സുൽത്താൻബത്തേരി: നഗരസഭയിൽ എൽ.ഡി.എഫ്. തരംഗം. ഒരുകാലത്ത് യു.ഡി.എഫ്. കോട്ടയെന്ന് അറിയപ്പെട്ടിരുന്ന ബത്തേരിയിൽ ഇത്തവണ എൽ.ഡി.എഫ്. വൻമുന്നേറ്റമാണ് നടത്തിയത്. 35 വാർഡുകളിൽ 23 എണ്ണം എൽ.ഡി.എഫ്. പിടിച്ചെടുത്തു. യു.ഡി.എഫ്. പത്തുസീറ്റിൽമാത്രമൊതുങ്ങി.

ഒരു സ്വതന്ത്രസ്ഥാനാർഥിയും ജയിച്ചു. എൻ.ഡി.എ.യ്ക്ക് നിലമെച്ചപ്പെടുത്താനായില്ലെന്നുമാത്രമല്ല, കഴിഞ്ഞതവണ നേടിയ ഒരു സീറ്റ് നിലനിർത്താനുമായില്ല. കഴിഞ്ഞ നഗരസഭാഭരണസമിതിയുടെ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ വിജയമെന്നാണ് എൽ.ഡി.എഫ്. നേതൃത്വം പറയുന്നത്.

എൽ.ഡി.എഫ്. നേടിയ 23 സീറ്റിൽ ഇരുപതിലും സി.പി.എം. സ്ഥാനാർഥികളാണ് ജയിച്ചത്. ഒരിടത്ത് കേരളാകോൺഗ്രസും രണ്ടിടത്ത് എൽ.ഡി.എഫ്. സ്വതന്ത്രരുമാണ് വിജയിച്ചത്.

പൊട്ടിത്തെറികാത്ത് യു.ഡി.എഫ്.

കനത്ത പരാജയം യു.ഡി.എഫിനുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിതുറന്നിട്ടുണ്ട്. സ്ഥാനാർഥിനിർണയത്തിലെ പ്രശ്നങ്ങളും കാലുവാരലുമാണ് പരാജയത്തിന് കാരണമെന്നാണ് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നത്. മന്തണ്ടിക്കുന്ന് വാർഡിൽ യു.ഡി.എഫിലെ ആർ. രാജേഷ് കുമാറിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി റിബൽ സ്ഥാനാർഥി അബ്ദുൾ സലാം രണ്ടാംസ്ഥാനത്തെത്തി. എൽ.ഡി.എഫ്. തരംഗത്തിൽ ലീഗിന്റെ കോട്ടകൾപോലും ഇളകിമറിഞ്ഞു. കൈപ്പഞ്ചേരി, ഫെയർലാൻഡ്, മണിച്ചിറ, മൈതാനിക്കുന്ന് തുടങ്ങിയ ലീഗിന്റെ ഉറച്ചവാർഡുകൾ എൽ.ഡി.എഫ്. പിടിച്ചെടുത്തു. അതേസമയം, എൽ.ഡി.എഫിന്റെ ശക്തികേന്ദ്രമായിരുന്ന ആർമാട് ലീഗിന്റെ സ്വതന്ത്രസ്ഥാനാർഥി പി. സംഷാദ് പിടിച്ചെടുത്തു. കട്ടയാട് വാർഡിൽ മൂന്നുമുന്നണികളെയും പരാജയപ്പെടുത്തി സ്വതന്ത്രസ്ഥാനാർഥി നിഷാ സാബു ജയിച്ചു. കഴിഞ്ഞ തവണ എൻ.ഡി.എ. വിജയിച്ച പഴുപ്പത്തൂർ വാർഡ് ഇത്തവണ യു.ഡി.എഫ്. പിടിച്ചെടുത്തു. 46 വോട്ടുകൾക്കാണ് ഇവിടെ യു.ഡി.എഫ്. സ്ഥാനാർഥി വിജയിച്ചത്.

കഴിഞ്ഞതവണ ഭൂരിപക്ഷമില്ലാതെ

2015-ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും 17 വീതം സീറ്റിലും എൻ.ഡി.എ. ഒരു സീറ്റിലുമാണ് വിജയിച്ചത്. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ അനിശ്ചിതത്വത്തിൽ നിൽക്കെയാണ് യു.ഡി.എഫിന്റെ ഭാഗമായി മത്സരിച്ചുവിജയിച്ച കേരളാ കോൺഗ്രസ് (എം) യു.ഡി.എഫിനൊപ്പം ചേർന്നത്.

കേരളാ കോൺഗ്രസ് (എം) ഏക അംഗമായ ടി.എൽ. സാബുവിന്റെ പിന്തുണയോടെയാണ് എൽ.ഡി.എഫ്. നഗരസഭയുടെ അധികാരത്തിലെത്തിയത്. ഭരണസമിതി മൂന്നുവർഷം കഴിഞ്ഞപ്പോൾ സി.പി.എമ്മിന്റെ രണ്ടു വാർഡുകളിൽ ഉപതിരഞ്ഞെടുപ്പുണ്ടായി.

ഒരുസീറ്റ് സി.പി.എം. നിലനിർത്തിയപ്പോൾ ഒരു സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തു. ആദ്യ രണ്ടരവർഷം സി.പി.എമ്മിലെ സി.കെ. സഹദേവനും തുടർന്നുള്ള കാലം ടി.എൽ. സാബുവും നഗരസഭയുടെ ചെയർമാനായി.

 

Content Highlights: Local Body Election 2020 Result Sulthan Bathery Wayanad