Appachanമാനന്തവാടി: നാട്ടിലെ തിരഞ്ഞെടുപ്പ് ചൂടൊന്നും കുറ്റിയോട്ടിൽ അച്ചപ്പനെന്ന കോൺഗ്രസ് നേതാവിനെ ഇത്തവണ ബാധിച്ചിട്ടേയില്ല. തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോഴും പാടത്ത് പാവൽക്കൃഷിക്ക് പന്തലൊരുക്കുകയാണ് അദ്ദേഹം. ഇപ്പോഴും മനസ്സുകൊണ്ട് പഴയ കോൺഗ്രസുകാരാനാണെങ്കിലും പാർട്ടിപ്രവർത്തനങ്ങളിൽ നിന്നെല്ലാം വിട്ടൊഴിഞ്ഞു. പാർട്ടി യോഗങ്ങളിലോ പ്രചാരണ പരിപാടികളിലോ ഒന്നും ഇത്തവണ അദ്ദേഹമില്ല. വർഷങ്ങളോളം ജനപ്രതിനിധിയായും പാർട്ടി നേതാവായും തിളങ്ങിയ അച്ചപ്പൻ 2016-ലാണ് സജീവ രാഷ്ട്രീയം വിട്ട് കൃഷിയിലേക്ക് തിരിഞ്ഞത്. തിരഞ്ഞെടുപ്പ് കാലത്തും തന്റെ കൃഷിയിടത്തിലെ തിരക്കിലാണ് അദ്ദേഹം.

2000 മുതൽ 2008- വരെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു അച്ചപ്പൻ. 2008 മുതൽ 2010 വരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി. 2010-ൽ മുതിരേരിയിൽനിന്ന് ജയിച്ച് തവിഞ്ഞാൽ പഞ്ചായത്തിൽ സ്ഥിരംസമിതി അധ്യക്ഷനുമായി. 2015-ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിലും 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും യു.‍ഡി.എഫിന്റെ വിജയത്തിനായി അക്ഷീണം പ്രവർത്തിച്ചു.

ഇതിനിടെ 13- വർഷം ഡി.സി.സി. ജനറൽ സെക്രട്ടറി, ഒന്നരവർഷം മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, 15 വർഷം ആദിവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, രണ്ടു വർഷം ജില്ലാ ആർച്ചറി അസോസിയേഷൻ പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു.

തിരക്കിനിടയിലും ചെയ്തിരുന്ന കൃഷി കൂടുതൽ മെച്ചപ്പെടുത്താൻ തീരുമാനിച്ചതോടെയാണ് സജീവ രാഷ്ടീയം വിട്ടതെന്ന് അച്ചപ്പൻ പറയുന്നു. കൃഷിയും രാഷ്ട്രീയവും ഒന്നിച്ച് കൊണ്ട‌ുപോകാനാവില്ലെന്ന് മനസ്സിലായതോടെ ചുമതലകളെല്ലാമൊഴിഞ്ഞു. പ്രവർത്തകരും സ്ഥാനാർഥികളുമെല്ലാം അച്ചപ്പനെ വിളിക്കാറുണ്ട്. കാണാൻ വരാറുമുണ്ട്. കൃഷിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അച്ചപ്പൻ പറഞ്ഞു. തവിഞ്ഞാലിലെ കുറ്റിയോട്ട് കോളനിയിലാണ് അച്ചപ്പനും ഭാര്യ മാധവിയും താമസിക്കുന്നത്. മൂന്നു പെൺമക്കളും വിവാഹിതരായി. പാവലാണ് അച്ചപ്പന്റെ പ്രധാനകൃഷി. ഒപ്പം വാഴയും, കപ്പയുമുണ്ട‌്. സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി.