കല്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 112 ബൂത്തുകളിൽ മാവോവാദി ഭീഷണി. ഇവിടങ്ങളിൽ അധിക സുരക്ഷയൊരുക്കും. വൈത്തിരി, ബാണാസുര വാളാരംകുന്ന് ഏറ്റുമുട്ടലുകളിൽ രണ്ടു മാവോവാദിനേതാക്കൾ കൊല്ലപ്പെട്ട പശ്ചാത്തലം കൂടി കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനുള്ള ശ്രമമുണ്ടാവുമെന്നാണ് അധികൃതരുടെ നിഗമനം. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായി മാവോവാദികൾ കോളനികളിലും മറ്റുമെത്തുമെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങൾ നേരത്തേ റിപ്പോർട്ടുചെയ്തിരുന്നുവെങ്കിലും ഇതുവരെ അത്തരം സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ജില്ലയിലെ 112 ബൂത്തുകളിൽ അധിക സുരക്ഷയൊരുക്കുമെന്ന് കളക്ടർ ഡോ. അദീല അബ്ദുള്ള പറഞ്ഞു. ഇവിടെ മറ്റു ജില്ലകളിൽനിന്നുള്ള പോലീസുകാരെയും വിന്യസിക്കും. പട്രോളിങ്ങും ശക്തിപ്പെടുത്തുമെന്നും അവർ പറഞ്ഞു.

പട്ടിക തയ്യാറാക്കുക മെഡിക്കൽ ഓഫീസർ

പ്രത്യേകം ചുമതല നൽകിയ ജില്ലാതല മെഡിക്കൽ ഓഫീസറാണ് പ്രത്യേക വോട്ടർമാരുടെ പട്ടിക തയ്യാറാക്കുക. ജില്ലയിൽ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ടി.പി. അഭിലാഷിനെയാണ് നിയമിച്ചിരിക്കുന്നത്. കോവിഡ് പോസിറ്റീവ്, ക്വാറന്റീനിൽ കഴിയുന്നവർ എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളാക്കി പഞ്ചായത്ത്/നഗരസഭ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കുന്നത്. ക്വാറന്റീനിൽ കഴിയുന്നവരുടെ ഗ്രൂപ്പ് വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കും.

പോളിങ് ഓഫീസർ വോട്ടറെ തേടിയെത്തും

തപാൽ വോട്ട് രേഖപ്പെടുത്തുന്നതിന് സ്പെഷ്യൽ പോളിങ് ഓഫീസറും സ്പെഷ്യൽ പോളിങ് അസിസ്റ്റന്റും അടങ്ങിയ പ്രത്യേക സംഘം വോട്ടറുടെ താമസ കേന്ദ്രങ്ങളിലെത്തും. തപാൽ ബാലറ്റ് സ്വീകരിക്കാനും നിരസിക്കാനും വോട്ടർക്ക് അവകാശമുണ്ട്. ബാലറ്റ് സ്വീകരിച്ച ശേഷം വോട്ട് രേഖപ്പെടുത്തി സ്പെഷ്യൽ പോളിങ് ഓഫീസർക്ക് കൈമാറാത്തവർ വോട്ടെണ്ണൽ അവസാനിക്കുന്നതിനുമുമ്പ് രജിസ്‌ട്രേഡ് തപാലിലോ നേരിട്ടോ വരണാധികാരികൾക്ക് ബാലറ്റ് എത്തിക്കണം. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തേണ്ടത് പോളിങ് ഓഫീസറോ മെഡിക്കൽ ഓഫീസറോ ആണ്. സ്പെഷ്യൽ പോളിങ്ങ് ഓഫീസർ രോഗികളുടെ അടുത്ത് എത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയം സ്ഥാനാർഥികളെയും അറിയിക്കും.

ഇതുകൂടാതെ വരണാധികാരികൾക്ക് ഫോം 19 ഡി യിൽ അപേക്ഷ നൽകിയും കോവിഡ് രോഗികൾക്കും ക്വാറന്റീനുള്ളവർക്കും തപാൽ വോട്ട് ചെയ്യാം. അപേക്ഷയോടൊപ്പം അർഹത തെളിയിക്കുന്ന മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രമായ ഫോം 19 സി യും നൽകണം. അർഹരെന്ന് കണ്ടെത്തിയാൽ ഇവർക്ക് തപാൽ ബാലറ്റ് അനുവദിക്കും. വോട്ടു രേഖപ്പെടുത്തിയ ശേഷം തപാലിൽ വരണാധികാരികൾക്ക് അയക്കുകയാണ് വേണ്ടത്.

തപാൽ വോട്ടിങ്ങുമായി ബന്ധപ്പെട്ട നടപടി വോട്ടെടുപ്പിന്റെ തലേദിവസം വൈകീട്ട് ആറിനകം പൂർത്തിയാകും.

പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനായി നിയോഗിക്കപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വോട്ടറും കോവിഡ് പ്രതിരോധത്തിനുളള മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം

കോവിഡ് ബാധിതർക്ക് തപാൽ വോട്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെ യോഗം കളക്ടറുടെ അധ്യക്ഷതയിൽ ചേർന്നു. തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ ഇലക്‌ഷൻ വിഭാഗവും സ്വീകരിക്കുന്ന നടപടികൾ കളക്ടറും തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ കെ. ജയപ്രകാശും വിശദീകരിച്ചു.

കോവിഡ് ജാഗ്രതാ പോർട്ടലിലും നൽകണം

കോവിഡ് പോസിറ്റീവായവരുടെയും പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെയും നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയവരുടെയും വിവരങ്ങൾ കൃത്യസമയത്ത് കോവിഡ് ജാഗ്രതാ പോർട്ടലിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അപ്‌ഡേറ്റ് ചെയ്യണമെന്ന് കളക്ടർ നിർദേശിച്ചു.

ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കുനേരേ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പു നൽകി.

തപാൽ ബാലറ്റ്: പരിശീലനം നൽകി

പ്രത്യേക തപാൽ ബാലറ്റു വഴി വോട്ട് ചെയ്യാൻ അവസരമൊരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ വരണാധികാരികൾക്കും ഉപവരണാധികാരികൾക്കും ഓൺലൈൻ പരിശീലനം നൽകി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ ഡോ. അദീല അബ്ദുള്ള, എ.ഡി.എം. കെ. അജീഷ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ. ജയപ്രകാശ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, നോഡൽ ഓഫീസർ ഡോ. ടി.പി. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.

ഓഫീസുകൾ ഇന്നും നാളെയും തുറക്കണം

:ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകൾ ഇ-ഡ്രോപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സ്ഥാപന മേധാവികൾ ഇഡ്രോപ്പ് വെബ്സൈറ്റിൽ നിന്ന് നിയമന ഉത്തരവ് ഡൗൺലോഡ് ചെയ്ത് പോളിങ് ഉദ്യോഗസ്ഥർക്ക് നൽകണം. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിങ് ഓഫീസർ എന്നിവർക്കുള്ള പരിശീലന ക്ലാസുകൾ 30, സിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ വിവിധ കേന്ദ്രങ്ങളിലായി നടക്കും.

ജില്ലയിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളും ശനി, ഞായർ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കണമെന്നും എല്ലാ പോളിങ് ഉദ്യോഗസ്ഥർക്കും നിയമന ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന് സ്ഥാപനമേധാവികൾ ഉറപ്പുവരുത്തണമെന്നും കളക്ടർ അറിയിച്ചു.

കോവിഡ്: സജ്ജീകരണങ്ങൾ തുടങ്ങി
:സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശപ്രകാരം ജില്ലയിലെ കോവിഡ് ബാധിതർക്കും സമ്പർക്കവിലക്കിൽ കഴിയുന്നവർക്കും പ്രത്യേക തപാൽ വോട്ടു ചെയ്യാൻ ജില്ലാഭരണകൂടം സൗകര്യമൊരുക്കും. അതിനുള്ള സജ്ജീകരണങ്ങൾ തുടങ്ങി.

• ജില്ലയിൽ ഡിസംബർ ഒന്നുമുതൽ വോട്ടെടുപ്പിന്റെ തലേ ദിവസമായ ഒമ്പതിനു വൈകീട്ട് മൂന്നുമണിവരെ പോസിറ്റീവാകുന്നവർക്കും ക്വാറന്റീനിൽ പോകുന്നവർക്കും തപാൽ വോട്ടുചെയ്യാം.

• ഒമ്പതിനു വൈകീട്ട് മൂന്നിനുശേഷം പോസിറ്റീവാകുന്നവർക്ക് തിരഞ്ഞെടുപ്പ് ദിവസം അവസാനത്തെ ഒരു മണിക്കൂറിൽ പൂർണ സുരക്ഷാ ക്രമീകരണങ്ങളോടെ ബൂത്തിലെത്തി വോട്ടുചെയ്യാം. ഇങ്ങനെ എത്തുന്നവരുടെ വാഹനം വേർതിരിച്ച കാബിൻ സൗകര്യം ഉള്ളതായിരിക്കണം. ആവശ്യമെങ്കിൽ ഇവർക്കായി വാഹനസൗകര്യവും ഏർപ്പാടാക്കും.

• തപാൽ വോട്ടുചെയ്യുന്നതിനുള്ള പ്രത്യേക വോട്ടർ പട്ടികയിൽ ഉൾപ്പെട്ടാൽ പിന്നീട് നെഗറ്റീവായാലും നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കപ്പെട്ടാലും തപാൽ വോട്ടുതന്നെ ചെയ്യണം. ജില്ലയിൽ ചികിത്സയിൽ കഴിയുന്ന മറ്റു ജില്ലക്കാരുടെ വിവരങ്ങൾ അതത് ജില്ലകളിലെ വരണാധികാരികൾക്ക് കൈമാറുമെന്ന് കളക്ടർ പറഞ്ഞു.