Jilla Panchayatകല്പറ്റ: ദിവസങ്ങൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ യു.ഡി.എഫ്. ജില്ലാ പഞ്ചായത്ത് ഡിവിഷൻ വിഭജനം പൂർ ത്തിയാക്കി. ജയിക്കുന്ന ഒരു സീറ്റുകൂടി വേണമെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യമാണ് മുന്നണിയിൽ തർക്കത്തിനിടയാക്കിയത്. തോമാട്ടുചാൽ സീറ്റിനുവേണ്ടിയായിരുന്നു ലീഗിന്റെ ചരടുവലി. മുന്നണിക്കുള്ളിൽ ധാരണയായതോടെ കോൺഗ്രസ് ഗ്രൂപ്പുതല ചർച്ചകളിലേക്ക് കടന്നു. എൽ.ഡി.എഫിൽ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ വിഭജനം മേപ്പാടി സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിൽ തട്ടിനിൽക്കുകയാണ്.

പതിനാറ് ഡിവിഷനാണ് ജില്ലാ പഞ്ചായത്തിലുള്ളത്. ഇതിൽ കോൺഗ്രസ് പത്തും മുസ്‌ലിം ലീഗ് അഞ്ചും കേരള കോൺഗ്രസ് ഒരു ഡിവിഷനിലും മത്സരിക്കുമെന്ന് ചെയർമാൻ പി.പി.എ. കരീം, കൺവീനർ എൻ.ഡി. അപ്പച്ചൻ എന്നിവർ പറഞ്ഞു.

പുല്പള്ളി, മുള്ളൻകൊല്ലി, മുട്ടിൽ, അമ്പലവയൽ, ചീരാൽ, പൊഴുതന, തോമാട്ടുചാൽ, തവിഞ്ഞാൽ, തിരുനെല്ലി, എടവക ഡിവിഷനുകളിൽ കോൺഗ്രസ് മത്സരിക്കും. വെളളമുണ്ട, പടിഞ്ഞാറത്തറ, കണിയാമ്പറ്റ, പനമരം, മേപ്പാടി ഡിവിഷനുകളാണ് മുസ്‌ലിംലീഗിന് നൽകുക. മീനങ്ങാടി ഡിവിഷനിൽ കേരള കോൺഗ്രസ് മത്സരിക്കും.

ജില്ലയിലെ മുഴുവൻ ഗ്രാമപ്പഞ്ചായത്തുകളിലെയും സീറ്റു വിഭജനം പൂർത്തിയായതായും നേതാക്കൾ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തുകളിൽ ചർച്ച തുടരുകയാണ്. ജില്ലാ പഞ്ചായത്തിലെ ജയസാധ്യതയുള്ള സീറ്റുകൾക്കായി കോൺഗ്രസിൽ എ-ഐ ഗ്രൂപ്പുകൾ നേരത്തേ ചരടുവലി തുടങ്ങിയിരുന്നു. മുട്ടിൽ ഉൾപ്പെടെയുള്ള സീറ്റുകൾക്കായാണ് കാര്യമായ തർക്കം. അതിനിടെ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യമില്ലെന്ന് യൂത്ത് കോൺഗ്രസ് ആക്ഷേപമുന്നയിക്കുന്നുണ്ട്. യുവാക്കളുടെ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ ഉറച്ച നിലപാടെടുക്കുന്ന രാഹുൽഗാന്ധിയുടെ മണ്ഡലത്തിലെ കോൺഗ്രസ് നേതൃത്വം യുവാക്കളെ പരിഗണിക്കുന്നില്ലെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആക്ഷേപം.

നഗരസഭകളിൽ തീരുമാനം വൈകുന്നു

കല്പറ്റ, മാനന്തവാടി നഗരസഭകളിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നു. ബത്തേരിയിൽ എൽ.ഡി.എഫിൽ പ്രഖ്യാപനമായെങ്കിലും യു.ഡി.എഫിൽ തർക്കം തുടരുകയാണ്. കല്പറ്റയിൽ ജയസാധ്യതയുള്ള സീറ്റുകളെച്ചൊല്ലിയുള്ള സി.പി.എമ്മിലെ ചേരിപ്പോരാണ് എൽ.ഡി.എഫിന്റെ കടമ്പ. ഇക്കാര്യത്തിൽ സമവായത്തിനായി നേതൃത്വം കിണഞ്ഞു ശ്രമിക്കുകയാണ്. ചില സീറ്റുകളെച്ചൊല്ലി രൂപപ്പെട്ട തർക്കം ചേരിപ്പോരായി വളർന്നത് അണികൾക്കിടയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഔദ്യോഗിക നേതൃത്വവും മുതിർന്ന നേതാക്കളുടെ പിന്തുണയുള്ള ഒരു വിഭാഗവുമാണ് സ്ഥാനാർഥിത്വത്തിനായി ചരടുവലിക്കുന്നത്. മേൽഘടകം നിർദേശിച്ച സ്ഥാനാർഥികളെ രണ്ടു വാർഡ് കമ്മിറ്റികൾ തള്ളുകയും ചെയ്തു.

ചില സീറ്റുകളെച്ചൊല്ലി കോൺഗ്രസിലും കല്പറ്റയിൽ തർക്കം തുടരുകയാണ്. ഐ ഗ്രൂപ്പ് നേതാക്കൾ മത്സരിക്കുന്ന സീറ്റുകൾ കേന്ദ്രീകരിച്ച് വിമത നീക്കം ശക്തമാണ്. ചില സീറ്റുകളെച്ചൊല്ലി എ- ഐ പോരും ശക്തമാണ്. സ്ഥാനാർഥി പ്രഖ്യാപനമായില്ലെങ്കിലും ചില വാർഡുകളിൽ ഇരു മുന്നണികളും പ്രചാരണം തുടങ്ങിയിട്ടുണ്ട്. ലീഗ് സ്ഥാനാർഥികളെ ശനിയാഴ്ച പ്രഖ്യാപിക്കും. മാനന്തവാടിയിൽ എൽ.ഡി.എഫ്. സ്ഥാനാർഥികളായെങ്കിലും പ്രഖ്യാപിച്ചിട്ടില്ല. യു.ഡി.എഫിൽ കോൺഗ്രസ് - ലീഗ് തർക്കം തുടരുകയാണ്. കോൺഗ്രസിനുള്ളിലും ചേരിപ്പോര് രൂക്ഷമാണ്. കഴിഞ്ഞ ദിവസം ചേർന്ന ഒരു വാർഡുകമ്മിറ്റി യോഗം കൈയാങ്കളിയിൽവരെയെത്തി.

എൽ.ഡി.എഫിൽ മേപ്പാടി കീറാമുട്ടി

ജില്ലാ പഞ്ചായത്ത് മേപ്പാടി ഡിവിഷനെച്ചൊല്ലിയുള്ള എൽ.ഡി.എഫിലെ തർക്കം പരിഹരിക്കാനായില്ല. എൽ.ജെ.ഡി.യും സി.പി.ഐ.യുമാണ് മേപ്പാടി ഡിവിഷനായി അവകാശവാദമുന്നയിക്കുന്നത്. ദിവസങ്ങളോളം ചർച്ച ചെയ്തെങ്കിലും സമവായ ശ്രമങ്ങൾ വിജയം കണ്ടിട്ടില്ല. ഇവിടെ പൊതുസ്ഥാനാർഥിയെ നിർത്താൻ സി.പി.എം. സമവായ ഫോർമുല മുന്നോട്ടുവെച്ചിരുന്നു. രണ്ടു കക്ഷികൾക്കും വേറെ സീറ്റുകൾ നൽകാമെന്നായിരുന്നു നിർദേശം. സി.പി.എം. നേതാക്കളുടെ സാന്നിധ്യത്തിൽ ചേർന്ന ഉഭയകക്ഷി ചർച്ചയിൽ മുന്നോട്ടുവെച്ച ഈ നിർദേശം സി.പി.ഐ.ക്ക് സ്വീകാര്യമായില്ലെന്നാണ് അറിയുന്നത്. ഇതോടെ ചർച്ച വീണ്ടും തീരുമാനമാവാതെ പിരിഞ്ഞു. അടുത്ത ദിവസം തുടരും. മേപ്പാടി ഡിവിഷന്റെ കാര്യത്തിൽ ധാരണയായാലേ മറ്റു സീറ്റുകളിലും അന്തിമ തീരുമാനമാവൂ.