Wats app statusപാൽപ്പുഞ്ചിരിതൂകുന്ന മുഖമുള്ള ഫോട്ടോ പതിച്ച അനൗൺസ്‌മെന്റ് വാഹനവുമായി നമ്മുടെ പ്രിയങ്കരനായ സ്ഥാനാർഥി ഇതാ മൊബൈൽ ഫോണുകളിലൂടെ കടന്നുപോവുകയാണ്. രാവിലെ വാട്‌സാപ്പിൽ കണികണ്ടുണരുന്നത് പാരഡിപ്പാട്ടിന്റെ അകമ്പടിയിൽ പലവർണങ്ങളിൽ തിളങ്ങുന്ന സ്ഥാനാർഥിയുടെ മുഖമാണ്. കോവിഡ് കാലമായതിനാൽ ആളും പരിവാരവുമായുള്ള വോട്ടുപിടുത്തത്തിനും മൈക്ക്കെട്ടി തൊണ്ടകീറി പ്രസംഗിക്കുന്ന പൊതുയോഗങ്ങൾക്കുമൊക്കെ നിയന്ത്രണംവന്നതോടെ സാമൂഹികമാധ്യമങ്ങളിലാണ് പോരാട്ടം നടക്കുന്നത്.

‘സ്റ്റാറ്റസാണ്’ സ്റ്റാറ്റസ്

വാട്‌സാപ്പ് സ്റ്റാറ്റസ് വീഡിയോകളാണ് ഇപ്പോൾ എല്ലാവരും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. ഓരോ വാർഡുകളിലെയും ഭരണനേട്ടങ്ങളും പ്രശ്നങ്ങളും തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളും സ്ഥാനാർഥിക്ക്‌ പറയാനുള്ളതുമൊമൊക്കെ 30 സെക്കൻഡുള്ള സ്റ്റാറ്റസുകളായി നിറയുകയാണ്. സ്റ്റാറ്റസ് വീഡിയോകൾക്കാണ് ഡിമാൻഡ് കൂടുതലെന്ന് കോഴിക്കോട്ടെ സി.കെ. വോയ്‌സ് ആഡ്‌സ് ഉടമ വി.കെ. ബ്രിജിൻരാജ് പറയുന്നു. ആയിരംമുതൽ അയ്യായിരം രൂപവരെവരും 30 സെക്കൻഡുള്ള വീഡിയോയ്ക്ക്. അതിൽ ഏറ്റവും ചെലവുകുറവ് ജീപ്പിൽ ബോർഡ് കെട്ടി അനൗൺസ്‌മെന്റ് നടത്തുന്ന രീതിയിലുള്ള ആനിമേഷൻ വീഡിയോയ്ക്കാണ്. ആവർത്തനവിരസത ഒഴിവാക്കാൻ ആഴ്ചയിൽ മൂന്നുവീതം എന്ന രീതിയിലാണ് സ്റ്റാറ്റസുകളിടുന്നത്.

സ്ഥാനാർഥികൾക്കായി സ്റ്റാറ്റസ് വീഡിയോ നിർമിക്കുന്ന 10 സ്ഥാപനങ്ങളെങ്കിലും കോഴിക്കോട്ടുണ്ടെന്ന് മുസ്‌ലിം ലീഗിന്റെ സാമൂഹികമാധ്യമ പ്രചാരണച്ചുമതലക്കാരനായ എൻ.പി. അബ്ദുൾസമദ് പറയുന്നു. സ്ഥാനാർഥിയുടെ ചിരിക്കുന്നമുഖമുള്ള ഡിജിറ്റൽപോസ്റ്ററുകളും ആഴ്ചയിൽ മൂന്ന് എന്നതരത്തിൽ പല ഡിസൈനുകളിൽ സ്റ്റാറ്റസുകളായി പ്രചരിക്കുന്നുണ്ട്.

കുടുംബയോഗങ്ങൾ ഓൺലൈനിൽ

സാമൂഹിക അകലം പാലിക്കാൻ വാട്‌സാപ്പിലാണ് ഇപ്പോൾ കുടുംബയോഗങ്ങൾ. ഓരോ 50 വീടുകൾക്കും വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി അതിലാണ് കുടുംബയോഗങ്ങൾ നടത്തുന്നത്. പാർട്ടിപ്രവർത്തകർക്കായി ഗൂഗിൾമീറ്റ്, സൂം മീറ്റിങ്ങുകൾ വേറെയും. യു.ഡി.എഫിന് 20 പേരുള്ള മൈക്രോ വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ട് ഓരോ വാർഡുകളിലും. എൽ.ഡി.എഫിന് അതത് ബൂത്തുതലങ്ങളിൽ വോട്ടർമാരെ കേന്ദ്രീകരിച്ചുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളാണുള്ളത്. ഇതിനൊപ്പം വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുന്ന എൽ.ഡി.എഫ്. അനുഭാവമുള്ള ആളുകളെ ഉൾപ്പെടുത്തി വേറെയും ഗ്രൂപ്പുകളുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ എൺപത് ശതമാനവും ഇപ്പോൾ സാമൂഹികമാധ്യമങ്ങൾ വഴിയാണെന്ന് എൽ.ഡി.എഫിന്റെ കോഴിക്കോട് കോർപ്പറേഷനിലെ സാമൂഹികമാധ്യമ പ്രചാരണത്തിന്റെ ചുമതലക്കാരനായ പി. നിഖിൽ പറയുന്നു.

മുന്നണികൾക്ക് ഐ.ടി. സംഘം

സ്വകാര്യസംവിധാനങ്ങളുടെ സഹായം തേടുന്നുണ്ടെങ്കിലും ഓരോമുന്നണിക്കും ഐ.ടി. വൈദഗ്ധ്യമുള്ള സോഷ്യൽമീഡിയാടീം ഉണ്ട്. ബെംഗളുരുവിലെ ഐ.ടി. കമ്പനികളിൽ ജോലിചെയ്തിരുന്നവരുൾപ്പെടെ മുപ്പതംഗടീമാണ് ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ കോഴിക്കോട് കോർപ്പറേഷനിലുള്ളത്. യു.ഡി.എഫിന് യൂത്ത് ലീഗിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംഘമുണ്ട്. ബി.ജെ.പി. സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന ടീമിന്റെ സേവനമാണ് കൂടുതൽ ഉപയോഗിക്കുന്നത്. എല്ലായിടത്തും മൊത്തത്തിൽ ഉപയോഗിക്കേണ്ട കാര്യങ്ങൾ സ്റ്റേറ്റ് ഐ.ടി. ടീമാണ് തയാറാക്കുന്നതെന്ന് ബി.ജെ.പി.യുടെ പ്രചാരണ കോ-ഓർഡിനേറ്ററായ ജിജേന്ദ്രൻ പറഞ്ഞു. അതിനുപുറമെ പ്രാദേശികമായും വിദഗ്ധരുണ്ട്.