കല്പറ്റ: വ്യാഴാഴ്ച ജനവിധി തേടുന്നത് 1857 സ്ഥാനാർഥികൾ. ഇതിൽ 582 പേരാണ് തിരഞ്ഞെടുക്കപ്പെടുക. 6,25,455 വോട്ടർമാരാണ് തദ്ദേശസ്ഥാപനങ്ങളിലെ ജനവിധിയെഴുതാനുള്ളത്.

സ്ഥാനാർഥികളിൽ സ്ത്രീകൾക്കാണ് മേൽക്കോയ്മ. 988 പേരാണ് സംവരണ വാർഡുകളിലും ജനറൽ വാർഡുകളിലുമായി പോരിനിറങ്ങിയത്. 869 പേരാണ് പുരുഷസ്ഥാനാർഥികൾ. ജില്ലാ പഞ്ചായത്തിൽ 55 സ്ഥാനാർഥികളാണുള്ളത്. നഗരസഭകളിൽ 323 പേരും ബ്ലോക്ക് പഞ്ചായത്തുകളിൽ 171 പേരും ജനവിധി തേടുന്നു. ഗ്രാമപ്പഞ്ചായത്തുകളിൽ 1308 സ്ഥാനാർഥികളാണുള്ളത്.

737 പേരാണ് ജനറൽ വാർഡുകളിൽ മത്സരിക്കുന്നത്. സംവരണ വിഭാഗത്തിൽ 1120 പേരാണ് മത്സരരംഗത്തുള്ളത്. അതിൽത്തന്നെ വനിതാസംവരണ വിഭാഗത്തിൽ 745 പേരും പട്ടികവർഗ സംവരണ മണ്ഡലങ്ങളിൽ 138 പേരും പട്ടികജാതി സംവരണ വാർഡുകളിൽ 59 പേരും പട്ടികജാതി വനിതാസംവരണ മണ്ഡലങ്ങളിൽ എട്ടുപേരും പട്ടികവർഗ വനിതാസംവരണ വിഭാഗത്തിൽ 170 പേരുമാണ് മത്സരിക്കുന്നത്.

താഴെയങ്ങാടിയിൽ 1466 വോട്ടർമാർ

മാനന്തവാടി നഗരസഭയിലെ പോളിങ്സ്റ്റേഷൻ നമ്പർ 26/1 താഴെയങ്ങാടിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. 1466 പേർ. നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ 12/2 നമ്പർ പോളിങ് സ്‌റ്റേഷനാണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത് 168 പേർ.

ആകെ 1206 വോട്ടിങ് യന്ത്രങ്ങളാണ് തിരഞ്ഞെടുപ്പിനായി സജ്ജമാക്കിയത്. ഗ്രാമപ്പഞ്ചായത്തിലേക്ക് 935 കൺട്രോൾ യൂണിറ്റുകളും 2820 ബാലറ്റ് യൂണിറ്റുകളും നഗരസഭയിലേക്ക് 271 കൺട്രോൾ യൂണിറ്റുകളും 311 ബാലറ്റ് യൂണിറ്റുകളും ഉപയോഗിക്കും. ത്രിതല പഞ്ചായത്തുകളിൽ മൾട്ടി പോസ്റ്റ് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റുമടങ്ങിയതാണ് മൾട്ടി പോസ്റ്റ് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ. നഗരസഭകളിൽ ഉപയോഗിക്കുക സിംഗിൾ പോസ്റ്റ് വോട്ടിങ് യന്ത്രങ്ങളാണ്.