Local Body Electionമാനന്തവാടി: എടവക ഏഴാം വാർഡിൽ ഇക്കുറി സി.സി. ജോണി മത്സരിക്കാനില്ല, അങ്കത്തട്ടിൽ പകരം ഭാര്യ ലിസിയാണിറങ്ങുന്നത്. വാർഡ് വനിതാ സംവരണമായതോടെയാണ് ലിസി സി.പി.എം. സ്ഥാനാർഥിയായത്.

എടവക പള്ളിക്കൽ ഡിവിഷനിൽ നിന്ന് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ജസ്റ്റിൻ ബേബി ഇവരുടെ ബന്ധുവാണ്. ജോണിയുടെ മൂത്ത സഹോദരന്റെ മകനാണ് ജസ്റ്റിൻ ബേബി. 2005-ൽ ജസ്റ്റിൻ ബേബി ഏഴാം വാർഡിൽനിന്നാണ് ജയിച്ചത്. 2005 മുതൽ 2010 വരെ എടവകഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്നു ജസ്റ്റിൻ ബേബി.

ഭർത്താവിനുപകരം ഭാര്യയെ സി.പി.എം. ഇറക്കിയെങ്കിൽ കൊയിലേരിയിൽ കോൺഗ്രസ് ഭാര്യയെമാറ്റി ഭർത്താവിനെ ഇറക്കിയിട്ടുണ്ട്. കൊയിലേരി ഡിവിഷനിലെ കൗൺസിലറായിരുന്ന മഞ്ജുള അശോകന്റെ ഭർത്താവ് അശോകനാണ് ഇത്തവണ യു.ഡി.എഫ്. സ്ഥാനാർഥി.

മാനന്തവാടി പഞ്ചായത്ത് അംഗമായിരുന്ന പരേതനായ തോമസ് ആര്യപ്പള്ളിയുടെ ഭാര്യ മാർഗരറ്റ് തോമസ് ഇത്തവണ നഗരസഭയിലെ ആറാട്ടുതറ ഡിവിഷനിലാണ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. ഇവർ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മുൻപ്രസിഡന്റായിരുന്നു.