Local Body Electionസുൽത്താൻബത്തേരി/ മാനന്തവാടി: തദ്ദേശ തിരഞ്ഞെടുപ്പിൽ തലപൊക്കിയ വിമതശല്യം കോൺഗ്രസിന് തലവേദനയായി തുടരുന്നു. ബത്തേരിയിൽ നടപടി നേരിട്ടവർ നേതൃത്വത്തിനെതിരേ രംഗത്തുവന്നു. മാനന്തവാടിയിൽ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിയെ പാർട്ടിയിൽനിന്നു പുറത്താക്കി.

താഴെത്തട്ടിലുള്ള പ്രവർത്തകരുടെ വികാരം മാനിക്കാതെയാണ് ബത്തേരി നഗരസഭയിലെ മന്തണ്ടിക്കുന്നിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്ന് കോൺഗ്രസിൽനിന്ന് കഴിഞ്ഞദിവസം പുറത്താക്കപ്പെട്ട ടോമി മലവയൽ, കെ.ഒ. ജോയ്, ജോമി കാണിയാടൻ എന്നിവരാണ് പത്രസമ്മേളനത്തിൽ ആരോപിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി കെ.പി.സി.സി. പുറത്തിറക്കിയ സർക്കുലർ പ്രകാരം ഓരോ വാർഡിലെയും സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള അവകാശം അതത് വാർഡ് കമ്മിറ്റികൾക്കാണ്.

ഇതുപ്രകാരം മന്തണ്ടിക്കുന്ന് വാർഡിൽനിന്ന് വിജയസാധ്യത മുൻനിർത്തി മൂന്നുപേരുകൾ മേൽക്കമ്മിറ്റിക്ക് നൽകിയിരുന്നു. എന്നാൽ, ഇത് പരിഗണിക്കാതെയും പ്രദേശത്തെ ഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകരുടെയും അനുഭാവികളുടെയും എതിർപ്പ് ഗൗനിക്കാതെയുമാണ് ഡി.സി.സി. സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഡി.സി.സി.യുടെ ജനവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് തങ്ങൾ പൊതുസമ്മതനായ അബ്ദുൾ സലാമിനെ സ്വതന്ത്രസ്ഥാനാർഥിയാക്കിയത്. കെ.പി.സി.സി.യുടെ നിർദേശം അംഗീകരിക്കുകയും നടപ്പാക്കുകയും മാത്രമാണ് തങ്ങൾ ചെയ്തത്. തങ്ങളെ പാർട്ടിയിൽനിന്ന് പുറത്താക്കിയ നടപടിക്കെതിരേ കെ.പി.സി.സി.ക്ക്‌ പരാതി നൽകും.

ബത്തേരിയിലെ നേതാക്കളിൽ ചിലർ പാർട്ടിയെ വിൽപ്പനച്ചരക്കാക്കി മാറ്റുകയാണ്. നേതൃത്വത്തിന്റെ തെറ്റായ നിലപാടുകൾക്കെതിരേ പ്രവർത്തകർ നൽകുന്ന ശക്തമായ താക്കീതാണ് മന്തണ്ടിക്കുന്നിലെ സ്വതന്ത്രസ്ഥാനാർഥിത്വമെന്നും ഇവർ പറഞ്ഞു.

മാനന്തവാടിയിലും നടപടി

വിമത സ്ഥാനാർഥിക്കുവേണ്ടി പ്രചാരണം നടത്തിയ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് വി.കെ. ജോസിനെയാണ് ഡി.സി.സി. പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. പുറത്താക്കിയത്. മാനന്തവാടി നഗരസഭയിലെ കുഴിനിലം ഡിവിഷനിൽ വിമത സ്ഥാനാർഥിയായി മത്സരിക്കുന്ന ലേഖാ രാജീവനുവേണ്ടി പ്രചാരണം നടത്തിയതിനാണ് നടപടി. ആഷാ ഐപ്പാണ് ഇവിടെ ഒൗദ്യോഗിക സ്ഥാനാർഥി. ലേഖാ രാജീവിനായി വീട് സന്ദർശനമടക്കമുള്ള പ്രചാരണപരിപാടികളിൽ ജോസ് പങ്കെടുത്തുവെന്നാണ് പാർട്ടിയുടെ കണ്ട‌െത്തൽ.

പി.വി. ജോണിനെതിരേ 2015-ലെ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചതിന് ലേഖാ രാജീവനെയും ജോസിനെയും അന്ന് കോൺഗ്രസ് പുറത്താക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, ഡി.ഡി.സി. ജനറൽ ജനറൽ സെക്രട്ടറിയായിരുന്ന ജോൺ ആത്മഹത്യ ചെയ്ത സംഭവം വൻ വിവാദമായിരുന്നു. കെ.പി.സി.സി. നിയോഗിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ നടപടി. പിന്നീട് ഇരുവരെയും പാർട്ടിയിലേക്ക് തിരിച്ചെടുത്തെങ്കിലും സ്ഥാനങ്ങൾ നൽകിയിരുന്നില്ല. പി.വി. ജോണിന്റെ ഓർമദിനമായ കഴിഞ്ഞ നവംബർ എട്ടിനാണ് ജോസിന് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനം നൽകിയത്. ജോണിനെതിരേ പ്രവർത്തിച്ച വ്യക്തിക്ക് ജോണിന്റെ ഓർമദിനത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം നൽകിയതിൽ അണികൾക്കിടയിലും, നേതാക്കൾക്കിടയിലും അമർഷമുണ്ടായിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കുഴിനിലത്ത് വിമത സ്ഥാനാർഥിയായതോടെയാണ് ലേഖാ രാജീവനെ വീണ്ടും പുറത്താക്കിയത്. തൊട്ടുപിന്നാലെയാണ് ജോസും പാർട്ടിക്ക് പുറത്തായത്.