P Gagarinവിരലിലെണ്ണാവുന്ന ദിവസങ്ങളേ ഇനിയുള്ളൂ. എല്ലാ അടവുകളും ഒന്നിച്ചുപയറ്റാനുള്ള മണിക്കൂറുകളാണിനി. അതിനിടയിൽ പടനായകർ അവരുടെ തന്ത്രങ്ങൾ, പ്രതീക്ഷകൾ, സാധ്യതകൾ എന്നിവ വിലയിരുത്തുന്നു. സി.പി.എമ്മിന്റെ ജില്ലയിലെ അമരക്കാരൻ പി. ഗഗാറിൻ നീനുമോഹനോട് സംസാരിക്കുന്നു

*പൊതുവേ യു.ഡി.എഫ്. അനുകൂല രാഷ്ട്രീയമാണ് വയനാടിന്. തദ്ദേശതിരഞ്ഞെടുപ്പിൽ കഴിഞ്ഞതവണ ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലും എൽ.ഡി.എഫ്. മുൻതൂക്കംനേടി. ഇത്തവണ എൽ.ഡി.എഫിന്റെ പ്രതീക്ഷകളെന്തെല്ലാമാണ്?

തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായിക്കാണുമ്പോൾ ജില്ലാപഞ്ചായത്തിലെ വോട്ടുനിലയാണ് പ്രധാനം. ഡി.ഐ.സി.ക്ക്‌ പിന്തുണ നൽകി ചുരുങ്ങിയകാലം ഭരണസമിതിയുടെ ഭാഗമായതൊഴിച്ചാൽ ജില്ലാപഞ്ചായത്ത് എൽ.ഡി.എഫിനെ തുണച്ചിട്ടില്ല. ഇത്തവണ ജില്ലാപഞ്ചായത്തിൽ ഭൂരിപക്ഷം സീറ്റുകളിൽ എൽ.ഡി.എഫ്. ജയിക്കും.

എൽ.ജെ.ഡി.യും കേരള കോൺഗ്രസും മുന്നണിയിലേക്കുവന്നത് എൽ.ഡി.എഫിന് അനുകൂലമാകും. ഇതിനൊപ്പം എൽ.ഡി.എഫ്. സർക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികളോട് സാധാരണക്കാർക്കുള്ള അനുകൂലമനോഭാവം വോട്ടാകും. നാല്‌ ബ്ലോക്ക് പഞ്ചായത്തുകളും എൽ.ഡി.എഫിന്‌ ലഭിക്കുന്ന അന്തരീക്ഷമാണുള്ളത്. മൂന്നുനഗരസഭകളിലും കൂടുതൽ ഗ്രാമപ്പഞ്ചായത്തുകളിലും അധികാരത്തിലെത്തും.

*യു.ഡി.എഫിലെ വിമതശല്യം തുണയ്ക്കുമോ?

തീർച്ചയായും. യു.ഡി.എഫിന്റെ സംസ്ഥാനനേതാക്കൾ - ഉമ്മൻചാണ്ടിയും ചെന്നിത്തലയുമെല്ലാം വരുന്നത് വിമതരെ അനുനയിപ്പിക്കാനാണ്. അല്ലാതെ ജനങ്ങളെ കാണാനല്ല. മറ്റൊരു പ്രധാനകാര്യം, എൽ.ഡി.എഫ്. ഭരിച്ച പഞ്ചായത്തുകളിൽ അഴിമതിയുമായി ബന്ധപ്പെട്ട ഒരു സമരവും നടന്നിട്ടില്ല. യു.ഡി.എഫ്. പഞ്ചായത്തുകളിൽ അതുണ്ട്. കണിയാമ്പറ്റയിൽ വിജിലൻസ് അന്വേഷണം നടക്കുന്നു. പടിഞ്ഞാറത്തറയിൽ പ്രളയഫണ്ട് അനർഹർക്കുനൽകിയതിൽ അന്വേഷണം നടക്കുന്നു. യു.ഡി.എഫ്. നേതൃത്വത്തിലുള്ള ബാങ്കുകളിൽനടന്ന അഴിമതിയും ചർച്ചയാണ്. പുല്പള്ളി ബാങ്ക് ഭരണസമിതിയിലെ മൂന്നോ നാലോ പേർ സ്ഥാനാർഥികളാണ്. അവർ ജയിച്ചാലും അംഗത്വം പോകുമെന്നതാണ് അവസ്ഥ. ഇങ്ങനെയല്ല വയനാട്ടിലെ എൽ.ഡി.എഫ്. എന്ന് ജനങ്ങൾക്കറിയാം. അത്‌ തിരഞ്ഞെടുപ്പിൽ പ്രകടമാകും

*സി.പി.എം. സ്ഥാനാർഥിനിർണയം ചിലയിടത്തെങ്കിലും ചർച്ചയായി. അത്‌ പതിവില്ലാത്തതാണ്. സി.പി.ഐ. രണ്ടിടത്ത് വേറിട്ട് മത്സരിക്കുന്നു. ഇതെല്ലാം ബാധിക്കുമോ?

സി.പി.ഐ. സ്ഥാനാർഥികൾ രണ്ടിടത്ത് നിൽക്കുന്നത് വ്യക്തിപരമായി സ്ഥാനാർഥിത്വം ലഭിക്കാത്തതിലുള്ള വിഷയമാണ്. അത് രാഷ്ട്രീയമായി തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. മുന്നണിക്കുള്ളിൽ അസ്വാരസ്യങ്ങളൊന്നുമില്ല. സി.പി.എമ്മിന് ഒരു നിലപാടുണ്ട്. ആരെങ്കിലും സ്വയം സ്ഥാനാർഥിയാവാൻ സന്നദ്ധനായാൽ, താനാണിതിന് യോഗ്യൻ എന്ന നിലപാടുസ്വീകരിച്ചാൽ ഒരു കാരണവശാലും പരിഗണിക്കില്ല. അതാണ് നൂൽപ്പുഴയിൽ പ്രശ്നമായത്. അവരെല്ലാം യോഗ്യരായിരിക്കാം, എങ്കിലും തീരുമാനിക്കേണ്ടത് സംഘടനയാണ്.

*സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങൾ ബാധിക്കുമോ?

സ്വർണക്കടത്തൊന്നും താഴെത്തട്ടിൽ ബാധകമേയല്ല. പിണറായി വിജയൻ അഴിമതിനടത്തുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നില്ല. വീടുകളിൽ പോകുമ്പോൾ അത്‌ വ്യക്തമാണ്.

സ്ഥാനാർഥിനിർണയത്തിലുൾപ്പെടെ ഞങ്ങളുടെ അശ്രദ്ധകൊണ്ട് ഒരിടത്തും തോൽക്കരുതെന്ന ബോധ്യത്തിലാണ് ഇക്കുറി പ്രവർത്തനം. സൂക്ഷ്മമായ, ചിട്ടയായ പ്രവർത്തനമാണ് നടക്കുന്നത്. ഏകദേശം 400 വാർഡുകളിൽ ഇരുപതിലധികം കുടുംബയോഗം ചേർന്നു. മുന്നൂറിലധികം വാർഡുകളിൽ ജയിക്കേണ്ടതിലധികം ആളുകൾ പങ്കെടുത്തു.

*ബി.ജെ.പി. കൂടുതൽ സീറ്റുനേടുമെന്നും അധികാരത്തിലെത്തുമെന്നും അവകാശപ്പെടുന്നുണ്ട്. ഇതെങ്ങനെ വിലയിരുത്തുന്നു

നൂൽപ്പുഴ പഞ്ചായത്തിൽ 2010-ൽ നാലുസീറ്റ് ബി.ജെ.പി.ക്കുണ്ടായിരുന്നു. കഴിഞ്ഞതവണ അത് ഒന്നായി. ഇത്തവണ പൂതാടിയിലെ ബി.ജെ.പി. സീറ്റുകളിൽ എൽ.ഡി.എഫ്. ജയിക്കും.ബി.ജെ.പി.യും യു.ഡി.എഫും തമ്മിൽ രഹസ്യബന്ധമുണ്ട്.

ബി.ജെ.പി.ക്ക് വയനാട്ടിൽ കഴിഞ്ഞതവണ മത്സരിച്ച പലയിടത്തും സ്ഥാനാർഥികളില്ല. പാർട്ടി വളർന്നെങ്കിൽ കൂടുതൽ സീറ്റിൽ മത്സരിക്കണ്ടേ? വളരുംതോറും സ്ഥാനാർഥികൾ കുറയുമോ, ബി.ജെ.പി. നേതൃത്വം അത്‌ വ്യക്തമാക്കണം.

വെൽഫെയർപാർട്ടിയുമായുള്ള ബന്ധവും യു.ഡി.എഫിനെ തുണയ്ക്കില്ല. വെൽഫെയർപാർട്ടി വോട്ടും യു.ഡി.എഫ്. വോട്ടും ചേർന്നാൽ ജയിക്കാമെന്നാണ് യു.ഡി.എഫ്. കണക്കുകൂട്ടുന്നത്. എന്നാൽ, സംഭവിക്കുക മറിച്ചാണ്. കാലാകാലമായി യു.ഡി.എഫിനൊപ്പംനിന്നിരുന്ന മതേതരസ്വഭാവമുള്ളവർ ഇക്കുറി ഇക്കാരണത്താൽ എൽ.ഡി.എഫിനൊപ്പം നിൽക്കും.

 

Content Highlights: Interview with CPM leader P Gagarin