O R Keluഗ്രാമപ്പഞ്ചായത്ത് അംഗമാവുകയെന്നത് പൊതുപ്രവർത്തകന്റെ ജീവിതത്തെ മാറ്റിമറിക്കുന്ന അനുഭവമാണെന്നു പറയും -ഒ.ആർ. കേളു എം.എൽ.എ. ഗ്രാമജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളും വികസനവും ചർച്ചയാകുന്ന വേദിയിലെ അരങ്ങേറ്റമാണ് പിൽക്കാലത്ത് നിയമസഭാ സമാജികനായി മാറിയപ്പോൾ കാര്യങ്ങളെല്ലാം എളുപ്പമാക്കിയത്. സാധാരണക്കാരുടെ ജീവിതപരിസരങ്ങളെ അടുത്തറിയുന്നയാൾ എന്നനിലയിൽ തിരുനെല്ലി പഞ്ചായത്തിന്റെയും മാനന്തവാടി മണ്ഡലത്തിന്റെയും എല്ലാ കോണുകളും മനഃപാഠമാണ്. ഒന്നര പതിറ്റാണ്ടുനീണ്ട ഗ്രാമപ്പഞ്ചായത്ത് തലത്തിലെ പ്രവർത്തനമാണ് ഇതിനെല്ലാം സഹായകരമായത്.

കാടും നാടും ജീവിതത്തോടു ചേർത്തുപിടിക്കുന്ന തിരുനെല്ലിയിൽ ഒന്നരപ്പതിറ്റാണ്ടുനീണ്ട പഞ്ചായത്തനുഭവങ്ങളുണ്ട് ഒ.ആർ. കേളുവിന്. പതിനഞ്ചു വർഷം തിരുനെല്ലി പഞ്ചായത്തംഗമായിരുന്നു. പത്തുവർഷം അമരക്കാരനുമായി. 2000-ലാണ് ആദ്യമായി ആലത്തൂർ വാർഡിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 2005 മുതൽ 2015 വരെ പ്രസിഡന്റ് പദവിയിയിൽ. അതിനുശേഷം മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗമായി. ബ്ലോക്ക് പഞ്ചായത്തംഗമായി തുടരവെയാണ് നിയമസഭയിലേക്ക് മാനന്തവാടിയിൽ മത്സരത്തിനിറങ്ങുന്നത്. മുൻമന്ത്രി യു.ഡി.എഫിലെ പി.കെ. ജയലക്ഷ്മിയെ പരാജയപ്പെടുത്തി നിയമസഭയിലെത്തി.

പഞ്ചായത്തംഗം ആയപ്പോഴും കർഷകന്റെ കുപ്പായം അഴിച്ചുവെച്ചിരുന്നില്ല. സമയം കിട്ടുന്നതുപോലെ വീട്ടിലെ കൃഷിയിടത്തിൽ എല്ലാവിളകളും കൃഷിചെയ്യും. എം.എൽ.എ. ആയതോടെയാണ് ഇതിനൽപ്പം കുറവുവന്നത്. എങ്കിലും കിട്ടുന്നസമയം കൃഷിയിടത്തിൽ ചെലവിടാനാണിഷ്ടം. സാധാരണ പാരമ്പര്യ കർഷകകുടുംബത്തിലാണ് ജനിച്ചുവളർന്നത്. മിക്കവരും പൊതുപ്രവർത്തനത്തിന്റെ ഭാഗമാവുമ്പോൾ തൊഴിലുകളിൽനിന്നെല്ലാം അകന്നുപോകും. തിരുനെല്ലിപോലുള്ള സ്ഥലങ്ങളിൽ കൃഷിയും ഗ്രാമജീവിതവും ഒഴിച്ചുള്ള മറ്റൊരുജീവിതം സാധ്യമല്ലെന്ന് ഒ.ആർ. കേളു എന്ന കർഷകൻ പറയും. മത്സ്യക്കൃഷിയും ഇപ്പോൾ തുടങ്ങിയിട്ടുണ്ട്.

പഞ്ചായത്തിന്റെ നേതൃത്വം ഏറ്റെടുത്തിരുന്ന കാലത്തും ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾക്കെല്ലാം മുന്തിയ പരിഗണന നൽകിയാണ് പ്രവർത്തിച്ചത്. ഗ്രാമതലത്തിൽ വളർന്ന പൊതുപ്രവർത്തനം അങ്ങിനെ നിയമസഭയിലേക്കുള്ള വഴികാണിച്ചു.