Local Body Electionകല്പറ്റ: പൊതുസമ്മതരായ നേതാക്കൾ, ജനപ്രതിനിധികളായി കഴിവു തെളിയിച്ചവർ, യുവജന-വിദ്യാർഥി-വനിതാനേതാക്കൾ, പ്രബലരായ സ്വതന്ത്രർ- ജില്ലാപഞ്ചായത്തിൽ ഇക്കുറി നടക്കുന്നത് കനത്ത പോരാട്ടം. തുടക്കംമുതലേ യു.ഡി.എഫിനൊപ്പമാണ് ജില്ലാപഞ്ചായത്ത്. ഡി.ഐ.സി. രൂപവത്കരിച്ചപ്പോൾ അവരുടെ പിന്തുണയിൽ 2005-2010 കാലയളവിൽമാത്രം എൽ.ഡി.എഫ്. ഭരണം. ഗ്രാമപ്പഞ്ചായത്തുകളിൽ ഭൂരിഭാഗവും എൽ.ഡി.എഫിനൊപ്പംനിന്ന തിരഞ്ഞെടുപ്പുകളിൽ പോലും ജില്ലാപഞ്ചായത്ത് ഭരണം മാറിയിട്ടില്ല. ഇക്കുറിയും ഭരണത്തുടർച്ചയുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. എന്നാൽ ജനസമ്മതരായ സ്ഥാനാർഥികളുടെ പിൻബലത്തിൽ ഭരണം പിടിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് എൽ.ഡി.എഫ്.

കഴിഞ്ഞതവണ 11 ഡിവിഷനുകൾ യു.ഡി.എഫ്. നേടിയപ്പോൾ അഞ്ചെണ്ണമാണ് എൽ.ഡി.എഫിനൊപ്പം നിന്നത്. കൈവശമുള്ള സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫിന് ലഭിച്ച സീറ്റുകളും പിടിച്ചെടുക്കാമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടലുകൾ. ജില്ലാപഞ്ചായത്തിൽ ഇക്കുറി എൽ.ഡി.എഫ്. ഭരണത്തിലെത്തുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിൻ പറഞ്ഞു. വീടുകൾ കയറിയുള്ള പ്രചാരണപ്രവർത്തനങ്ങളിൽ നിന്ന് സംസ്ഥാന സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നാണ് തിരിച്ചറിയുന്നത്. ഇത് എൽ.ഡി.എഫിന് അനുകൂലമാകുമെന്ന് ഗഗാറിൻ പറഞ്ഞു.

യുവനിരയ്ക്കൊപ്പം മുതിർന്ന നേതാക്കളും ജനപ്രതിനിധികളും സ്ഥാനാർഥികളായതോടെ ഭരണത്തുടർച്ചയുടെ കാര്യത്തിൽ സംശയമില്ലെന്ന് യു.ഡി.എഫ്. കൺവീനർ എൻ.ഡി. അപ്പച്ചൻ പറഞ്ഞു. ഡി.ഐ.സി.യുടെ പിന്തുണയിലാണ് ഒരു തവണമാത്രം ഇടതുമുന്നണി ഭരിച്ചത്. ഇത്തവണ കൂടുതൽ ഡിവിഷനുകളിൽ ജയിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാപഞ്ചായത്തിൽ ഇത്തവണ എൻ.ഡി.എ.യുടെ പ്രാതിനിധ്യം ഉറപ്പായും ഉണ്ടാവുമെന്നും രണ്ടു സീറ്റുകളിൽ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് സജി ശങ്കർ പറഞ്ഞു. തിരഞ്ഞെടുപ്പിൽ വനിതാപ്രാതിനിധ്യം കൂടുതൽ നൽകിയ പാർട്ടി ബി.ജെ.പി.യാണെന്നും അദ്ദേഹം പറഞ്ഞു.

മത്സരം കടുക്കും ഈ ഡിവിഷനുകളിൽ

2015-ലെ തിരഞ്ഞെടുപ്പിൽ അഞ്ഞൂറിൽ താഴെമാത്രം ഭൂരിപക്ഷമുള്ള പുല്പള്ളി (ഭൂരിപക്ഷം 80), തവിഞ്ഞാൽ (351), പൊഴുതന (384) തുടങ്ങിയ വാർഡുകളിൽ ഇക്കുറി കടുത്ത മത്സരമാണ്. ഇരുമുന്നണികളും പ്രബലരായ നേതാക്കളെയാണ് ഇവിടെ സ്ഥാനാർഥികളാക്കിയിരിക്കുന്നത്. പുല്പള്ളിയിൽ കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് മുൻപ്രസിഡന്റ് ഉഷാ തമ്പിയാണ് യു.ഡി.എഫ്. സ്ഥാനാർഥി. സി.പി.ഐ. ജില്ലാകമ്മിറ്റിയംഗം എം.എം. മേരിയാണ് എൽ.ഡി.എഫ്. സ്ഥാനാർഥി. കർഷക പുരോഗമനമുന്നണി സ്ഥാനാർഥിയായി മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വത്സ ചാക്കോയും മത്സരരംഗത്തുണ്ട്. വത്സ ചാക്കോ അട്ടിമറിവിജയം നേടുമോ, അല്ലെങ്കിൽ അവർനേടുന്ന വോട്ട് ആരെ തുണയ്ക്കും എന്ന കാര്യത്തിലാണ് ഇരുമുന്നണികൾക്കുമിടയിലെ പ്രതീക്ഷയും ആശങ്കയും.

പഞ്ചായത്തുപ്രസിഡന്റുമാരായ എൻ.സി. പ്രസാദിനെയും അനീഷാ സുരേന്ദ്രനെയും സ്ഥാനാർഥികളാക്കി അവരുടെ ജനസമ്മതി വോട്ടാക്കാനാണ് പൊഴുതനയിലും തവിഞ്ഞാലിലും എൽ.ഡി.എഫിന്റെ ശ്രമം. മുൻ ജില്ലാപഞ്ചായത്തു പ്രസിഡന്റു കൂടിയായ മുതിർന്ന കോൺഗ്രസ് നേതാവ് കെ.എൽ. പൗലോസ് സ്ഥാനാർഥിയായതോടെ പൊഴുതനയിൽ മത്സരം കടുത്തു. തവിഞ്ഞാലിൽ മീനാക്ഷി രാമനാണ് യു.ഡി.എഫ്. സ്ഥാനാർഥി.

പുല്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബിന്ദു പ്രകാശ് പനമരത്തും നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭൻകുമാർ ചീരാലിലും എൽ.ഡി.എഫ്. സ്ഥാനാർഥികളായതും വിജയം ലക്ഷ്യമിട്ടുതന്നെ. ഇരുവർക്കുമെതിരേ വിദ്യാർഥി നേതാക്കളാണ് യു.ഡി.എഫിൽ നിന്ന് മത്സരിക്കുന്നത്. പനമരത്ത് എം.എസ്.എഫ്. ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്‌നിയും ചീരാലിൽ കെ.എസ്.യു. ജില്ലാപ്രസിഡന്റ് അമൽ ജോയിയും. പനമരത്ത് കഴിഞ്ഞതവണ 3066 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ്. സ്ഥാനാർഥി പി.കെ. അസ്മത്ത് ജയിച്ചത്. കണിയാമ്പറ്റയിൽ യു.ഡി.എഫിലെ പി. ഇസ്മയിൽ നേടിയ 3775 വോട്ടിന്റെ ഭൂരിപക്ഷമാണ് ജില്ലാപഞ്ചായത്തു ഡിവിഷനുകളിലെ കഴിഞ്ഞതവണത്തെ കൂടിയ ഭൂരിപക്ഷം.

ചീരാലിൽ 1593 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞതവണ എൽ.ഡി.എഫിനുണ്ടായിരുന്നത്. ഇവിടെ യുവനേതാവിന്റെ സ്ഥാനാർഥിത്വം തങ്ങൾക്ക് അനുകൂലമാകുമെന്ന് യു.ഡി.എഫ്. പ്രതീക്ഷിക്കുന്നു. ബി.ജെ.പി.യുടെ യുവനേതാവ് പ്രശാന്ത് മലവയലിലാണ് എൻ.ഡി.എ.യുടെ പ്രതീക്ഷ.

അമ്പലവയൽ ഡിവിഷനിലും ഇക്കുറി മുതിർന്ന നേതാക്കളെയാണ് ഇരുമുന്നണികളും കളത്തിലിറക്കിയത്. എൽ.ഡി.എഫിനായി സുരേഷ് താളൂരും യു.ഡി.എഫിനായി കെ.കെ. വിശ്വനാഥനും മത്സരിക്കുന്നു. കഴിഞ്ഞതവണ 850 വോട്ടിന്റെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫിനെ പിന്തുണച്ച ഡിവിഷനാണിത്. യുവനേതാക്കൾ മത്സരരംഗത്തുള്ള വെള്ളമുണ്ട, പടിഞ്ഞാറത്തറ ഡിവിഷനുകളിലും ആവേശത്തിന്റെ ഗ്രാഫ് ഉയർത്താൻ എൽ.ഡി.എഫിനായിട്ടുണ്ട്. വനിതാനേതാക്കൾ പൊരുതുന്ന തോമാട്ടുചാലിലും മത്സരം മുറുകും.

യു.ഡി.എഫിൽ സ്ഥാനാർഥി നിർണയത്തിലുണ്ടായിരുന്ന ആശയക്കുഴപ്പങ്ങളും അതൃപ്തിയും പല ഡിവിഷനുകളിലും തങ്ങൾക്കനുകൂലമാണെന്ന് എൽ.ഡി.എഫ്. കണക്കൂകൂട്ടുന്നു. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയമുണ്ടാവുമെന്നാണ് യു.ഡി.എഫ്. ക്യാമ്പിന്റെ കണക്കുകൂട്ടൽ.