Local Body Electionകല്പറ്റ: കോവിഡ് രോഗികൾക്കും ക്വാറന്റീനിൽ കഴിയുന്നവർക്കുമുള്ള പ്രത്യേക തപാൽ വോട്ടിനുള്ള ആദ്യ ലിസ്റ്റിൽ ജില്ലയിൽ 1632 പേർ. ഇവർക്ക് വോട്ടു രേഖപ്പെടുത്തുന്നതിനുള്ള പ്രത്യേക തപാൽ ബാലറ്റ് പേപ്പറുകൾ ശനിയാഴ്ച മുതൽ അവരുടെ താമസസ്ഥലങ്ങളിലെത്തിക്കും.

വെള്ളിയാഴ്ച വരെയുള്ള കണക്കുപ്രകാരം കോവിഡ് പോസിറ്റീവായ 558 പേരും ക്വാറന്റീനിൽ കഴിയുന്ന 1074 പേരുമാണ് പട്ടികയിലുള്ളത്. ചുമതലപ്പെടുത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനാണ് പ്രത്യേക വോട്ടർമാരുടെ പട്ടിക തയ്യാറാക്കുന്നത്. തപാൽ ബാലറ്റ് പേപ്പറുകൾ വിതരണത്തിനായി ബന്ധപ്പെട്ട വരണാധികാരികൾക്ക് കൈമാറി.

രോഗികളുടെ എണ്ണം ഉയരുമോ

വോട്ടെടുപ്പിന്റെ തലേദിവസമായ ബുധനാഴ്ച വൈകീട്ട് മൂന്നുവരെ കോവിഡ് ബാധിതരാകുന്നവർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും പ്രത്യേക തപാൽ ബാലറ്റ് പേപ്പർ വഴി വോട്ടുചെയ്യാം. ഓരോ ദിവസവും ഹെൽത്ത് ഓഫിസർ പട്ടിക തയ്യാറാക്കി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറും. ബുധനാഴ്ച മൂന്നുമണിക്ക് ശേഷം പോസിറ്റീവാകുന്നവർക്ക് തിരഞ്ഞെടുപ്പ് ദിവസം അവസാനത്തെ ഒരു മണിക്കൂറിൽ പൂർണ സുരക്ഷാക്രമീകരണങ്ങളോടെ ബൂത്തിൽ നേരിട്ടെത്തി വോട്ടു ചെയ്യാം. ഇവർ സ്വന്തം വാഹനങ്ങളിൽ ബൂത്തിലെത്തണം. ആവശ്യമെങ്കിൽ വാഹനം ഏർപ്പാടാക്കുന്ന കാര്യം പിന്നീട് പരിശോധിക്കും. ബൂത്തുകളിൽ പോളിങ് ഉദ്യോഗസ്ഥർ പി.പി.ഇ. കിറ്റ് ഉൾപ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങൾ പാലിച്ചുകൊണ്ട് വോട്ടു ചെയ്യുന്നതിന് സൗകര്യമൊരുക്കും.

അതേസമയം, ജില്ലയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നതിൽ ജില്ലാഭരണകൂടവും ആശങ്കയിലാണ്. കഴിഞ്ഞദിവസങ്ങളിൽ ഇരുനൂറിന് മുകളിലായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. രോഗികളുടെ എണ്ണമുയർന്നാൽ കൂടുതൽ ഉദ്യോഗസ്ഥരെ തപാൽ ബാലറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്തേണ്ടി വരും. കുറ്റമറ്റ രീതിയിൽ ഈ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് ജില്ലാഭരണകൂടത്തിന്റെ ശ്രമം.

പോളിങ് സാമഗ്രികളുടെ വിതരണം ഒമ്പതിന്

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായുള്ള പോളിങ് സാമഗ്രികൾ ഒമ്പതിന് വിതരണം ചെയ്യും. ജില്ലയിലെ ഏഴു വിതരണ കേന്ദ്രങ്ങളിൽനിന്നാണ് നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥർക്ക് സാമഗ്രികൾ വിതരണം ചെയ്യുക. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണകേന്ദ്രം മാനന്തവാടി സെയ്ന്റ് പാട്രിക്‌സ് സ്കൂളിലും സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റേത് ബത്തേരി അസംപ്ഷൻ ഹൈസ്‌കൂളിലും കല്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റേത് കല്പറ്റ എസ്.കെ.എം.ജെ. ഹയർസെക്കൻഡറി സ്‌കൂളിലും പനമരം ബ്ലോക്ക് പഞ്ചായത്തിന്റേത് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലുമാണ് ഒരുക്കിയിട്ടുള്ളത്. മാനന്തവാടി നഗരസഭയുടെ വിതരണ കേന്ദ്രം മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലും സുൽത്താൻബത്തേരി നഗരസഭയുടേത് ബത്തേരി അസംപ്ഷൻ എച്ച്.എസ്. സ്‌കൂളിലും, കല്പറ്റ നഗരസഭയുടേത് കല്പറ്റ എസ്.ഡി.എം.എൽ.പി. സ്കൂളുമാണ്. തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായതിനുശേഷം വോട്ടിങ് യന്ത്രങ്ങൾ സ്വീകരിച്ച് സൂക്ഷിക്കുന്നതും വോട്ടെണ്ണുന്നതും വിതരണ കേന്ദ്രങ്ങളിൽ തന്നെയായിരിക്കും.