Local Body Electionമാനന്തവാടി: എൽ.ഡി.എഫിൽ സീറ്റുവിഭജനത്തെച്ചൊല്ലിയുള്ള തർക്കം കാരണം രണ്ടുവാർഡുകളിൽ മുന്നണിക്കുള്ളിൽ മത്സരം. എടവക പഞ്ചായത്തിലെ പത്താം വാർഡായ കമ്മനയിലും വെങ്ങപ്പള്ളി പഞ്ചായത്തിലെ ആറാം വാർഡായ വാവാടിയിലുമാണ് സി.പി.ഐ. ഇടതുമുന്നണിക്കെതിരേ മത്സരരംഗത്തുള്ളത്. സീറ്റുവിഭജനത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സി.പി.ഐ. രണ്ടുവാർഡുകളിൽ ഒറ്റയ്ക്കുമത്സരിക്കാൻ തീരുമാനിച്ചത്. കമ്മനയിൽ സി.പി.ഐ. ജില്ലാകമ്മിറ്റി അംഗം രജിത്ത് കമ്മന പാർട്ടിചിഹ്നത്തിലാണ് മത്സരിക്കുന്നത്. സി.പി.എമ്മിലെ സി.എം. സന്തോഷാണിവിടെ എൽ.ഡി.എഫ്. സ്ഥാനാർഥി. വാവാടിയിൽ സി.പി.ഐ. വൈത്തിരി മണ്ഡലം കമ്മിറ്റി അംഗം ദാമോദരക്കുറുപ്പാണ് സ്ഥാനാർഥി. സ്വതന്ത്രചിഹ്നത്തിലാണ് ഇദ്ദേഹം മത്സരിക്കുന്നത്. സി.പി.എമ്മിലെ കെ. മുരളീധരനാണ് ഇവിടെ സ്ഥാനാർഥി.

ഇരുപഞ്ചായത്തുകളിലും കൂടുതൽ വാർഡുകളിൽ മത്സരിക്കാൻ സി.പി.ഐ. ആദ്യം തീരുമാനിച്ചിരുന്നു. എന്നാലത് യു.ഡി.എഫിനും എൻ.ഡി.എ.യ്ക്കും ഗുണമാവുമെന്നതിനാൽ മേൽഘടകത്തിന്റെ നിർദേശത്തെത്തുടർന്ന് പിൻവാങ്ങുകയായിരുന്നു. എടവകയിൽ കമ്മന കൂടാതെ ചാമാടിപ്പൊയിൽ, ദ്വാരക, പുലിക്കാട്, തോണിച്ചാൽ എന്നിവിടങ്ങളിലാണ് സി.പി.ഐ. മത്സരിക്കാൻ തീരുമാനിച്ചിരുന്നത്. ഒറ്റയ്ക്കുമത്സരിച്ചാലും വിജയസാധ്യതയുള്ള സീറ്റാണ് കമ്മനയെന്നാണ് സി.പി.ഐ. കരുതുന്നത്. വെങ്ങപ്പള്ളിയിൽ വാവാടി കൂടാതെ വെങ്ങപ്പള്ളി, മൂരിക്കാപ്പ് എന്നിവിടങ്ങളിലുമാണ് സ്ഥാനാർഥികളെ നിർത്താൻ തീരുമാനിച്ചിരുന്നത്. വെങ്ങപ്പള്ളിയിൽ പിൻവാങ്ങിയെങ്കിലും മൂരിക്കാപ്പിൽ സ്വതന്ത്രസ്ഥാനാർഥിയെ പിന്തുണയ്ക്കാൻ സി.പി.ഐ. തീരുമാനിച്ചിട്ടുണ്ട്.

തർക്കമുള്ള വാർഡിലില്ല

എടവകയിൽ 18-ാം വാർഡിനെച്ചൊല്ലിയാണ് സി.പി.എമ്മും സി.പി.ഐയും തമ്മിൽ അഭിപ്രായഭിന്നതയുണ്ടായത്. കഴിഞ്ഞതവണ സി.പി.ഐ. പരാജയപ്പെട്ട വാർഡാണിത്. ഇത്തവണയും അതേ സീറ്റു തന്നെയാണ് സി.പി.ഐ.ക്ക് നൽകിയത്. എന്നാൽ, ഏറ്റെടുക്കാൻ അവർ തയ്യാറായില്ല. ഈ വാർഡിൽ സി.പി.എം. നേരത്തേ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയെന്നായിരുന്നു അവരുടെ ആരോപണം. വെങ്ങപ്പള്ളിയിൽ എട്ടാം വാർഡായ പുതുശ്ശേരിക്കുന്നിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. കഴിഞ്ഞതവണ സി.പി.ഐ. സ്വതന്ത്ര ജയിച്ച വാർഡാണിത്. ഇത്തവണയും വാർഡ് സി.പി.ഐ.യ്ക്ക് നൽകാൻ ധാരണയായിരുന്നു. എന്നാൽ, സി.പി.എം. ഈ വാർഡിൽ നേരത്തേ സ്ഥാനാർഥിയെ പ്രഖ്യാപിച്ചെന്നാണ് സി.പി.ഐ.യുടെ ആരോപണം. ഒറ്റയ്ക്കുമത്സരിക്കാനുള്ള തീരുമാനത്തിലെത്തിയപ്പോഴും തർക്കമുണ്ടായ വാർഡുകളിൽ സ്ഥാനാർഥിയെവെക്കാൻ സി.പി.ഐ. തയ്യാറായിരുന്നില്ല. പകരം സ്വാധീനമുള്ള വാർഡുകളിൽ മത്സരിക്കാനായിരുന്നു തീരുമാനം.

മുന്നണിയിലില്ല; മനസ്സാക്ഷി വോട്ട്

ഓരോ വാർഡുകളിലേ മത്സരിക്കുന്നുള്ളൂവെങ്കിലും ഇരുപഞ്ചായത്തുകളിലും ഇത്തവണ സി.പി.ഐ. മുന്നണിക്കൊപ്പമല്ല. മറ്റുവാർഡുകളിൽ മനസ്സാക്ഷി വോട്ടുചെയ്യാനാണ് പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദേശം. മത്സരിക്കുന്ന വാർഡുകളിൽ സി.പി.ഐ. പ്രചാരണം തുടരുകയാണ്. കമ്മനയിൽ സി.പി.ഐ. ജില്ലാകമ്മിറ്റി അംഗംതന്നെ സ്ഥാനാർഥിയായത് മുന്നണിമര്യാദയല്ലെന്നാണ് സി.പി.എമ്മിന്റെ വാദം. സീറ്റുനൽകിയിട്ടും സ്വീകരിക്കാതെപോവുകയാണ് സി.പി.ഐ. ചെയ്തതെന്നും അവർ പറയുന്നു. സി.പി.ഐ. മത്സരരംഗത്തുള്ളത് സി.പി.എമ്മിനെയോ എൽ.ഡി.എഫിനെയോ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് ഇരുപഞ്ചായത്തുകളിലെയും സി.പി.എം. നേതൃത്വം പറയുന്നത്.