തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കായി കളക്ടറേറ്റിൽ എത്തിച്ച വോട്ടർപട്ടികകൾ
കല്പറ്റ: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജില്ലയിൽ തള്ളിയത് 89 പത്രികകൾ. എട്ടെണ്ണം തുടർപരിശോധനകൾക്കായി മാറ്റിവെച്ചു. 4769 പത്രികകളാണ് ആകെ സ്വീകരിച്ചത്. ജില്ലാ പഞ്ചായത്തിൽ 83 സ്ഥാനാർഥികളാണുള്ളത്. ഇവരുടെ പേരിൽ 131 പത്രികകളാണ് സമർപ്പിച്ചിട്ടുള്ളത്. ജില്ലാപഞ്ചായത്തു ഡിവിഷനുകളിലേക്ക് നൽകിയ അഞ്ചു പത്രികകൾ തള്ളി. തിങ്കഴാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാനദിവസം. തിങ്കളാഴ്ചയോടെ മത്സരചിത്രം വ്യക്തമാവും. നഗരസഭകളിൽ കല്പറ്റയിൽ 250 പത്രികകൾ സ്വീകരിച്ചു. മാനന്തവാടി 235, ബത്തേരി 313 എന്നിങ്ങനെയാണ് സ്വീകരിച്ച പത്രികകളുടെ എണ്ണം. ബത്തേരിയിൽ ഒരു വാർഡിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ പത്രിക തള്ളി. മാനന്തവാടി കൊയിലേരി ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക അടുത്തദിവസം വീണ്ടും പരിശോധിക്കാനായി മാറ്റി.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ 115 എണ്ണം സ്വീകരിച്ചു. ബത്തേരിയിൽ 95, കല്പറ്റ 96, പനമരം 101 എന്നിങ്ങനെയാണ് സാധുവായ പത്രികകളുടെ എണ്ണം. ഗ്രാമപ്പഞ്ചായത്തുകളിലും പനമരത്താണ് കൂടുതൽ പത്രികകൾ ഉള്ളത്. 289 പത്രികകളാണ് ഇവിടെ സ്വീകരിച്ചത്. പൊഴുതനയിൽ 14 പത്രികകൾ തള്ളി. തവിഞ്ഞാലിൽ പത്തെണ്ണമാണ് അസാധുവായത്.

പാർട്ടിയിലെ തർക്കം; പിൻമാറുകയാണെന്ന് സ്ഥാനാർഥി

കല്പറ്റ: പാർട്ടിയിലെ തർക്കം കാരണം സ്ഥാനാർഥിത്വത്തിൽനിന്ന് പിൻമാറുന്നതായി യുവകോൺഗ്രസ് നേതാവ്. കല്പറ്റ നഗരസഭ മൂന്നാംവാർഡിലെ യു.ഡി.എഫ്. സ്ഥാനാർഥിയായ വി. നൗഷാദാണ് പത്രിക പിൻവലിക്കുകയാണെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്.

ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നത് നൗഷാദിനെയാണ്.

വ്യാഴാഴ്ച അദ്ദേഹം പത്രിക നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷബ്നാസ് തെന്നാനി വാർഡിൽ നേരത്തേ പ്രചാരണം തുടങ്ങിയിരുന്നു. പാർട്ടി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് മത്സരരംഗത്തിറങ്ങിയതെന്നും പിന്നീട് മറിച്ചൊരു നിർദേശവും പാർട്ടി നേതൃത്വത്തിൽനിന്ന്‌ കിട്ടിയില്ലെന്നും ഷബ്നാസ് വ്യക്തമാക്കിയിരുന്നു. ഇതേച്ചൊല്ലി ചർച്ചകൾ തുടരുന്നതിനിടെയാണ് സുഹൃത്തായ സ്ഥാനാർഥിക്കായി നൗഷാദ് മത്സരരംഗത്തുനിന്ന് പിൻമാറുന്നതായി പ്രഖ്യാപിച്ചത്.

ഭർത്താവിന്റെ പത്രിക തള്ളി; ഭാര്യയുടെ പത്രിക സാധു
സുൽത്താൻബത്തേരി: നഗരസഭയിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ നാമനിർദേശപത്രിക സൂക്ഷ്മപരിശോധനയിൽ തള്ളി. 35-ാം വാർഡായ കൈവട്ടമൂലയിലെ സ്ഥാനാർഥിയായിരുന്ന ജെ.ഡി.എസിലെ ഇല്ലത്ത് കോയയുടെ പത്രികയാണ് തള്ളിയത്.. നഗരസഭയിൽനിന്ന് ഇല്ലത്ത് കോയ ഏറ്റെടുത്ത കരാർപ്രവൃത്തികൾ പൂർത്തികരിക്കാൻ ബാക്കിയുള്ളതിനാലും, പ്രവൃത്തിയുടെ തുക കൈമാറാത്തതിനാലും മത്സരിക്കാൻ യോഗ്യതയില്ലെന്ന് വരണാധികാരി പറഞ്ഞു. ഡമ്മി സ്ഥാനാർഥിയായി പത്രികനൽകിയ ഇല്ലത്ത് കോയയുടെ ഭാര്യ റഹ്മത്ത് കോയയുടെ പത്രിക സ്വീകരിച്ചിട്ടുണ്ട്. റഹ്മത്ത് നേരത്തെ പഞ്ചായത്തംഗമായിട്ടുണ്ട്.