Local Body Electionഅടികൂടി മേടിച്ച സ്ഥാനാർഥി കുപ്പായമിട്ട് വോട്ടർമാരെ കാണാനിറങ്ങിയ നിയുക്ത മെമ്പർമാർക്ക് കോവിഡ് പ്രോട്ടോക്കോൾ വലിയ പൊല്ലാപ്പാണ്. സാമൂഹികാകലവും മുഖാവരണവും കൊണ്ടുള്ള തലവേദന ചില്ലറയല്ല. തിരഞ്ഞെടുപ്പിന് മുമ്പെങ്കിലും വാർഡുമുഴുൻ രണ്ടുറൗണ്ട് നടക്കാമെന്ന് തീരുമാനിച്ചിറങ്ങുന്നതാണ്.

പക്ഷേ, പ്രോട്ടോക്കോൾ പാലിച്ചുള്ള വോട്ടർമാരുടെ പെരുമാറ്റം അത്ര പോസിറ്റീവല്ല. ചിലയിടത്ത് അല്പനേരമൊന്നിരുന്ന് കുശലം പറയണമെന്ന് തോന്നും. അപ്പോഴേക്കും കൂടെയുള്ളവർ വിളിക്കും. മതിമതി പോയേക്കാം. അല്ലെങ്കിൽ വീട്ടുകാരുടെ ചോദ്യം വരും. എന്നാപ്പിന്നെ ഇറങ്ങുവല്ലേ. വീടുകുറേ കയറേണ്ടതല്ലേ. ഈ വോട്ടർമാർക്കൊന്നും പഴയതുപോലെ സ്നേഹമില്ലല്ലോ. പടിയിറങ്ങുമ്പോൾ മനസ്സുചോദിക്കും.

മതിലിനപ്പുറത്തുണ്ട് നാലോട്ട്

എടവക ഗ്രാമപ്പഞ്ചായത്ത് അഞ്ചാംവാർഡിലെ യു.ഡി.എഫ്. സ്ഥാനാർഥി തോട്ടത്തിൽ വിനോദിന്റെ വീടുസന്ദർശനം രണ്ടാംറൗണ്ടിലാണ്. ചാമാടിപ്പൊയിലിലെ ഗെയ്റ്റുപൂട്ടിയ വീടിന് മുന്നിലെത്തിയപ്പോൾ കൂടെയുള്ളവർ പറഞ്ഞു. വീട്ടിലൊരാൾക്ക് കോവിഡ് പോസിറ്റീവാണ്. കുടുംബാംങ്ങൾ നിരീക്ഷണത്തിലുമാണ്. എങ്കിലും കാണാതെ പോകുന്നതെങ്ങനെയെന്ന് സ്ഥാനാർഥി.

സംഗതി പോസിറ്റീവായി എടുത്ത് നേരേ തൊട്ടടുത്ത വീട്ടുവളപ്പിലേക്ക്. മതിലിനപ്പുറം നിന്ന് ഉച്ചത്തിലുള്ള വോട്ടഭ്യർഥന. തന്നേക്കാമെന്ന് ജനലഴിയിലൂടെ വീട്ടുകാരുടെ മറുപടി. കവലപ്രസംഗവും മുദ്രാവാക്യങ്ങളുമില്ലാത്ത കാലമായതിനാൽ തൊണ്ടപൊട്ടിയാലും വേണ്ടില്ല. വോട്ടർമാരെ നേരിൽക്കണ്ടതിന്റെ സന്തോഷത്തിൽ മടക്കം.

ആ മുഖംമൂടിയൊന്ന് താഴ്ത്തൂ മോനേ

നവമാധ്യമങ്ങൾവഴി പല പോസിൽ വോട്ടഭ്യർഥിച്ചും കാണാത്ത ചിലരുണ്ട് നാട്ടിൽ. സ്ഥാനാർഥികൾ എത്രപേർ ഇതുവഴിവന്നെന്ന് കണ്ണുനട്ടിരിക്കുന്ന പഴയതലമുറക്കാർ. അവർക്കരികിലേക്കാണ് ജില്ലാ പഞ്ചായത്ത് പൊഴുതന ഡിവിഷനിൽ മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാർഥി എൻ.സി. പ്രസാദ് ചെല്ലുന്നത്. കാലംകുറേയായി ജനമധ്യത്തിലുള്ളതിനാൽ ശബ്ദം കേട്ടാലും വോട്ടർമാർ തിരിച്ചറിയുമെന്ന് നേതാവിനറിയാം. എല്ലാവരും അതിജാഗ്രതയിലാണ്.

ചിലർ വീട്ടിനുള്ളിലേക്ക് ക്ഷണിക്കുമെങ്കിലും സ്നേഹപൂർവം നിരസിക്കും. കോവിഡിനെ പേടിയില്ലാത്ത ചില മുത്തശ്ശിമാർ പറയും. മോനേ ആ മുഖംമൂടിയൊന്ന് താഴ്ത്തൂ. സ്നേഹത്തോടെയുള്ള അഭ്യർഥന നിരസിക്കാനാവില്ല. രണ്ടടി പിന്നോട്ടുമാറി മാസ്ക് താഴ്ത്തി നല്ലൊരു ചിരി സമ്മാനിച്ചശേഷം കൈവീശി യാത്രയാകും.