Dr Adeela Abdulla
ഡോ. അദീല അബ്ദുള്ള | ഫോട്ടോ : പി ജയേഷ് / മാതൃഭൂമി

കല്പറ്റ: കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ വോട്ട് ചെയ്യാൻ വിമുഖത കാണിക്കുന്ന സാഹചര്യം ഉണ്ടാവാൻ പാടില്ലെന്നും എല്ലാവരെയും പോളിങ് ബൂത്തുകളിൽ എത്തിക്കണമെന്നും കളക്ടർ ഡോ. അദീല അബ്ദുള്ള. തിരഞ്ഞെടുപ്പിനു മുന്നോടിയായി കളക്ടറേറ്റിൽ ചേർന്ന രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. പെരുമാറ്റച്ചട്ടവും ഹരിത പ്രോട്ടോക്കോളും കോവിഡ് മാനദണ്ഡങ്ങളും പൂർണമായി പാലിച്ചാണ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ നടത്തേണ്ടത്.

മദ്യം, പണം, ഭീഷണി എന്നിവ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പരാതി ഉയർന്നാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.

തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷിനുകൾ ഇതിനോടകം സജ്ജമായിട്ടുണ്ട്. വരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും ആവശ്യമായ പരിശീലനപരിപാടികളും പൂർത്തിയാക്കി. പോളിങ് ഉദ്യോഗസ്ഥരുടെ നിയമനം പുരോഗമിക്കുകയാണ്.

യോഗത്തിൽ ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർ കെ. ജയപ്രകാശ്, ഡെപ്യൂട്ടി കളക്ടർ മുഹമ്മദ് യൂസഫ്, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.