മേപ്പാടി: എല്ലാവിഭാഗം ജനങ്ങൾക്കും ക്ഷേമവും ഐശ്വര്യവും ഉറപ്പാക്കുന്ന നവകേരളമാണ് എൽ.ഡി.എഫ്. ലക്ഷ്യമിടുന്നതെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി. മേപ്പാടിയിൽ എൽ.ഡി.എഫ്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

കോവിഡ് മൂലം ജോലിയും വരുമാനവുമില്ലാതെ രാജ്യത്തെ ജനങ്ങൾ ദുരിതമനുഭവിച്ചപ്പോഴും കേരളത്തിലെ ഒരു കുട്ടി പോലും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. 55 ലക്ഷം കുടുംബങ്ങൾക്കും ഭക്ഷ്യധാന്യങ്ങളടങ്ങിയ സൗജന്യക്കിറ്റുകൾ വിതരണംചെയ്തു.

വികസനകാര്യത്തിൽ എൽ.ഡി.എഫ്. ഭരിക്കാത്ത പഞ്ചായത്തുകളിൽപ്പോലും സർക്കാർ വിട്ടുവീഴ്ച കാണിച്ചിട്ടില്ല. ബി.ജെ.പി., കോൺഗ്രസ് സർക്കാരുകൾക്ക് ബദലായി ജനപക്ഷത്ത് നിൽക്കുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കിയത്. ജനക്ഷേമ പദ്ധതികൾ പൂർത്തിയാക്കണമെങ്കിൽ ത്രിതല പഞ്ചായത്തുകളിൽ എൽ.ഡി.എഫ്. ഭരണത്തിൽ വരണമെന്നും ശ്രീമതി പറഞ്ഞു.

കിഫ്ബി ഫണ്ടുപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ എം.പി. പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ രംഗങ്ങളിൽ മാതൃകാപരമായ പ്രവർത്തനമാണ് നാലരവർഷംകൊണ്ട് സംസ്ഥാനസർക്കാർ കാഴ്ചവെച്ചത്.

എന്നാൽ, അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന നയമാണ് കേന്ദ്രസർക്കാർ പിന്തുടരുന്നത്. എതിർക്കുന്നവരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നിശ്ശബ്ദരാക്കാനാണ് ശ്രമിക്കുന്നത്. മാധ്യമരംഗത്തുപോലും ഇതു പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.പി. സുനീർ, കെ. വിനോദ്, കെ.കെ. ഹംസ, പി.കെ. മൂർത്തി തുടങ്ങിയവർ സംസാരിച്ചു.