കല്‍പറ്റ: വീണ്ടും യുഡിഎഫില്‍ പ്രതീക്ഷ പുലര്‍ത്തി വയനാട്. കേരളമൊട്ടാകെ ചുവപ്പിച്ച് തദ്ദേശതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂര്‍ത്തിയാകുമ്പോള്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ യുഡിഎഫിന് വ്യക്തമായ ആധിപത്യം നല്‍കി ഇപ്പോഴും വിശ്വാസം പുലര്‍ത്തുന്നുവെന്ന് വയനാട് സൂചന നല്‍കുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ദേശീയ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധിയെ വിജയിപ്പിച്ച ജില്ല തദ്ദേശതിരഞ്ഞെടുപ്പിലും വലത് ചായ്‌വ് കൈവിട്ടില്ല. 

മുന്നണി സമവാക്യങ്ങളില്‍ മാറ്റം വന്നതിന് ശേഷമുള്ള ആദ്യതിരഞ്ഞെടുപ്പായിരുന്നെങ്കിലും ഇടതുപക്ഷത്തെത്തിയ സഖ്യകക്ഷികളുടെ ജില്ലയിലെ നിലവിലെ സ്വാധീനം തിരഞ്ഞെടുപ്പില്‍ മുന്നണിയ്ക്ക് സഹായകമായില്ല എന്ന കാര്യം ശ്രദ്ധേയമാണ്. ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മറ്റിടങ്ങളില്‍ വിജയം കണ്ടപ്പോള്‍ വയനാട് പക്ഷെ വലതു മുന്നണിക്കൊപ്പം നിന്നത് തദ്ദേശതരഞ്ഞെടുപ്പിലെ വേറിട്ട കാഴ്ചയായി. 

എല്‍ഡിഎഫ് ഭരണം നിലവിലിരുന്ന മാനന്തവാടി നഗരസഭ യുഡിഎഫ് പിടിച്ചെടുത്തു. മാനന്തവാടി കൂടാതെ കല്‍പറ്റ നഗരസഭയിലെ  ഭരണത്തുടര്‍ച്ചയും യുഡിഎഫ് സ്വന്തമാക്കി. ഇത്തവണ എല്‍ഡിഎഫ് ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന നഗരസഭയാണ് മാനന്തവാടി.  35 ഡിവിഷനുകളില്‍ 21 എണ്ണവും നേടി എല്‍ഡിഎഫ് സുല്‍ത്താന്‍ ബത്തേരിയില്‍ ആധിപത്യം നിലനിര്‍ത്തി. നാല് ബ്ലോക്ക് പഞ്ചായത്തുകളില്‍ രണ്ട് വീതം നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. 

23 ഗ്രാമപഞ്ചായത്തുകളില്‍ 16 എണ്ണം നേടി യുഡിഎഫ് ഗ്രാമപഞ്ചായത്ത് ഭരണം കൈപ്പിടിയിലൊതുക്കി. 2015 ലെ തിരഞ്ഞെടുപ്പില്‍ 15 പഞ്ചായത്തുകള്‍ നേടിയ എല്‍ഡിഎഫിന് ഇക്കുറി ഏഴെണ്ണം മാത്രമാണ് നേട്ടം. ജില്ലാപഞ്ചായത്തില്‍ ഇരുമുന്നണികളും എട്ട് സീറ്റ് വീതം നേടി ഒപ്പത്തിനൊപ്പം നിന്നു. എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനാവാത്ത ജില്ലയായി വയനാട്. 

എന്‍ഡിഎയ്ക്ക് ഒരു തരത്തിലുള്ള മുന്നേറ്റത്തിനും വയനാട് ഈ തിരഞ്ഞെടുപ്പിലും ഇട നല്‍കിയില്ല. നൂറിലധികം സീറ്റുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച എന്‍ഡിഎയ്ക്ക് ചില ശക്തികേന്ദ്രങ്ങളില്‍ മാത്രമാണ് സ്വാധീനം രേഖപ്പെടുത്താനായത്. തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി എന്‍ഡിഎ ജില്ലയില്‍ ശക്തമായ പ്രചാരണപ്രവര്‍ത്തനം നടത്തിയിരുന്നു. 

പ്രളയവും കോവിഡും കടന്ന് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച വയനാടിന് വേണ്ടത്ര പരിഗണന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. ജില്ലയുടെ കാലങ്ങളായി തുടരുന്ന  പ്രധാന ആവശ്യങ്ങളില്‍ പലതും ഇപ്പോഴും ആവശ്യങ്ങളായി തന്നെ തുടരുന്നു. ഇതെല്ലാം തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രാധാന്യത്തോടെ മുന്നണികള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. വയനാടിന്റെ ചായ്‌വ് വലതുപക്ഷത്തേക്ക് തന്നെ തുടരാനുള്ള കാരണങ്ങളില്‍  ജില്ലയുടെ ഇതു വരെ പരിഹരിക്കപ്പെടാത്ത ആവശ്യങ്ങളും ഉള്‍പ്പെടുന്നതായി രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നു. 

Content Highlights: Local Body Election 2020 Election Results Wayanad