Local Body Electionകല്പറ്റ: ജില്ലാ പഞ്ചായത്ത് സീറ്റുകളുടെ കാര്യത്തിൽ ഇരുമുന്നണികളിലും അന്തിമ തീരുമാനമായില്ല. സീറ്റു വിഭജനത്തെച്ചൊല്ലിയുള്ള എൽ.ഡി.എഫിലെ തർക്കം പരിഹരിക്കാനായില്ല. യു.ഡി.എഫിൽ സ്ഥാനാർഥി നിർണയമാണ് നീണ്ടുപോവുന്നത്.

മേപ്പാടി ഡിവിഷനെച്ചൊല്ലിയാണ് ഇടതു മുന്നണിയിൽ തർക്കം തുടരുന്നത്. എൽ.ജെ.ഡി.യും സി.പി.ഐ. യുമാണ് സീറ്റിന് അവകാശവാദമുന്നയിക്കുന്നത്. സി.പി.എം. നേതാക്കൾ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ദിവസങ്ങളായി ശ്രമിക്കുന്നുണ്ടെങ്കിലും ഇരുകൂട്ടരും അവകാശവാദത്തിൽ ഉറച്ചുനിന്നതോടെ പരാജയപ്പെട്ടു. ഇതോടെ എൽ.ജെ.ഡി. ചൊവ്വാഴ്ച ഈ ഡിവിഷനിൽ നാമനിർദേശ പത്രിക നൽകി. യുവജനതാദൾ മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ജില്ലാപഞ്ചായത്തംഗവുമായ പ്രകാശ് ചോമാടിയാണ് പത്രിക നൽകിയത്. സി.പി.ഐ. സ്ഥാനാർഥി ബുധനാഴ്ച പത്രിക നൽകും. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമെത്തും മുമ്പ് പ്രശ്നത്തിന് പരിഹാരം കാണാനാവുമെന്നാണ് മുന്നണി നേതൃത്വം കരുതുന്നത്. പൊതു സ്വതന്ത്രനെ മത്സരിപ്പിക്കാമെന്നതുൾപ്പെടെയുള്ള നിർദേശം സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായെങ്കിലും സ്വീകാര്യമായിരുന്നില്ല. ജില്ലയിൽ എൽ.ഡി.എഫിന് ഇവിടെ മാത്രമാണ് ഇനി കാര്യമായ തലവേദനയുള്ളത്. വെങ്ങപ്പള്ളി, എടവക പഞ്ചായത്തുകളിൽ തനിച്ചുമത്സരിക്കാനുള്ള തീരുമാനവുമായി സി.പി.ഐ. മുന്നോട്ടുപോവുന്നതാണ് മറ്റൊരു പ്രശ്നം. സീറ്റു വിഭജനത്തെച്ചൊല്ലിയുള്ള തർക്കം തീരാത്തതിനാലാണ് സി.പി.ഐ. ഒറ്റയ്ക്കുമത്സരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി നിർണയത്തെച്ചൊല്ലി കോൺഗ്രസിൽ ദിവസങ്ങളായി തുടരുന്ന തർക്കം ബുധനാഴ്ചയോടെ തീരുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. ചൊവ്വാഴ്ച എ., ഐ. വിഭാഗങ്ങൾ സീറ്റുകളെച്ചൊല്ലി ധാരണയായെന്നാണ് വിവരം. ഐ. വിഭാഗം ആറിടത്തും എ. നാലിടത്തും മത്സരിക്കും. തോമാട്ടുചാൽ, പൊഴുതന, അമ്പലവയൽ, തിരുനെല്ലി, പുല്പള്ളി, മുള്ളൻകൊല്ലി എന്നിവിടങ്ങളിലാണ് ഐ വിഭാഗം മത്സരിക്കുക. മുട്ടിൽ, ചീരാൽ, എടവക, തവിഞ്ഞാൽ എന്നിവ എ. വിഭാഗത്തിനാണ്. മുട്ടിൽ സീറ്റിലെ സ്ഥാനാർഥിയെച്ചൊല്ലിയാണ് കാര്യമായ തർക്കം. എ. വിഭാഗത്തിൽനിന്ന് പി.കെ. അനിൽകുമാർ, സംഷാദ് മരക്കാർ എന്നിവരുടെ പേരുകളാണ് കാര്യമായി ഉയർന്നുവന്നത്. സംഷാദിന് സീറ്റ് നൽകണമെന്ന് യൂത്ത് കോൺഗ്രസും ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഗ്രൂപ്പിനുള്ളിൽ ഇക്കാര്യത്തിൽ ധാരണയായിട്ടില്ല.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്തിട്ടില്ലാത്തതിനാൽ ജയമുറപ്പുള്ള സീറ്റുകൾക്കായി കോൺഗ്രസിൽ കാര്യമായ ചരടുവലികൾ നേരത്തേ തന്നെ തുടങ്ങിയിരുന്നു. മുസ്‌ലിംലീഗ് അവരുടെ അഞ്ചുസീറ്റുകളിൽ കഴിഞ്ഞ ദിവസം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.