കല്പറ്റ: ഒരുമാസത്തോളം നീണ്ട പ്രചാരണത്തിനൊടുവിൽ വയനാട്ടിലെ വോട്ടർമാർ വ്യാഴാഴ്ച പോളിങ് ബൂത്തുകളിലെത്തും. ഒാൺലൈനിൽ കൊടിയേറിയ പ്രചാരണം കൊട്ടിക്കലാശമെത്തുമ്പോഴേക്കും ആവേശക്കൊടുമുടി കയറിയതിന്റെ ആത്മവിശ്വാസത്തിലാണ് മുന്നണികളെല്ലാം. കോവിഡ് നിയന്ത്രണങ്ങൾ കാരണം ആദ്യഘട്ടത്തിൽ തണുത്തുനിന്നരംഗം പതിയെ ചൂടുപിടിച്ചത് സ്ഥാനാർഥികൾക്കെല്ലാം ആശ്വാസമേകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒന്നാംഘട്ട പോളിങ് നടന്ന ജില്ലകളിലെ കൂടിയ പോളിങ് നിരക്കും മുന്നണികൾക്കെല്ലാം ഒരുപോലെ ആവേശം പകരുന്നുണ്ട്. കോവിഡ് ഭീതികാരണം വോട്ടർമാർ വിട്ടുനിന്നേക്കുമെന്ന ആധിയാണ് ഇതോടെ ഇല്ലാതായത്.

പ്രവചനാതീതമായ നിലയിലേക്ക് ജില്ലയിലെ പല മേഖലകളിലും പോരാട്ടത്തിന്റെ താപനില ഉയർന്നെങ്കിലും മൂന്നുമുന്നണികളും ശുഭാപ്തി വിശ്വാസത്തിലാണ്. വിമതർ തലവേദനയാണെങ്കിലും മികച്ചവിജയം നേടാനാവുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. വലിയ വിജയംനേടിയ 2010- ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലമായിരിക്കും ഇത്തവണ ആവർത്തിക്കുകയെന്നാണ് അവരുടെ അവകാശവാദം. എന്നാൽ പൊതുവേ യു.ഡി.എഫ്. ശക്തികേന്ദ്രമായി കരുതപ്പെടുന്ന വയനാട്ടിലെ തദ്ദേശ സ്ഥാപനങ്ങളിൽ വൻവിജയം നേടിയ 2015- ലെ ഫലമാണ് എൽ.ഡി.എഫിന്റെ ആത്മവിശ്വാസം. ഒരിക്കലും കൈയിലൊതുങ്ങാത്ത ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ പിടിച്ചെടുത്ത് കഴിഞ്ഞ തവണത്തേക്കാൾ തിളങ്ങുന്ന വിജയമാണ് അവരുടെ പ്രതീക്ഷ. 114 സീറ്റുകൾ പിടിച്ച് വമ്പൻ വിജയം നേടുമെന്നാണ് ബി.ജെ.പി. യുടെ അവകാശവാദം. രണ്ടു പഞ്ചായത്തുകളിൽ ഭരണത്തിലെത്തുമെന്നും മറ്റിടങ്ങളിലെല്ലാം നിർണായക ശക്തിയാവുമെന്നും അവർ പറയുന്നു. എൻ.ഡി.എ. അവകാശപ്പെടുന്നതുപോലെ മുന്നേറ്റമുണ്ടാക്കിയാൽ അതാരെ ബാധിക്കുമെന്നതും കണ്ടറിയേണ്ടിവരും. വികസന രംഗത്തെ വയനാടിന്റെ പിന്നാക്കാവസ്ഥ മുതൽ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ വരെ വന്നുനിറഞ്ഞ പ്രചാരണത്തിൽ ജനം എന്തൊക്കെ മുഖവിലക്കെടുത്തുവെന്നതും ജനവിധിയോടെ വ്യക്തമാവും.

ആവേശം ചോരാതെ അവസാന ദിനവും

മിക്കയിടത്തും മത്സരം പ്രവചനാതീതമായി കനത്തതോടെ നിശ്ശബ്ദ പ്രചാരണദിനത്തിലും വോട്ടുറപ്പിക്കാൻ അവസാനവട്ട ഓട്ടപ്രദക്ഷിണത്തിലായിരുന്നു സ്ഥാനാർഥികളും പ്രവർത്തകരും. നിർണായകമായ അവസാന മണിക്കൂറുകളിൽ പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു എല്ലാവരും. പ്രധാന വ്യക്തികളെയും പരമാവധി വോട്ടർമാരെയും നേരിൽ കാണാനാണ് സ്ഥാനാർഥികളെല്ലാം നിശ്ശബ്ദ പ്രചാരണ ദിവസം ചെലവിട്ടത്. മത്സരം മുറുകിയെങ്കിലും വോട്ടർമാരുടെ ഉള്ളിലിരിപ്പ് പിടികിട്ടാത്തതിന്റെ ആശങ്ക പല നേതാക്കളും പ്രവർത്തകരും പങ്കുവെക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ കാരണം ആകെ മാറിയ പ്രചാരണം എത്ര കണ്ട് ഏശിയെന്നതിലാണ് മുന്നണികളുടെ ചങ്കിടിപ്പ്.

സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയാണ് ജില്ലയിൽ എൽ.ഡി.എഫ്. പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ എം.പി., സി.കെ. ശശീന്ദ്രൻ എം.എൽ.എ., ഒ.ആർ. കേളു എം.എൽ.എ., ഉൾപ്പെടെയുള്ള നേതാക്കൾ ബുധനാഴ്ച അവസാന വട്ടം വോട്ടുറപ്പിക്കാനിറങ്ങി. കണിയാമ്പറ്റ പഞ്ചായത്തിലെ ഇടതുമുന്നണി സ്ഥാനാർഥികളുടെ വിജയത്തിനായി എം.വി. ശ്രേയസ് കുമാർ എം.പി. പ്രചാരണത്തിനെത്തി. പറളിക്കുന്ന് പത്താം വാർഡിലായിരുന്നു പ്രചാരണം.

ഡി.സി.സി. പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ, യു.ഡി.എഫ്. കൺവീനർ എൻ.ഡി. അപ്പച്ചൻ, ചെയർമാൻ പി.പി.എ. കരീം തുടങ്ങിയവരാണ് യു.ഡി.എഫ്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വിജയ സാധ്യതയുള്ള വാർഡുകളിലാണ് അവസാന ഘട്ടം എൻ.ഡി.എ. കേന്ദ്രീകരിച്ചത്. തങ്ങളുടെ സാധ്യതയില്ലാതാക്കാൻ കോൺഗ്രസ് - സി.പി.എം. രഹസ്യ ധാരണയുണ്ടെന്നാണ് ബി.ജെ.പി.യുടെ ആരോപണം.