കല്പറ്റ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസമായ വ്യാഴാഴ്ച വരണാധികാരികൾക്ക് മുന്നിൽ സ്ഥാനാർഥികളുടെ വൻ തിരക്ക്. ചിലയിടത്ത് സ്ഥാനാർഥിയാവാനുള്ള വരി വോട്ടെടുപ്പു ദിവസം വോട്ടർമാർ വരിനിൽക്കുന്നതുപോലെ വലുതായി ഒാഫീസുകൾക്ക് പുറത്തേക്ക് നീണ്ടു.

മൂന്നുമണിവരെയാണ് പത്രിക നൽകാനുള്ള സമയം നിശ്ചയിച്ചതെങ്കിലും പലയിടത്തും ആറു മണികഴിഞ്ഞും പത്രിക നൽകിത്തീർന്നില്ല. നഗരസഭകളിലേക്ക് പത്രിക നൽകാനായിരുന്നു തള്ളു കൂടുതൽ. മൂന്നുമണിവരെ വരിയിൽ നിന്നവർക്ക് ടോക്കൺ നൽകിയശേഷമാണ് പത്രിക വാങ്ങിയത്. കല്പറ്റ നഗരസഭയുടെ വരണാധികാരിയായ കൈനാട്ടിയിലെ സഹകരണസംഘം ജോയന്റ് രജിസ്ട്രാറുടെ ഓഫീസിനുമുന്നിൽ വ്യാഴാഴ്ച രാവിലെ മുതൽ സ്ഥാനാർഥികളുടെ വലിയ നിര രൂപപ്പെട്ടു. വൈകീട്ട് ഏഴുമണിയോടെയാണ് ഇവിടെ നടപടിക്രമങ്ങൾ പൂർത്തിയായത്. ബുധനാഴ്ചയും ഇവിടെ പത്രിക നൽകാൻ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്തിലേക്കുള്ള പത്രിക നൽകേണ്ട കളക്ടറേറ്റിലും സ്ഥാനാർഥികളുടെയും പ്രവർത്തകരുടെയും തിരക്ക് അനുഭവപ്പെട്ടു.

മുന്നണികളിൽ സീറ്റ് വിഭജനച്ചർച്ചകളും സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കങ്ങളും നീണ്ടതാണ് അവസാനദിവസം പത്രികകളുടെ തള്ളിച്ചയുണ്ടായത്. കോൺഗ്രസിൽ ജില്ലാ പഞ്ചായത്ത് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ കാര്യത്തിൽ ബുധനാഴ്ച രാത്രിയോടെയാണ് തീരുമാനമായത്. ഇതോടെ അവരുടെ സ്ഥാനാർഥികളെല്ലാം പത്രിക നൽകാൻ ഒന്നിച്ചുവരുന്ന സാഹചര്യമുണ്ടായി. വിമതരും സ്വതന്ത്രരുമെല്ലാം കൂട്ടമായെത്തിയതും പ്രശ്നമായി. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമുള്ള സാമൂഹിക അകലവും മറ്റും പാലിച്ചതോടെ സ്ഥാനാർഥികളുടെ നിര വരണാധികാരികളുടെ ഒാഫീസുകൾക്ക് പുറത്തേക്ക് നീണ്ടുവലുതായി. കിട്ടിയ പത്രികകളുടെ എണ്ണം തിട്ടപ്പെടുത്താനും ഇതുകാരണം വൈകി. എൽ.ഡി.എഫിൽ മിക്കയിടത്തും നേരത്തേ സ്ഥാനാർഥികളായതിനാൽ അവരിൽ ഭൂരിഭാഗവും നേരത്തേ പത്രിക നൽകിയിരുന്നു.

തദ്ദേശസ്ഥാപനം, ആകെലഭിച്ച പത്രികകൾ എന്ന ക്രമത്തിൽ (വ്യാഴാഴ്ച രാത്രി 9 മണിവരെയുള്ള കണക്ക്‌)

• നഗരസഭ (654)

കല്പറ്റ 98, മാനന്തവാടി 238, സുൽത്താൻ ബത്തേരി 318

• ബ്ലോക്ക് പഞ്ചായത്ത് (411)

മാനന്തവാടി 116, ബത്തേരി 95, കല്പറ്റ 97, പനമരം 103

• ഗ്രാമപ്പഞ്ചായത്ത് (3433)

വെള്ളമുണ്ട 177, തിരുനെല്ലി 88, തൊണ്ടർനാട് 103, എടവക 170, തവിഞ്ഞാൽ 171, നൂൽപ്പുഴ 143, നെന്മേനി 192, അമ്പലവയൽ 167, മീനങ്ങാടി 126, വെങ്ങപ്പള്ളി 104, വൈത്തിരി 88, പൊഴുതന 108, തരിയോട് 98, മേപ്പാടി 236, മൂപ്പൈനാട് 103, കോട്ടത്തറ 92, മുട്ടിൽ 152, പടിഞ്ഞാറത്തറ 110, പനമരം 290, കണിയാമ്പറ്റ 204, പൂതാടി 203, പുല്പള്ളി 168, മുള്ളൻകൊല്ലി 140.