ബി.ജെ.പി. ജില്ലാ പ്രസിഡന്റ് സജി ശങ്കർ, എ.കെ. ശ്രീജിത്തിനോട് സംസാരിക്കുന്നു.

*ഇക്കുറി നേരത്തേ കളത്തിലിറങ്ങിയത് ബി.ജെ.പി.യാണ്. വോട്ടെടുപ്പിന് ദിവസങ്ങൾമാത്രം ശേഷിക്കേ എന്തൊക്കെയാണ് പ്രതീക്ഷകൾ

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 14 സീറ്റാണ് ബി.ജെ.പി. നേടിയത്. 13 പഞ്ചായത്തംഗങ്ങളും ഒരു നഗരസഭാംഗവുമാണ് പാർട്ടിക്കുണ്ടായിരുന്നത്. ആറിടത്ത് ഭരണം തീരുമാനിക്കുന്നതിൽ നിർണായക ശക്തിയാവാൻ കഴിഞ്ഞെങ്കിലും രണ്ടു മുന്നണികളെയും അകറ്റി നിർത്തി ശരിയുടെ പക്ഷത്താണ് അഞ്ചുവർഷവും നിലയുറപ്പിച്ചത്. ഇത്തവണ പതിന്മടങ്ങ് സീറ്റുകൾ ഞങ്ങൾ നേടും. 114 സീറ്റിൽ ജയിക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഗ്രാമ, ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ബി.ജെ.പി.ക്ക് പ്രാതിനിധ്യമുണ്ടാവും. രണ്ടു പഞ്ചായത്തുകളിൽ ഭരണം ഉറപ്പാണ്. മറ്റിടങ്ങളിൽ നിർണായക ശക്തിയാവും.

*എന്തൊക്കെയാണ് ഈ ആത്മവിശ്വാസത്തിനു പിന്നിലെ ഘടകങ്ങൾ

മൂന്നുമാസം മുമ്പുതന്നെ തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ചിട്ടയായ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. കഴിഞ്ഞ തവണ ജനങ്ങളെ സമീപിക്കാൻ ഞങ്ങൾക്ക് കാര്യമായൊന്നുമുണ്ടായിരുന്നില്ല. ഇത്തവണ കേന്ദ്രസർക്കാരിന്റെ കിസാൻ സമ്മാൻ നിധി പോലുള്ള എന്തെങ്കിലും ആനൂകൂല്യം കിട്ടാത്ത ഒരു വീടുപോലുമില്ല. സാധാരണക്കാരെ പരിഗണിക്കുന്ന കേന്ദ്രസർക്കാരിന്റെ തുടർച്ചയാണ് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ‘നരേന്ദ്രമോദിക്ക് ഒരു വോട്ട്, വികസനത്തിന് ഒരു വോട്ട്’ എന്ന സന്ദേശവുമായാണ് വോട്ടർമാരെ സമീപിക്കുന്നത്. പൂർണ ഐക്യത്തോടെയാണ് സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയത്. പതിവിനു വിപരീതമായി സംഘപരിവാറും ഒറ്റക്കെട്ടായി രംഗത്തിറങ്ങി നേതൃത്വം ഏറ്റെടുത്തിട്ടുണ്ട്.

*എന്തൊക്കെയാണ് പ്രധാന പ്രചാരണായുധങ്ങൾ?

എൽ.ഡി.എഫും യു.ഡി.എഫും നൽകിയ ഒരു വാഗ്ദാനവും പാലിച്ചിട്ടില്ല. മെഡിക്കൽ കോളേജിന്റെ കാര്യത്തിലായാലും ബദൽ റോഡുകളുടെ കാര്യത്തിലായാലും രാത്രിയാത്രാ നിരോധനമായാലും. ഇതു തുറന്നുകാണിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. വയനാട് മെഡിക്കൽ കോളേജ് തന്നെയാണ് പ്രധാന വിഷയം. രണ്ടുമുന്നണികളും ഇക്കാര്യത്തിൽ പ്രതിസ്ഥാനത്താണ്. വലിയ അഴിമതി ഇക്കാര്യത്തിൽ നടന്നിട്ടുണ്ട്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ടിനെത്തുടർന്നാണ് സൗജന്യമായി കിട്ടിയ സ്ഥലം ഉപേക്ഷിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. അങ്ങനെയൊരു റിപ്പോർട്ടുണ്ടെങ്കിൽ അതു പുറത്തുവിടാൻ ഞങ്ങൾ വെല്ലുവിളിക്കുന്നു. അങ്ങനെചെയ്താൽ ജനം എൽ.ഡി.എഫിന് വോട്ടുചെയ്യും. കമ്മിഷൻ അടിച്ചുമാറ്റാനാണ് സ്വകാര്യമെഡിക്കൽ കോളേജ് ഏറ്റെടുക്കാനുള്ള നീക്കം. മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. കോവിഡ് കാലത്ത് മെഡിക്കൽ കോളേജുപോലെ വിദഗ്ധ ചികിത്സാസൗകര്യങ്ങളില്ലാത്തതിന്റെ പ്രയാസം വയനാട് അനുഭവിക്കുന്നുണ്ട്.

*യു.ഡി.എഫും ബി.ജെ.പി.യും തമ്മിൽ രഹസ്യബന്ധമുണ്ടെന്നാണ് സി.പി.എമ്മിന്റെ ആരോപണം. അതുകൊണ്ടാണ് എല്ലായിടത്തും സ്ഥാനാർഥികളെ നിർത്താത്തതെന്നും അവർ പറയുന്നു.

64 ഇടത്താണ് ഞങ്ങൾക്ക് സ്ഥാനാർഥികളില്ലാത്തത്. പൂർണമായും സ്വാധീനമില്ലാത്ത സ്ഥലങ്ങളാണവ. അവിടെ സി.പി.എം., കോൺഗ്രസ് ബന്ധമില്ലാത്ത, സഹകരിക്കാനാവുന്ന സ്വതന്ത്രരെ പിന്തുണയ്കും. കഴിഞ്ഞ തവണയുള്ളതിന്റെ ഇരട്ടി സ്ഥാനാർഥികളെ ഇത്തവണ നിർത്തിയിട്ടുണ്ട്. ബി.ജെ.പി. കൂടുതൽ സീറ്റുപിടിക്കുമെന്ന് മനസ്സിലാക്കി സി.പി.എം.-കോൺഗ്രസ് ധാരണ രൂപപ്പെട്ടിട്ടുണ്ട്.

തൊണ്ടർനാട് പോലുള്ള പഞ്ചായത്തുകളിലെ പല വാർഡുകളിലും ബി.ജെ.പി.യെ തോൽപ്പിക്കാൻ ദുർബല സ്ഥാനാർഥികളെ നിർത്തി പരസ്പരം സഹായിക്കുകയാണവർ. വെൽഫെയർ പാർട്ടിയുമായാണ് കോൺഗ്രസ് കൂട്ടുകൂടിയിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരേയും വികാരമുണ്ട്. ഇതുരണ്ടും രണ്ടുകൂട്ടർക്കും ദോഷം ചെയ്യുകയും ഞങ്ങളെ സഹായിക്കുകയും ചെയ്യും.