കല്പറ്റ: കോവിഡ് പ്രതിസന്ധിയെ മറികടന്നും മുറുകിയ പോരാട്ടത്തിന്റെ ചൂട് ജില്ലയിൽ പോളിങ്ങിലും പ്രതിഫലിച്ചു. 79.51 ശതമാനം വോട്ടർമാരാണ് ജില്ലയിൽ വോട്ടവകാശം വിനിയോഗിച്ചത്. വെള്ളിയാഴ്ച അന്തിമ കണക്കുവരുമ്പോൾ 80 ശതമാനം കടക്കാൻ സാധ്യതയുണ്ട്.

625461 വോട്ടർമാരിൽ 497326 പേരാണ് വോട്ടു ചെയ്തത്. 305921 പുരുഷ വോട്ടർമാരിൽ 245128 പേർ വോട്ടു ചെയ്തു (80.13 ശതമാനം). 319534 സ്ത്രീ വോട്ടർമാരിൽ 252197 പേർ ബൂത്തിലെത്തി. (78.93). ആറു ട്രാൻസ്ജെൻഡർ വോട്ടുണ്ടായിരുന്നെങ്കിലും ഒരാളേ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയുള്ളൂ. 1857 സ്ഥാനാർഥികളാണ് ജില്ലയിൽ ജനവിധി തേടിയത്. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായുള്ള 528 സീറ്റുകളിലേക്കാണ് ഇത്രയും സ്ഥാനാർഥികൾ ജനവിധി തേടിയത്.

നഗരസഭകളിൽ മാനന്തവാടിയിലാണ് ഏറ്റവും കൂടുതൽപ്പേർ വോട്ടു ചെയ്തത്. 80.84 ശതമാനം. കല്പറ്റയിൽ 78.62, ബത്തേരിയിൽ 79.05 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പോളിങ് ശതമാനം. ബ്ലോക്ക് പഞ്ചായത്തുകളിൽ സുൽത്താൻ ബത്തേരിയിൽ 81.65, പനമരത്ത് 76.79, കല്പറ്റ 79.75 എന്നിങ്ങനെയാണ് അവസാന നില. തവിഞ്ഞാലിൽ ഒരു ബൂത്തിലെ അവസാന നില രേഖപ്പെടുത്താത്തതിനാൽ മാനന്തവാടി ബ്ലോക്കിൽ കണക്കു പൂർത്തിയായിട്ടില്ല. ഈ ബൂത്ത് ഒഴികെ 80.34 ആണ് ഇവിടുത്തെ പോളിങ് ശതമാനം. 2015-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 82.18 ശതമാനം പേരാണ് വോട്ടുരേഖപ്പെടുത്തിയത്.

പുലർച്ചെ മുതൽ തിരക്ക്, വൈകീട്ടോടെ കാലി

പുലർച്ചെതന്നെ പല പോളിങ് ബൂത്തുകൾക്കു മുന്നിലും വോട്ടർമാരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. ഏഴുമണിക്ക് തുടങ്ങിയ വോട്ടെടുപ്പ് ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും ജില്ലയിൽ 6.11 ശതമാനം പേർ വോട്ടുരേഖപ്പെടുത്തി. 625461 വോട്ടർമാരിൽ 38208 പേരാണ് ആദ്യമണിക്കൂറിൽ വോട്ടു ചെയ്തത്. ആദ്യത്തെ ഒരു മണിക്കൂറിൽ കല്പറ്റ നഗരസഭയിലാണ് ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്തത്. 24249 വോട്ടർമാരുള്ള നഗരസഭയിൽ 1846 പേർ രാവിലെ ബൂത്തിലെത്തി. 7.61 ആണ് ആദ്യ മണിക്കൂറിലെ വോട്ടിങ് ശതമാനം.

എട്ടുമണിക്കുശേഷം എല്ലായിടങ്ങളിലും കൂടുതൽ വോട്ടർമാർ എത്തിത്തുടങ്ങി. 8.15-ന് ജില്ലയിലെ പോളിങ് 8.18 ശതമാനമായി. 51180 വോട്ടു ചെയ്തു. 8.30 ആയപ്പോൾ 53924 പേർ വോട്ടു ചെയ്തു. 9.05-ന് പോളിങ് ശതമാനം 14.5 ആയി. 10-ന് ഇത് 18.75 ആയി. 12 മണിക്ക് ഇത് 38.32 ശതമാനമായി. ഉച്ചയ്ക്ക് ഒരു മണിയോടെ പകുതിപ്പേർ വോട്ടുചെയ്തു. ശതമാനം 50.63 ആയി. ഒരുമണിയോടെ 295579 പേരാണ് വോട്ടു ചെയ്തത്. 154771 പുരുഷൻമാരും 161888 സ്ത്രീകളുമാണ് ഉച്ചയ്ക്കുമുമ്പ് വോട്ടുചെയ്തത്.

2.24-ന് പോളിങ് 62.29 ശതമാനമായി ഉയർന്നു. വോട്ടുചെയ്തവരുടെ എണ്ണം 389596 ആയി. 190105 പേർ പുരുഷൻമാരും 199490 പേർ സ്ത്രീകളും വോട്ടു ചെയ്തു. ട്രാൻസ്ജെൻഡർ വിഭാഗത്തിലെ ഒരാളും വോട്ട് ചെയ്തു. മൂന്നുമണിക്ക് പോളിങ് 63.87 ശതമാനമായും നാലിന് 71.05 ശതമാനമായും ഉയർന്നു. അഞ്ചുമണിക്ക് പോളിങ് 76.05 ശതമാനമായി. 5.58 ആയപ്പോൾ 78.63 ശതമാനം പേർ വോട്ടു ചെയ്തു. 491819 പേരാണ് 5.58 വരെ ജില്ലയിൽ വോട്ടവകാശം വിനിയോഗിച്ചത്.

ആകെ 848 പോളിങ് സ്റ്റേഷനുകളാണ് ജില്ലയിലുണ്ടായിരുന്നത്. ആറുമണിയോടെ 91 പോളിങ് സ്റ്റേഷനിലെ വോട്ടെടുപ്പ് പൂർത്തിയായി. ആറരയോടെ വോട്ടെടുപ്പ് പൂർത്തിയായ സ്റ്റേഷനുകളുടെ എണ്ണം 453 ആയി. പോളിങ് 79.27 ശതമാനമായി.

ഉച്ചയ്കുശേഷം മിക്ക ബൂത്തുകളിലും തിരക്കൊഴിഞ്ഞ നിലയിലായിരുന്നു. മിക്കവാറും ബൂത്തുകളിലും ഉച്ചയോടെതന്നെ വലിയ വിഭാഗം വോട്ടർമാർ വോട്ടു ചെയ്തു കഴിഞ്ഞിരുന്നു.

അവസാനത്തെ ഒരു മണിക്കൂർ കോവിഡ് ബാധിതർക്കായി നീക്കി വെച്ചിരുന്നു. വൈകുന്നേരമായാൽ കൂടുതൽ കോവിഡ് രോഗികൾ എത്തിയേക്കാമെന്നതും രാവിലത്തെ തിരക്കിന് കാരണമായെന്നാണ് കരുതുന്നത്. ബുധനാഴ്ച വൈകുന്നേരം മൂന്നുമണിക്കുശേഷം കോവിഡ് പോസീറ്റിവായവരാണ് പി.പി.ഇ. കിറ്റ് ധരിച്ച് വൈകുന്നേരം വോട്ടു ചെയ്തത്.

ഇനി കണക്കുകൂട്ടൽ

അവസാന കണക്കുവരുമ്പോൾ പോളിങ്ങ് ശതമാനം എൺപതിലെത്തുമെന്നുറപ്പായതോടെ ഇതിന്റെ ഗുണം ആർക്കെന്നതിനെച്ചൊല്ലിയാവും രാഷ്ട്രീയകേന്ദ്രങ്ങളുടെ വിലയിരുത്തൽ. വോട്ടർമാരുടെ മികച്ച പ്രതികരണം തങ്ങൾക്ക് അനുകൂലമാണെന്നാണ് മൂന്നു മുന്നണികളും അവകാശപ്പെടുന്നതെങ്കിലും ചില മേഖലകളിൽ എല്ലാവർക്കും ചങ്കിടിക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും മുറുകിയ മത്സരംതന്നെയാണ് വോട്ടർമാരെ രോഗഭീതിക്കിടയിലും ബൂത്തുകളിലെത്തിച്ചതെന്നാണ് കരുതുന്നത്. യുവാക്കൾ ധാരാളമായി മത്സരരംഗത്തെത്തിയതും വോട്ടർമാരെ സ്വാധീനിച്ചു. കോവിഡ് കാലത്ത് പുറത്തിറങ്ങാനാവാത്തവർ അതിനുള്ള അവസരമായും വോട്ടെടുപ്പുദിവസത്തെ കണ്ടു.