമ്മിലെ എ.കെ. കുമാരനെതിരേ സണ്ണി തയ്യിലാണ് വിമതനായെത്തിയത്.

മാനന്തവാടിയിൽ ഇരുകൂട്ടർക്കും ഭീഷണി

മാനന്തവാടി നഗരസഭയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും വിമതന്മാർ. 31-ാം ഡിവിഷനായ പാലക്കുളിയിലാണ് സി.പി.എം. സ്ഥാനാർഥിക്കെതിരേ വിമത സ്ഥാനാർഥിയുള്ളത്. യു.ഡി.എഫിനെതിരേ 26-ാം ഡിവിഷനായ താഴയങ്ങാ‌ടിയിലാണ് വിമതൻ മത്സരിക്കുന്നത്. പാലക്കുളി ഡിവിഷനിൽ എ.വി. മാത്യുവാണ് സി.പി.എം. സ്ഥാനാർഥി. ഇദ്ദേഹത്തിനെതിരേ സി.പി.എമ്മിലെ തന്നെ പി.കെ. കുട്ടപ്പനാണ് മത്സരിക്കുന്നത്. എ.വി. മാത്യുവിനെ പ്രാദേശിക പാർട്ടി അണികളുടെ വികാരം മനസ്സിലാക്കാതെയാണ് സ്ഥാനാർഥിയാക്കിയതെന്നും ഇതിൽ പ്രതിഷേധിച്ചാണ് നാമനിർദേശപത്രിക നൽകിയതെന്നും പി.കെ. കുട്ടപ്പൻ പറഞ്ഞു. പാലാക്കുളി മുൻ ബ്രാഞ്ച് സെക്രട്ടറിയാണ് കുട്ടപ്പൻ.

താഴെയങ്ങാടി ലീഗിന്റെ പിന്തുണയുള്ള സ്വതന്ത്രസ്ഥാനാർഥി ബി.ഡി. അരുൺകുമാറിനെതിരേയാണ് കോൺഗ്രസ് പ്രവർത്തകനായ കെ.എം. ഷാജി ബർളി മത്സരിക്കുന്നത്. താഴെയങ്ങാടി പട്ടികജാതി സംവരണ വാർഡാണ്. മത്സരിക്കാൻ യോഗ്യതയുള്ള തന്നെ വാർഡിൽ സ്ഥാനാർഥിയാക്കാമെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞിരുന്നെന്നും എന്നാൽ, വാർഡ് ലീഗിന് നൽകിയ കാര്യം അറിയിച്ചില്ലെന്നും ഷാജു പറയുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മത്സരത്തിനിറങ്ങിയത് 2000മുതൽ 2005വരെ മാനന്തവാടി പഞ്ചായത്തംഗമായിരുന്നു ഷാജു.

പഞ്ചായത്തുകളിലും പ്രശ്നം

പുല്പള്ളി: മുള്ളൻകൊല്ലി, പുല്പള്ളി പഞ്ചായത്തുകളിൽ കോൺഗ്രസ് വിമത സ്ഥാനാർഥികൾ പത്രിക നൽകി. പുല്പള്ളി മരകാവ് 17 വാർഡിൽ ജോമെറ്റ് കോതവാഴക്കലും മുള്ളൻകൊല്ലി രണ്ടാംവാർഡിൽ ജോസ് നെല്ലേടവുമാണ് സ്വതന്ത്ര സ്ഥാനാർഥികളായി പത്രിക നൽകിയത്. ജനവികാരം മനസ്സിലാക്കാതെ നേതൃത്വം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചാണ് സ്വതന്ത്രനായി മത്സരിക്കുന്നതെന്ന് ജോമെറ്റ് പറഞ്ഞു. സാബു കെ. മാത്യു ആണ് കോൺഗ്രസ്‌ സ്ഥാനാർഥി. കോൺഗ്രസിന്റെ ഉറച്ചവാർഡായ മരകാവിൽ ഇതോടെ മത്സരം കടുക്കും. കോൺഗ്രസിൽനിന്ന് രാജിവെച്ചാണ് സജീവ പ്രവർത്തകനായിരുന്ന ജോസ് നെല്ലേടം മത്സരിക്കുന്നത്. മനോജ്‌ ഉതുപ്പനാണ് ഇവിടെ കോൺഗ്രസ്‌ സ്ഥാനാർഥി.

അമ്പലവയൽ പഞ്ചായത്തിലെ പാമ്പളയിൽ സ്വതന്ത്രനായി പത്രിക നൽകിയ ജോമോൻ കുപ്പത്താനത്തിനെ പിന്തുണയ്ക്കാനാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ തീരുമാനം. ലീഗിന് സ്വാധീനമില്ലാത്ത വാർഡിൽ ലീഗ് സ്ഥാനാർഥിയെ നിശ്ചയിച്ചെന്ന് ആരോപിച്ചാണിത്. പി. സൈനുദ്ദീനാണ് ഇവിടെ യു.ഡി.എഫ്. സ്ഥാനാർഥി. എന്നാൽ, താൻ സ്വതന്ത്രനായാണ് മത്സരിക്കുന്നതെന്ന് ജോമോൻ പറഞ്ഞു.

കല്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ തൃക്കൈപ്പറ്റ ഡിവിഷനിലും കോൺഗ്രസിന് വിമത ഭീഷണിയുണ്ട്. സി.എ. അരുൺദേവാണ് ഇവിടെ ഔദ്യോഗികസ്ഥാനാർഥി. മറ്റൊരു കോൺഗ്രസ് നേതാവുകൂടി ഇവിടെ പത്രിക നൽകിയിട്ടുണ്ട്.