കല്പറ്റ: ബ്ലോക്ക് പഞ്ചായത്തുകൾ പിടിക്കാൻ ഇക്കുറി ജില്ലയിൽ നടക്കുന്നത് വീറുറ്റ പോരാട്ടം. ഗ്രാമ-ജില്ലാ പഞ്ചായത്തു പോരാട്ടങ്ങൾക്കിടയിൽ നിറംമങ്ങുന്ന പ്രചാരണങ്ങളാണ് ബ്ലോക്കിൽ പതിവ്. യു.ഡി.എഫിന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതികളിലുള്ള മുൻകൈ തകർക്കാൻ എൽ.ഡി.എഫും ഭരണത്തുടർച്ച ഉറപ്പാക്കാൻ യു.ഡി.എഫും ഉശിരൻ പോരാട്ടത്തിലാണ്. എല്ലാ ബ്ലോക്കിലും സാന്നിധ്യമുറപ്പിക്കാൻ എൻ.ഡി.എ. കൂടി ഒരുങ്ങിയതോടെ മത്സരം പൊടിപാറും.

ജില്ലാപഞ്ചായത്തിനു സമാനമായിത്തന്നെ ഓരോ ബ്ലോക്കുപഞ്ചായത്തുകൾക്കും പ്രത്യേകമായി പ്രചാരണ പരിപാടികൾ എൽ.ഡി.എഫ്. ആസൂത്രണം ചെയ്തിട്ടുണ്ട്. ജനസമ്മതരായവരെ ബ്ലോക്കുകളിലേക്ക് പരിഗണിച്ചത് ഗുണം ചെയ്യുമെന്ന വിശ്വാസം ഇടതുമുന്നണിക്കുണ്ട്. ഒപ്പം ചെറുപ്പക്കാർ കൂടി സ്ഥാനാർഥികളായെത്തുന്നുണ്ട്. സ്ഥാനാർഥികളുടെ ഡിവിഷൻ പര്യടനം തുടങ്ങി. ജില്ലാ പഞ്ചായത്തു സ്ഥാനാർഥികൾക്കൊപ്പം അതതു ഡിവിഷനുകളിൽ ബ്ലോക്കു പഞ്ചായത്ത് സ്ഥാനാർഥിയും പങ്കെടുക്കണമെന്ന് കർശനനിർദേശം നൽകിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ചും പ്രകടനപത്രികയും പ്രത്യേക പൊതുയോഗങ്ങളും സംഘടിപ്പിക്കും. ഓൺലൈൻ പ്രചാരണവും സജീവമാക്കും.

സംസ്ഥാന നേതാക്കളെക്കൂടി പങ്കെടുപ്പിച്ചുള്ള പരിപാടികൾ ബ്ലോക്കുതലത്തിൽ സംഘടിപ്പിക്കാനാണ് യു.ഡി.എഫ്. തീരുമാനം. യു.ഡി.എഫിന് മേൽക്കൈ നേടുന്ന രീതിയുള്ള വോട്ടിങ് സ്വഭാവം നിലനിർത്താൻകഴിയുന്നതിനൊപ്പം മുൻഭരണസമിതിയംഗങ്ങളുടെ പ്രവർത്തനമികവും തുണയ്ക്കുമെന്നാണ് കണക്കുകൂട്ടൽ. ബ്ലോക്കിൽ വിമതരില്ലാത്തതും യു.ഡി.എഫിന് ആശ്വാസമാണ്.

ബ്ലോക്കുപഞ്ചായത്തിൽ ഇക്കുറി അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. ബത്തേരിയിൽ ഒരു ഡിവിഷനിൽനിന്ന് ഉറപ്പായും ജയിച്ചുകയറാമെന്ന് എൻ.ഡി.എ. കണക്കുകൂട്ടുന്നു. അതിനൊപ്പം മറ്റൊരു ഡിവിഷനിൽ വിജയസാധ്യതയുമുണ്ട്. മറ്റു ബ്ലോക്കുകളിലെ വിജയസാധ്യതയുള്ള മേഖലകൾ കേന്ദ്രീകരിച്ചു വരുംദിവസങ്ങളിൽ സജീവമായി പ്രചാരണം നടത്തും.

ബത്തേരി ആർക്കൊപ്പം

നിലവിൽ എൽ.ഡി.എഫിനൊപ്പമുള്ള ഏക ബ്ലോക്ക് പഞ്ചായത്താണ് ബത്തേരി. ഭരണത്തുടർച്ചയ്ക്കും ഭരണം പിടിച്ചെടുക്കാനുമുള്ള കടുത്ത മത്സരമാണ് എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ. നൂൽപ്പുഴ, നെന്മേനി, അമ്പലവയൽ സീറ്റുകളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. നെന്മേനിയും അമ്പലവയലും അനുകൂലമായാൽ ഭരണം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ശക്തമായ മത്സരമാണ് എല്ലാ ഡിവിഷനിലും. ബി.ജെ.പി.ക്ക് സ്വാധീനമുള്ള ഡിവിഷനുകളിൽ ത്രികോണ മത്സരവുമുണ്ട്. ഒരു ഡിവിഷനിൽ വിജയിച്ചുകയറാമെന്നും മറ്റിടങ്ങളിൽ വോട്ടുനില ഉയർത്താമെന്നുമുള്ള വിശ്വാസത്തിലാണ് എൻ.ഡി.എ. അങ്ങനെയാണെങ്കിൽ ഇവിടെ എൻ.ഡി.എ. പിടിക്കുന്ന വോട്ടുകൾ മുന്നണി സമവാക്യങ്ങളെ മാറ്റും. സ്വന്തം കോട്ടകൾ സുരക്ഷിതമാക്കാനും എതിരാളികളുടെ പാളയത്തിൽ വിള്ളൽവീഴ്ത്താനുമുള്ള തന്ത്രങ്ങളും മറുതന്ത്രങ്ങളുമൊക്കെയായി സ്ഥാനാർഥികളും നേതാക്കളുമെല്ലാം ഓടിനടക്കുകയാണ്.

കല്പറ്റയിൽ മുന്നണി മാറുമോ?

എൽ.ജെ.ഡി.യുടെ മുന്നണിപ്രവേശനം കല്പറ്റയിൽ തങ്ങളെ തുണയ്ക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. എൽ.ജെ.ഡി.ക്ക് വോട്ടുബാങ്കുള്ള കോട്ടത്തറ, മേപ്പാടി പ്രദേശങ്ങളിൽ നിലവിൽ യു.ഡി.എഫ്. അംഗങ്ങളാണ്. അതു തങ്ങൾക്കനുകൂലമായി മാറുമെന്നാണ് എൽ.ഡി.എഫ്. കണക്കുകൂട്ടുന്നത്. വൈത്തിരി, ചൂരൽമല, അരപ്പറ്റ തുടങ്ങി തോട്ടംമേഖലകളിലാണ് എൽ.ഡി.എഫ്. കഴിഞ്ഞ തവണ മേൽക്കൈ നേടിയത്. അതുനിലനിർത്താനാകുമെന്നും പ്രതീക്ഷിക്കുന്നു.

എന്നാൽ പടിഞ്ഞാറത്തറ, മൂപ്പൈനാട്, തരിയോട് പഞ്ചായത്തുകളിലും ബ്ലോക്കിൽ പൊതുവേയുമുള്ള കോൺഗ്രസ് ആഭിമുഖ്യം ഇത്തവണയും തുണയ്ക്കുമെന്ന് യു.ഡി.എഫ്. പ്രതീക്ഷിക്കുന്നു. മുൻഭരണസമിതിയുടെ പ്രവർത്തനങ്ങൾ അനുകൂലമാണെന്നാണ് വിലയിരുത്തൽ. മുൻഭരണസമിതി അംഗങ്ങൾ ഉൾപ്പെടെ മത്സരത്തിനുണ്ട്. സ്ഥാനാർഥികളിലെ ചെറുപ്പക്കാരുടെ സാന്നിധ്യവും വോട്ടാകുമെന്നാണ് കണക്കുകൂട്ടൽ. എൻ.ഡി.എ.യിൽ മുഴുവൻ സീറ്റിലും ബി.ജെ.പി.യാണ് മത്സരിക്കുന്നത്.

പോരാട്ടത്തിൽ പനമരം

യു.‍ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും ഉരുക്കുകോട്ടകൾ മാറിമറിയുമോ എന്നതാണ് പനമരത്തെ ശ്രദ്ധേയമാക്കുന്നത്. പുല്പള്ളി, മുള്ളൻകൊല്ലി, പൂതാടി, പനമരം, കണിയാമ്പറ്റ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പനമരം ബ്ലോക്ക്. ഇതിൽ പൂതാടി, പനമരം ഗ്രാമപ്പഞ്ചായത്തുകൾ എൽ.ഡി.എഫിനും ‌ശേഷിക്കുന്നവ യു.ഡി.എഫിനുമൊപ്പമാണ്. എൽ.ഡി.എഫിന് ആധിപത്യമുള്ള പൂതാടിയിലും യു.ഡി.എഫിന്റെ ശക്തികേന്ദ്രമായിരുന്ന പനമരത്തും ഇത്തവണ മത്സരം കടുപ്പമാണ്. ഇരുമുന്നണികളും പരസ്പരം വീഴ്ത്താമെന്നുള്ള ഉറപ്പിലാണിവിടെ. കണിയാമ്പറ്റയിലും വാശിയേറിയ പോരാട്ടമാണ്. പുല്പള്ളിയും മുള്ളൻകൊല്ലിയും യു.ഡി.എഫിനെ തുണയ്ക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ അട്ടിമറിയുണ്ടാവുമെന്ന് എൽ.ഡി.എഫും പ്രതീക്ഷിക്കുന്നു.

എൻ.ഡി.എ.യിൽ 13 സീറ്റുകളിൽ ബി.ജെ.പി.യും ഒരു സീറ്റിൽ ബി.ഡി.ജെ.എസും മത്സരിക്കും. ബി.ജെ.പി.ക്ക് വോട്ടുബാങ്കുള്ള ഇവിടെ അവർ പിടിക്കുന്ന വോട്ടുകൾ നിർണായമാകും.

മാനന്തവാടി മലക്കംമറിയുമോ?

യു.ഡി.എഫ്. ശക്തികേന്ദ്രമായ വെള്ളമുണ്ടയും എൽ.ഡി.എഫ്. ശക്തികേന്ദ്രമായ തിരുനെല്ലിയും ഉൾപ്പെടുന്ന ബ്ലോക്കിൽ ഇത്തവണ മത്സരം കടുപ്പത്തിലാണ്. എടവക, തവിഞ്ഞാൽ, തൊണ്ടർനാട് പഞ്ചായത്തുകൾ ആരെ തുണയ്ക്കുമെന്നതാണ് മാനന്തവാടിയിൽ നിർണായകമാവുക. ഫലം മാറിമറിയുന്ന ഈ പഞ്ചായത്തുകളിലെ വോട്ടുനിലയെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. യുവജനങ്ങളുടെ സ്ഥാനാർഥിത്വം തങ്ങൾക്ക് കൂടുതൽ ഡിവിഷനുകൾ നേടിത്തരുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ചെറിയ ഭൂരിപക്ഷത്തിന് മുൻതവണ എൽ.ഡി.എഫിനെ തുണച്ച ഡിവിഷനുകൾ കൂടി തങ്ങൾക്കൊപ്പം നിൽക്കുമെന്നും യു.ഡി.എഫ്. പ്രതിക്ഷിക്കുന്നു.

ഇത്തവണ ഭരണംപിടിക്കാനുളള ശ്രമത്തിലാണ് എൽ.ഡി.എഫ്. ജനസമ്മതരായ മുൻജനപ്രതിനിധികളെയും മുതിർന്ന നേതാക്കളെയും എൽ.ഡി.എഫ്. രംഗത്തിറക്കിയിട്ടുണ്ട്. പള്ളിക്കൽ, തേറ്റമല, തലപ്പുഴ, കല്ലോടി എന്നിവിടങ്ങളിലാണ് ഇരുമുന്നണികളും തമ്മിൽ ശക്തമായ മത്സരം നടക്കുന്നത്. എൻ.ഡി.എ. സ്ഥാനാർഥികളും സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ തവണ വോട്ടുനില ഉയർന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇക്കുറി സജീവപ്രചാരണം.