രാവിലെ പൂമുഖത്തു പത്രമെത്തിക്കുന്ന ചിരപരിചിത മുഖമാണ് പത്ര ഏജന്റുമാര്‍. എല്ലാദിവസവും വീട്ടിലെത്തുന്ന ഇവര്‍ വാര്‍ഡുമെമ്പറും കൂടിയായാലോ... മെമ്പറെ കാണാനില്ലെന്ന പ്രശ്‌നം ഉദിക്കുന്നേയില്ല. രാവിലെ പത്രമിടാനെങ്കിലും മെമ്പര്‍ക്കു വാര്‍ഡിലുള്ളവരെ കാണണമല്ലോ. ഇത്തവണ മുന്നണികളുടെ സ്ഥാനാര്‍ഥിനിരയില്‍ പത്ര ഏജന്റുമാരും ഒരുപാടുപേരുണ്ട്. ഇതില്‍ ടി.എ. അനീഷും അബ്ദുള്‍ ആസിഫും നിലവിലും അംഗങ്ങളാണ്. മറ്റുള്ളവരെല്ലാം കന്നിയങ്കത്തിനും. 'മാതൃഭൂമി' ഏജന്റുമാരുടെ സ്ഥാനാര്‍ഥിവിശേഷങ്ങളിലൂടെ.

ഷബ്‌നാസ് തെന്നാനി

കല്പറ്റ നഗരസഭയിലെ മൂന്നാം വാര്‍ഡിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാണ് ഷബ്‌നാസ് തെന്നാനി. ഒന്പതാംക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പത്രമിടാന്‍ തുടങ്ങിയതാണ് ഷബ്‌നാസ്. 22 കൊല്ലമായി ഈ രംഗത്തുണ്ട്. സ്ഥിരമായി പത്രമിടുന്ന വീടുകളുള്ള വാര്‍ഡില്‍ത്തന്നെയാണ് സ്ഥാനാര്‍ഥിയായതും. ''നാട്ടുകാര്‍ക്കെല്ലാം എന്നെയറിയാം. എല്ലാദിവസും അവരുടെ കണ്‍മുമ്പിലെത്തുന്ന ആളല്ലേ'' - ഷബ്‌നാസ് പറഞ്ഞു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് കല്പറ്റ ബ്ലോക്ക് സെക്രട്ടറിയാണ്. എം.കെ. ഷിബു (എല്‍.ഡി.എഫ്.), മനോജ് വി. നരേന്ദ്രന്‍ (എന്‍.ഡി.എ.) എന്നിവരാണ് എതിരാളികള്‍.

ടി.എ. അനീഷ്

നൂല്‍പ്പുഴ കല്ലൂര്‍ വാര്‍ഡിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ ടി.എ. അനീഷിനിത് രണ്ടാമൂഴമാണ്. നൂല്‍പ്പുഴയിലെ വടക്കനാട് വാര്‍ഡംഗമായിരുന്നു അനീഷ്. രാവിലെത്തന്നെ വാര്‍ഡിലുള്ളവരുടെ കാര്യമറിയാന്‍ പത്രഏജന്റായിരിക്കുന്നത് വലിയ സഹായമാണെന്ന് അനീഷ്. ''പഞ്ചായത്തിലേക്കുള്ള അപേക്ഷകളെല്ലാം വീട്ടുകാര്‍ രാവിലെത്തന്നെ കൈയില്‍ തരും. തിരികെ ഏല്‍പ്പിക്കാനുള്ളത് പത്രത്തിനൊപ്പം നല്‍കും'' -അനീഷ് പറഞ്ഞു. മൂന്നുവര്‍ഷമായി പ്രദേശത്തെ 200 വീടുകളില്‍ പത്രമിടുന്നത് അനീഷാണ്. മുമ്പ് പ്രവാസിയായിരുന്നു. സി.പി.എം. ബ്രാഞ്ചംഗവും എ.കെ.എസ്. വില്ലേജ് കമ്മിറ്റിയംഗവുമാണ്. അനീഷ് പിലാക്കാവ് (യു.ഡി.എഫ്.) ആണ് എതിര്‍ സ്ഥാനാര്‍ഥി.

വി.എന്‍. അര്‍ജുനന്‍

സുല്‍ത്താന്‍ബത്തേരി ബ്ലോക്കില്‍ മുത്തങ്ങ ഡിവിഷനിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയാണ് വി.എന്‍. അര്‍ജുനന്‍. പത്തുവര്‍ഷമായി പത്ര ഏജന്റാണ്. ബത്തേരി ടൗണിലും മണിച്ചിറ, പൂമല തുടങ്ങിയ പ്രദേശങ്ങളിലുമായാണ് പത്രവിതരണം. മുത്തങ്ങയില്‍ വിജയപ്രതീക്ഷയുണ്ടെന്ന് വി.എന്‍. അര്‍ജുനന്‍ പറഞ്ഞു. ബി.ജെ.പി. ബത്തേരി മണ്ഡലം വൈസ് പ്രസിഡന്റും എസ്.ടി. മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റുമാണ് അര്‍ജുനന്‍. വി. ബാലന്‍ (എല്‍.ഡി.എഫ്.), മണി ചോയിമൂല (യു.ഡി.എഫ്.) എന്നിവരാണ് എതിര്‍സ്ഥാനാര്‍ഥികള്‍.

പി.എം. ബെന്നി

മാനന്തവാടി നഗരസഭയിലെ വിന്‍സെന്റ്ഗിരി വാര്‍ഡിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാണ് പി.എം. ബെന്നി. 20 വര്‍ഷമായി പത്രഏജന്റാണ്. വിന്‍സെന്റ്ഗിരി, മാനന്തവാടി ടൗണ്‍, വള്ളിയൂര്‍ക്കാവ് എന്നിവിടങ്ങളിലെല്ലാം പത്രം നല്‍കുന്നുണ്ട്. മത്സരിക്കുന്ന വാര്‍ഡിലെ താമസക്കാരനും പത്ര ഏജന്റുമായതിനാല്‍ വോട്ടര്‍മാര്‍ക്ക് തന്നെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ബെന്നി പറഞ്ഞു. മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും കര്‍ഷകകോണ്‍ഗ്രസ് ജില്ലാ ഉപാധ്യക്ഷനുമാണ്. മാനന്തവാടി ഫാര്‍മേഴ്‌സ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറാണ്. അബൂട്ടി ചാത്തമ്പത്ത് (എല്‍.ഡി.എഫ്.) കെ.ടി. വിനോദ് (എന്‍.ഡി.എ.) എന്നിവരാണ് എതിര്‍സ്ഥാനാര്‍ഥികള്‍.

അബ്ദുള്‍ ആസിഫ്

മാനന്തവാടി നഗരസഭയിലെ ചോയിമൂലയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാണ് അബ്ദുള്‍ ആസിഫ്. മൂന്നാം തവണയാണ് ജനവിധി തേടുന്നത്. 12 വര്‍ഷമായി പത്ര ഏജന്റാണ്. അമ്പുകുത്തി, പിലാക്കാവ്, കണിയാരം, ചെന്നലായി എരുമത്തെരുവ് തുടങ്ങി നഗരസഭയുടെ പ്രധാനഭാഗങ്ങളിലെല്ലാം പത്രവിതരണമുണ്ട്. 2010 മുതല്‍ ജനപ്രതിനിധിയാണ്. പത്തുവര്‍ഷത്തെ പരിചയസമ്പന്നതയും പത്രഏജന്റെന്ന നിലയിലുള്ള സ്വീകാര്യതയും തനിക്കനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ സി.പി.എം. മാനന്തവാടി ഏരിയാകമ്മിറ്റി അംഗമാണ്. ഷാജു ജോര്‍ജ് (സ്വത.), ജോബിഷ് (എന്‍.ഡി.എ.) എന്നിവരാണ് എതിര്‍സ്ഥാനാര്‍ഥികള്‍.