Local Body Electionകല്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനായി നാമനിർദേശ പത്രിക സമർപ്പിക്കേണ്ട ആദ്യദിനം സ്ഥാനാർഥികളാരുമെത്തിയില്ല. രാവിലെ 11 മുതൽ വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും ഓഫീസുകളിൽ പത്രികകൾ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. പ്രധാന മുന്നണികളുടെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം നടക്കുന്നതോടെ വരുംദിവസങ്ങളിലായിരിക്കും സ്ഥാനാർഥികൾ പത്രികകൾ സമർപ്പിക്കുക.

ജില്ലയിലും തിരഞ്ഞെടുപ്പ് പ്രക്രിയതുടങ്ങി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നോട്ടീസുകൾ വരണാധികാരികൾ ഔദ്യോഗിക നോട്ടീസ് ബോർഡുകളിൽ വ്യാഴാഴ്ച രാവിലെ 11 മണിയോടെ പതിച്ചു. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള നോട്ടീസ് വരണാധികാരി കൂടിയായ കളക്ടർ ഡോ. അദീല അബ്ദുള്ള കളക്ടറേറ്റ് നോട്ടീസ് ബോർഡിൽ പതിച്ചു. ഉപവരണാധികാരി എ.ഡി.എം. കെ. അജീഷ് പങ്കെടുത്തു.

കൂടുതൽ സമ്മതിദായകർ മാനന്തവാടിയിൽ

ഏറ്റവുംകൂടുതൽ സമ്മതിദായകരുള്ള പോളിങ് സ്റ്റേഷൻ മാനന്തവാടി നഗരസഭയിലെ ഡിവിഷൻ 26 താഴെയങ്ങാടിയിലെ ഒന്നാം നമ്പർ ബൂത്താണ്. 1466 വോട്ടർമാരാണ് ഇവിടെ വോട്ടവകാശം വിനിയോഗിക്കാൻ എത്തുക. നൂൽപ്പുഴ പഞ്ചായത്തിലെ 12-ാം വാർഡ് ചെട്ട്യാലത്തൂരിലെ രണ്ടാം നമ്പർ ബൂത്താണ് ഏറ്റവുംകുറവ് വോട്ടർമാരുള്ള പോളിങ് സ്റ്റേഷൻ. 168 വോട്ടർമാരാണ് ഇവിടെയുള്ളത്. വെള്ളമുണ്ട പഞ്ചായത്തിലെ പഴഞ്ചന, നൂൽപ്പുഴയിലെ ചെട്ട്യാലത്തൂർ, പുല്പള്ളിയിലെ കോളറാട്ടുകുന്ന് എന്നിവിടങ്ങളിൽ മൂന്ന് പോളിങ് സ്റ്റേഷനുകൾ വീതമുണ്ട്. ജില്ലയിലാകെ 6,19,793 വോട്ടർമാരാണ് ഇത്തവണ വിവിധ പോളിങ് സ്റ്റേഷനുകളിലേക്കായി എത്തുക.