മീനങ്ങാടി: ബലാബലം നടന്ന പോരിനൊടുവിൽ മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് യു.ഡി.എഫ്. പിടിച്ചെടുത്തു. ആകെയുള്ള 19 സീറ്റിൽ പത്തിടത്ത് ജയിച്ചാണ് യു.ഡി.എഫ്. അധികാരത്തിലെത്തിയത്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും പരിചിത മുഖവുമായ കെ.ഇ. വിനയൻ പടനയിച്ചപ്പോൾ ഒന്നരപ്പതിറ്റാണ്ടത്തെ എൽ.ഡി.എഫ്. ഭരണത്തിന് തിരശ്ശീലവീണു.

കോവിഡ് കാലത്ത് നവമാധ്യമങ്ങളിലൂടെ പ്രചാരണരംഗം പിടിച്ചെടുത്ത യു.ഡി.എഫ്. വിജയം പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞതവണ 16 സീറ്റ് നേടിയ എൽ.ഡി.എഫ്. ഇക്കുറി ഒമ്പതിടത്തേക്ക് ചുരുങ്ങി. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളെന്ന് വിശ്വസിച്ചിരുന്ന വാർഡുകൾപോലും ഇക്കുറി യു.ഡി.എഫിനെ തുണച്ചു. 40 വർഷമായി എൽ.ഡി.എഫ്. വിജയിച്ച ചൂതുപാറയിൽ യു.ഡി.എഫ്. സ്വതന്ത്രൻ ടി.എസ്. ജനീവ് വിജയിച്ചു. എൽ.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളായ ആവയൽ, കൊളഗപ്പാറ, കാപ്പിക്കുന്ന് വാർഡുകളും യു.ഡി.എഫ്. പിടിച്ചെടുത്തു.