കല്പറ്റ: തദ്ദേശതിരഞ്ഞെടുപ്പിനായി ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ സ്ഥാനാർഥികളുടെ പേരും ചിഹ്നവും അടങ്ങിയ ബാലറ്റ് ലേബൽ ക്രമീകരിക്കാൻ തുടങ്ങി. മാനന്തവാടി, സുൽത്താൻ ബത്തേരി, പനമരം, കല്പറ്റ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലെ ഗ്രാമപ്പഞ്ചായത്തുകളുടെ ചിഹ്നക്രമീകരണമാണ് ഞായറാഴ്ച നടന്നത്.

മാനന്തവാടി സെയ്ന്റ് പാട്രിക്സ് സ്കൂൾ, ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ, കല്പറ്റ എസ്.കെ.എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ, പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അതത് വരണാധികാരികളുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു നടപടികൾ.

കല്പറ്റ നഗരസഭയിലെ ചിഹ്നക്രമീകരണം തിങ്കളാഴ്ച രാവിലെ 10.30 മുതൽ കല്പറ്റ എസ്.ഡി.എം. എൽ.പി. സ്കൂളിലും സുൽത്താൻ ബത്തേരി നഗരസഭയുടേത് ഒമ്പതു മുതൽ ബത്തേരി അസംപ്ഷൻ ഹൈസ്കൂളിലും മാനന്തവാടി നഗരസഭയുടേത് 10.30 മുതൽ മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും നടക്കും.

കോവിഡ് പോസിറ്റീവായവർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കുമുള്ള പ്രത്യേക തപാൽ ബാലറ്റുകളുടെ വിതരണവും പുരോഗമിക്കുകയാണ്. പി.പി.ഇ. കിറ്റ് ധരിച്ചാണ് പ്രത്യേക പോളിങ് ഓഫീസർമാരും പോളിങ് അസിസ്റ്റന്റുമാരും വീടുകളിലെത്തി തപാൽ ബാലറ്റുകൾ നൽകുന്നത്.

പോലീസുദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ട്. ജോലി കഴിഞ്ഞശേഷം ഓരോ ദിവസവും പി.പി.ഇ. കിറ്റുകൾ സുരക്ഷിതമായി ഒഴിവാക്കുന്നതിന് ആരോഗ്യ കേന്ദ്രങ്ങളുടെ സഹായത്തോടെ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.