കല്പറ്റ: വയനാട്ടിലെ യു.ഡി.എഫ്. ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ട് സംബന്ധിച്ച് രാഹുൽഗാന്ധി വിശദീകരിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വയനാട് പ്രസ് ക്ലബ്ബിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജില്ലയിലെത്തിയ അദ്ദേഹം.

വയനാട്ടിലെ മൂന്നു മണ്ഡലങ്ങളിൽ ഇത്തവണ വെൽഫെയർ പാർട്ടി കോൺഗ്രസിനായി വോട്ടുപിടിക്കുന്നുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. മറ്റിടങ്ങളിൽ തിരിച്ച് കോൺഗ്രസും. ഇത് ദേശീയ നേതൃത്വം അറിഞ്ഞു കൊണ്ടാണോ എന്ന് രാഹുൽ ഗാന്ധി വിശദീകരിക്കണം. വെൽഫെയർ പാർട്ടിക്കുവേണ്ടി മുല്ലപ്പള്ളി രാമചന്ദ്രൻ വോട്ടു പിടിക്കുന്നത് മാധ്യമങ്ങളിൽ എല്ലാവരും കണ്ടതാണ്. യു.ഡി.എഫ്. പ്രവർത്തകർ ഒന്നടങ്കം വെൽഫെയർ പാർട്ടിക്കു വേണ്ടി വോട്ടു ചോദിക്കുകയാണ്.

സർക്കാർ വയനാടിനെ അവഗണിച്ചു

സി.പി.എമ്മും കോൺഗ്രസും ഒത്തുതീർപ്പു രാഷ്ട്രീയമാണ് പിന്തുടരുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. വയനാട്ടിലെ മെഡിക്കൽകോളേജുമായി ബന്ധപ്പെട്ട കാര്യത്തിൽ കൃത്യമായി മറുപടി പറയാൻ ഇരുമുന്നണികൾക്കും കഴിയുന്നില്ല. സൗജന്യ ഭൂമി കിട്ടിയിട്ടും മെഡിക്കൽ കോളേജ് അവിടെ സ്ഥാപിക്കാതെ ഇരട്ടത്താപ്പ് നയമാണ് സർക്കാർ സ്വീകരിക്കുന്നത്.

എൽ.ഡി.എഫ്. സർക്കാർ വയനാട്ടുകാരെ അവഗണിക്കുകയാണ്. സാമ്പത്തിക താത്പര്യവും അഴിമതിയുമാണ് എൽ.ഡി.എഫ്. ഉയർത്തിപ്പിടിക്കുന്നത്. വയനാട്ടിൽ വല്ലപ്പോഴും വന്നുപോകുന്ന രാഹുൽഗാന്ധി ആകട്ടെ വയനാടിന്റെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ല. ഇടതു വലതു മുന്നണികളുടെ പ്രവർത്തനങ്ങൾക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകും. ദേശീയ ജനാധിപത്യ സഖ്യം ഇത്തവണ വൻ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. മേഖലാ സെക്രട്ടറി കെ. സദാനന്ദൻ, ജില്ലാ അധ്യക്ഷൻ സജി ശങ്കർ, എസ്.ടി. മോർച്ച സംസ്ഥാന പ്രസിഡന്റ് പള്ളിയറ മുകുന്ദൻ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ. സജീവൻ എന്നിവർ പങ്കെടുത്തു.