കല്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി ഒരുദിവസം മാത്രം. വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ എട്ടിന് തുടങ്ങും. ഏഴ് കേന്ദ്രങ്ങളിലായാണ് ജില്ലയിലെ വോട്ടെണ്ണൽ നടക്കുക.

പോളിങ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങൾ തന്നെയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളും. ഓരോ ബ്ലോക്ക് പഞ്ചായത്തിനും നഗരസഭയ്ക്കും ഓരോ വോട്ടെണ്ണൽ കേന്ദ്രമാണ് സജ്ജീകരിച്ചിരിക്കുന്നത്. വോട്ടെണ്ണൽ ജോലിക്കായി 1300-ഓളം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇവർക്കുള്ള പരിശീലനം പൂർത്തിയായി.

സജ്ജമായി 138 കൗണ്ടിങ് ടേബിളുകൾ

ജില്ലയിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രാവിലെ ഏഴു മണിക്കു മുമ്പുതന്നെ വരണാധികാരികൾ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്‌ട്രോങ് റൂമുകൾ തുറക്കും. ഈ സമയത്ത് സ്ഥാനാർഥികൾക്കും തിരഞ്ഞെടുപ്പ് ഏജന്റുമാർക്കും സ്ഥലത്തെത്താം. എട്ട് പോളിങ് സ്റ്റേഷനുകൾക്ക് ഒരു കൗണ്ടിങ് ടേബിൾ എന്ന നിലയിലാണ് വോട്ടെണ്ണൽ സെന്ററുകൾ ക്രമീകരിക്കുന്നത്. ആകെ 138 കൗണ്ടിങ് ടേബിളുകളാണ് ജില്ലയിൽ സജ്ജമാക്കിയത്. ത്രിതല പഞ്ചായത്തുകളിൽ ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പർവൈസറും രണ്ട് കൗണ്ടിങ് അസിസ്റ്റന്റുമാരും നഗരസഭകളിൽ ഒരു കൗണ്ടിങ് സൂപ്പർവൈസറും ഒരു കൗണ്ടിങ് അസിസ്റ്റന്റും ഉണ്ടാകും. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ഗ്രാമപ്പഞ്ചായത്തുകൾക്ക് പ്രത്യേക കൗണ്ടിങ് ഹാളുകളും സജ്ജീകരിക്കും. നഗരസഭകളിലും പ്രത്യേകം കൗണ്ടിങ് ഹാൾ ഉണ്ടാകും.

ഒരു വാർഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളിലെയും വോട്ടെണ്ണൽ ഒരു ടേബിളിൽ തന്നെ ക്രമീകരിക്കും. കൗണ്ടിങ് ഹാളിൽ സജ്ജീകരിച്ച വോട്ടെണ്ണൽ മേശകളുടെ എണ്ണം കണക്കാക്കിയാകും സ്‌ട്രോങ്‌റൂമിൽനിന്ന്‌ കൺട്രോൾ യൂണിറ്റുകൾ എത്തിക്കുക.

ആത്മവിശ്വാസത്തിൽ മുന്നണികളും

തിരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച് ആത്മവിശ്വാസത്തിലാണ് മുന്നണികളും. ഫലമറിയാൻ മണിക്കൂറുകൾ ശേഷിക്കേ അനുകൂല പ്രതികൂല, വോട്ടുകൾ കണക്കുകൂട്ടി ജയപരാജയ സാധ്യതകൾ വിലയിരുത്തുകയാണ് രാഷ്ട്രീയപ്രവർത്തകർ. ഉയർന്ന പോളിങ്ങ് തങ്ങൾക്കനുകൂലമായിരിക്കുമെന്ന് പ്രധാന നേതാക്കളെല്ലാം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഉയർന്ന പോളിങ് യു.ഡി.എഫിന് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കൂടുതൽ പഞ്ചായത്തുകളും മുഴുവൻ ബ്ലോക്കുകളും നഗരസഭകളും യു.ഡി.എഫ്. ഭരിക്കുമെന്നും 2010-ലെ ഫലം ആവർത്തിക്കുമെന്ന വിജയപ്രതീക്ഷയിലാണ് യു.ഡി.എഫ്. നേതാക്കൾ.

ചിട്ടയായ സംഘടനാപ്രവർത്തനം തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കുമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ പഞ്ചായത്തുകളും മുഴുവൻ നഗരസഭകളിലും ബ്ലോക്കുകളിലും ജില്ലാ പഞ്ചായത്തിലും അധികാരത്തിലെത്തുമെന്ന് എൽ.ഡി.എഫ്. പ്രതീക്ഷിക്കുന്നു.

എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും പ്രാതിനിധ്യമാണ് ഇത്തവണ എൻ.ഡി.എ. ലക്ഷ്യമിടുന്നത്. ബി.ജെ.പി.യുടെ സാധ്യതകൾ ഇല്ലാതാക്കാൻ പരസ്യമായ എൽ.ഡി.എഫ്.-യു.ഡി.എഫ്. ധാരണയുണ്ടായിരുന്നതായി ബി.ജെ.പി. ആരോപിച്ചിരുന്നു. ഇതിനെയും മറികടന്ന് എൻ.ഡി.എ. മികച്ചവിജയം നേടുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

എണ്ണിത്തുടങ്ങുക ഒന്നാം വാർഡിൽനിന്ന്

വോട്ടെണ്ണൽ തുടങ്ങുന്നത് ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിലാണ്. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകളുണ്ടെങ്കിൽ അവ ഒരു ടേബിളിലാണ് എണ്ണുക. വോട്ടെണ്ണൽ ഏജന്റുമാരെ നിയമിക്കുന്നതിനുള്ള അപേക്ഷ അതത് വരണാധികാരികൾക്കു സമർപ്പിക്കണം. ജില്ലാപഞ്ചായത്തിനുള്ള അപേക്ഷയും ബ്ലോക്ക് വരണാധികാരിക്കാണ് നൽകേണ്ടത്. കോവിഡ് പഞ്ചാത്തലത്തിൽ സ്ഥാനാർഥിക്ക് അവരുടെ തിരഞ്ഞെടുപ്പ് ഏജന്റിനുപുറമേ ഒരു കൗണ്ടിങ് ടേബിളിന് ഒരു ഏജന്റിനെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു.

കോവിഡ് മുൻകരുതലിന്റെ ഭാഗമായി വോട്ടെണ്ണൽ കേന്ദ്രങ്ങൾ അണുവിമുക്തമാക്കും. കൗണ്ടിങ് ഓഫീസർമാർ കൈയുറയും മാസ്‌കും ഫെയ്‌സ് ഷീൽഡും ധരിക്കും. കൗണ്ടിങ് ഹാളിൽ എത്തുന്ന സ്ഥാനാഥികളും കൗണ്ടിങ് ഏജന്റുമാരും സാമൂഹികാകലം പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ആദ്യമെണ്ണുക തപാൽ ബാലറ്റുകൾ

തദ്ദേശ സ്ഥാപനങ്ങളിലെ തപാൽ ബാലറ്റുകളാണ് ആദ്യമെണ്ണുക. ജില്ലാ പഞ്ചായത്തിന്റെ തപാൽ ബാലറ്റുകൾ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ എണ്ണും. കോവിഡ് ബാധിതർക്കു വിതരണം ചെയ്ത പ്രത്യേക തപാൽവോട്ടുകൾ ഉൾപ്പെടെയുള്ള പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. വോട്ടെണ്ണൽ ദിവസം രാവിലെ എട്ടു മണിവരെ വരണാധികാരിയുടെ കൈവശം ലഭിക്കുന്ന തപാൽ വോട്ടുകൾ പരിഗണിക്കും. അതിനുശേഷം ലഭിക്കുന്ന തപാൽ വോട്ടുകൾ എണ്ണുന്നതല്ല.