കല്പറ്റ: ഇരുമുന്നണികളുടെയും പരമ്പരാഗത ശക്തികേന്ദ്രങ്ങൾ കടപുഴകിയ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫിന് മേൽക്കൈ. തങ്ങൾക്ക് എക്കാലവും ആധിപത്യമുണ്ടായിരുന്ന ജില്ലാ പഞ്ചായത്തിൽ ആ മേധാവിത്വം നഷ്ടപ്പെട്ടത് പക്ഷേ, തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ ആഞ്ഞുവീശിയ ഇടതുതരംഗത്തിലും പിടിച്ചുനിന്ന യു.ഡി.എഫിന് പ്രഹരമായി.

16 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫും യു.ഡി.എഫും എട്ടുവീതം സീറ്റുകൾ നേടിയതോടെ ഭരണം നറുക്കെടുപ്പിലൂടെ തീരുമാനിക്കും. വെള്ളമുണ്ട, പനമരം, എടവക, മേപ്പാടി എന്നിവ പിടിച്ചെടുത്ത എൽ.ഡി.എഫ്. തിരുനെല്ലി, പൊഴുതന, അമ്പലവയൽ, മീനങ്ങാടി എന്നിവ നിലനിർത്തി. ചീരാൽ പിടിച്ചെടുത്ത യു.ഡി.എഫ്. മുട്ടിൽ, തവിഞ്ഞാൽ, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തോമാട്ടുചാൽ, പുല്പള്ളി, മുള്ളൻകൊല്ലി എന്നിവ നിലനിർത്തി. കെ.എൽ. പൗലോസ്, കെ.കെ. വിശ്വനാഥൻ തുടങ്ങിയ മുതിർന്ന നേതാക്കൾ തോറ്റത് കോൺഗ്രസിൽ വരുംദിവസങ്ങളിൽ കലഹത്തിന് വിത്താവും.

ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാനുറച്ച് തുടക്കം മുതലേ ചിട്ടയായി പ്രവർത്തിച്ച എൽ.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമായെങ്കിലും വൻ മുന്നേറ്റം കാഴ്ചവെക്കാനായി. കോൺഗ്രസിൽനിന്ന് തെറ്റിപ്പിരിഞ്ഞവർ രൂപവത്കരിച്ച ഡി.ഐ.സി.യുടെ സഹായത്തോടെ ഒരു തവണ എൽ.‍ഡി.എഫ്. ഭരണസാരഥ്യത്തിലെത്തിയതൊഴിച്ചാൽ വയനാട് ജില്ലാ പഞ്ചായത്ത് എന്നും ഐക്യമുന്നണിക്കൊപ്പമായിരുന്നു. ഗ്രാമപ്പഞ്ചായത്തുകളിൽ എൽ.ഡി.എഫ്. മേധാവിത്വം നേടിയ കാലത്തുപോലും ആ പതിവ് തെറ്റിയിരുന്നില്ല. അതുകൊണ്ടുതന്നെ ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലും മേധാവിത്വം നഷ്ടപ്പെട്ട എൽ.ഡി.എഫിന് ജില്ലാ പഞ്ചായത്തിലെ നേട്ടം ആവേശം പകരും.

കല്പറ്റ, മാനന്തവാടി നഗരസഭകളിൽ വിജയക്കൊടി പാറിച്ച യു.ഡി.എഫ്. 15 ഗ്രാമപ്പഞ്ചായത്തുകളിലും മുന്നേറി. ബ്ലോക്ക് പഞ്ചായത്തുകൾ രണ്ടുവീതം ഇരുകൂട്ടരും നേടി. ബത്തേരിക്കു പുറമെ മാനന്തവാടിയും എൽ.‍ഡി.എഫ്. പിടിച്ചെടുത്തു. പനമരവും കല്പറ്റയും യു.ഡി.എഫ്. നിലനിർത്തി. കഴിഞ്ഞ തവണ 15 ഗ്രാമപ്പഞ്ചായത്തുകളിൽ ഭരണത്തിലെത്തിയ എൽ.ഡി.എഫിന് ഇക്കുറി ഏഴെണ്ണംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. വലിയ പ്രതീക്ഷകളുമായെത്തിയ ബി.ജെ.പി.ക്ക് ജില്ലയിൽ ചലനമുണ്ടാക്കാനായില്ല.

ശക്തികേന്ദ്രങ്ങളിൽ ഇരുകൂട്ടർക്കും കാലിടറി, ലീഗ് കോട്ടകൾ തകർന്നു

കാലങ്ങളായി എൽ.ഡി.എഫ്. മാത്രം ജയിക്കാറുള്ള നൂൽപ്പുഴ, മീനങ്ങാടി, കോട്ടത്തറ, പഞ്ചായത്തുകൾ യു.ഡി.എഫും യു.ഡി.എഫ്. കോട്ടകളായ വെള്ളമുണ്ട, അമ്പലവയൽ എന്നിവ എൽ.ഡി.എഫും പിടിച്ചെടുത്തതാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ ഏറ്റവും ശ്രദ്ധേയം.

തിരുനെല്ലിയിലെ മുഴുവൻ സീറ്റുകളും എൽ.ഡി.എഫ്. നേടി. കനത്ത മത്സരം നടന്ന വെള്ളമുണ്ട കൈവിട്ടുപോയത് ലീഗ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഗ്രാമപ്പഞ്ചായത്തിനൊപ്പം വെള്ളമുണ്ട ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മുതിർന്ന നേതാവ് പി.കെ. അസ്മത്ത് പരാജയപ്പെട്ടതും ലീഗിന് കനത്ത പ്രഹരമായി.

ബത്തേരി നഗരസഭയിൽ ലീഗ് കോട്ടകളായി കരുതപ്പെടുന്ന ചെതലയം, ഫെയർലാൻഡ്, കൈപ്പഞ്ചേരി, മണിച്ചിറ, തുടങ്ങിയവ കൈവിട്ടതും ലീഗിനെ ഞെട്ടിച്ചു. കല്പറ്റ നഗരസഭയിലെ വിജയം മാത്രമാണ് ലീഗിന് ആശ്വാസം. മാനന്തവാടിയിൽ യു.ഡി.എഫ്. ഭരണം നേടിയെങ്കിലും ലീഗിന് ഒരു സീറ്റ് കുറഞ്ഞു. രണ്ടു പഞ്ചായത്തുകളുടെ ഭരണം പിടിക്കുമെന്ന് അവകാശവാദമുന്നയിച്ച എൻ.ഡി.എ.യ്ക്ക് ഒരിടത്തുപോലും സീറ്റുകളുടെ എണ്ണത്തിൽ രണ്ടക്കം തികയ്ക്കാനായില്ല. എട്ടു ഗ്രാമപ്പഞ്ചായത്തുകളിലായി ആകെ 13 സീറ്റുകളിലാണ് എൻ.ഡി.എ. സ്ഥാനാർഥികൾ വിജയിച്ചത്. 2015-ൽ ഒരു നഗരസഭയിലും ഒമ്പത് ഗ്രാമപ്പഞ്ചായത്തുകളിലുമായി 14 സീറ്റുകൾ നേടിയിരുന്നു.

നൂൽപ്പുഴ പഞ്ചായത്ത് രൂപവത്കരിച്ച ശേഷം ആദ്യമായാണ് യു.ഡി.എഫ്. അധികാരത്തിൽവരുന്നത്. 40 വർഷത്തിനിടെ ഒരു തവണ മാത്രമാണ് ഇവിടെ എൽ.ഡി.എഫിന് ഭരണം നഷ്ടമായത്. 2010-ൽ യു.ഡി.എഫും ബി.ജെ.പി.യും ചേർന്നായിരുന്നു ഭരണംപിടിച്ചത്. ഇത്തവണ 17 സീറ്റിൽ ഒമ്പതിടത്തും യു.ഡി.എഫ്. സ്ഥാനാർഥികൾ വിജയിച്ചു.

അമ്പലവയൽ പഞ്ചായത്ത് ഭരണം രണ്ടുപതിറ്റാണ്ടിനുശേഷമാണ് എൽ.ഡി.എഫ്. തിരിച്ചുപിടിച്ചത്. ഒരുകാലത്ത് യു.ഡി.എഫ്. കോട്ടയെന്ന് അറിയപ്പെട്ടിരുന്ന ബത്തേരി നഗരസഭയിൽ ഇത്തവണ എൽ.ഡി.എഫ്. വൻമുന്നേറ്റമാണ് നടത്തിയത്. 35 വാർഡുകളിൽ 23 എണ്ണം എൽ.ഡി.എഫ്. പിടിച്ചെടുത്തു. യു.ഡി.എഫ്. പത്തുസീറ്റിൽ മാത്രമൊതുങ്ങി.

എൻ.ഡി.എ.യ്ക്ക് നിലമെച്ചപ്പെടുത്താനായില്ലെന്നുമാത്രമല്ല, കഴിഞ്ഞ തവണ നേടിയ ഒരു സീറ്റ് നിലനിർത്താനുമായില്ല.

എൽ.ഡി.എഫ്. കോട്ടയായിരുന്ന കോട്ടത്തറ പഞ്ചായത്തിൽ യു.ഡി.എഫ്. ആറു വാർഡുകളിലാണ് ജയിച്ചത്. എൽ.ഡി.എഫും യു.ഡി.എഫും തുല്യസീറ്റുകൾ നേടിയ പനമരത്ത് എൻ.ഡി.എ. അംഗത്തിന്റെ നിലപാട് നിർണായകമാവും. ആകെയുള്ള 23 വാർഡുകളിൽ 11 സീറ്റുകളാണ് എൽ.ഡി.എഫും യു.ഡി.എഫും നേടിയത്. ശേഷിക്കുന്ന ഒരു സീറ്റിൽ എൻ.ഡി.എ സ്ഥാനാർഥിയാണ് ജയിച്ചത്.