Local Body Electionകല്പറ്റ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സജീവമായി രംഗത്തിറങ്ങുമെന്ന സൂചന നൽകി കാർഷിക പുരോഗമന സമിതി കൂടുതൽ വാർഡുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. രണ്ടാംഘട്ടത്തിൽ ആറു സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.

വിവിധ കർഷക സംഘടനകളുടെ കോ -ഓർഡിനേഷൻ കമ്മിറ്റിയായ രാഷ്ട്രീയ കിസാൻ മഹാസംഘ, വൺ ഇന്ത്യ വൺ പെൻഷൻ, വെൽഫെയർ പാർട്ടി തുടങ്ങിയ 15 സംഘടനകളുമായുള്ള ധാരണകളുടെ അടിസ്ഥാനത്തിലാണ് സമിതി മത്സരിക്കുന്നത്. ചീരാൽ ജില്ലാ പഞ്ചായത്ത് ഡിവിഷന് പകരം ചീരാൽ ബ്ലോക്ക്‌ പഞ്ചായത്തിൽ സ്ഥാനാർഥിയെ നിർത്താൻ കാർഷിക പുരോഗമന സമിതിയുടെ പാർലമെന്ററി ബോർഡ് യോഗം തീരുമാനിച്ചു. നേന്ത്രക്കായയുടെ തറവില 30 രൂപയായി വർധിപ്പിക്കുക, വിലത്തകർച്ചയിൽ നിന്ന് കർഷകരെ രക്ഷിക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, രാത്രികാല ഗതാഗത നിരോധനത്തിന് പരിഹാരം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കർഷക മുന്നണി മത്സരിക്കുന്നത്.

സ്ഥാനാർഥികൾ: എ.സി. അനിത (ചീരാൽ ബ്ലോക്ക്‌ പഞ്ചായത്ത് ഡിവിഷൻ), പി. വാസു (നെന്മേനി പഞ്ചായത്ത് മുണ്ടകൊല്ലി വാർഡ്), അസൈനാർ കുണ്ടുപറമ്പിൽ (ബത്തേരി നഗരസഭ 19-ാം വാർഡ്), എം.പി. മാരൻ (പുല്പള്ളി ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡ്), കുഞ്ഞുമോൻ ജോസഫ് (പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്ത് 15-ാം വാർഡ്), പി. സിദ്ധിഖ് (പൊഴുതന ഗ്രാമപ്പഞ്ചായത്ത് നാലാം വാർഡ്).