ർഷകന് എവിടെയും പ്രാതിനിധ്യമില്ലെന്ന ഇന്നത്തെ കൃഷിക്കാരുടെ വിലാപങ്ങൾക്കിടയിൽ 1979- ൽ ചെറുപ്രായത്തിൽ പഞ്ചായത്തംഗമായ ചരിത്രം പാരമ്പര്യ നെൽവിത്തുസംരക്ഷകൻ ചെറുവയൽ രാമൻ പറയും. 1964- നു ശേഷം തിരഞ്ഞെടുപ്പില്ലാത്ത പതിനഞ്ചുവർഷം. അതിനു ശേഷം നടന്ന ആദ്യതിരഞ്ഞടുപ്പിൽ എടവക പഞ്ചായത്തിലെ കമ്മന വാർഡിലാണ് ഇടതുപക്ഷ സ്ഥാനാർഥിയായി ചെറുവയൽരാമൻ മത്സരത്തിനിറങ്ങിയത്. പ്രായം മുപ്പതിൽ താഴെ. അക്കാലത്തൊക്കെ പഞ്ചായത്ത് മെമ്പർ പ്രായം കൊണ്ടും പക്വതകൊണ്ടെല്ലാം മുതിർന്ന ആൾ വേണമെന്നാണ് നാട്ടുനടപ്പ്. ഈ കണക്കുക്കൂട്ടലുകളെയൊക്കെ തെറ്റിച്ചാണ് രാമൻ മത്സരത്തിനിറങ്ങിയത്.

എതിർ സ്ഥാനാർഥിയാകട്ടെ ബന്ധുവും കാരണവരുമായ എഴുപത് പിന്നിട്ട അണ്ണൻ. അന്നൊക്കെ ഗ്രാമതലത്തിലെ വാർഡുകളിലെ ആദിവാസി കുടുംബങ്ങളുടെ എണ്ണത്തിനനുസരിച്ചാണ് സംവരണം നിശ്ചയിക്കുക. എടവകയിൽ ആറാംവാർഡ് അങ്ങനെ സംവരണ വാർഡായി. നാട്ടുകവലകളൊക്കെ കുറവായതിനാൽ വോട്ടുപിടിത്തം വീടുകൾ കയറിത്തന്നെ വേണം. ബന്ധുക്കളുടെയും തറവാട്ടുകാരുടെയുമെല്ലാം പിന്തുണ കാരണവർക്ക് കിട്ടുമെന്നായിരുന്നു കണക്കുകൂട്ടിയത്. ഫലം വന്നപ്പോൾ 115 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചെറുപ്പക്കാരനായ സ്ഥാനാർഥി കീഴ്‌വഴക്കങ്ങളെല്ലാം തെറ്റിച്ച് പഞ്ചായത്തംഗമായി. കമ്മനയിലെ ഇം.എം. ശങ്കരൻ മാസ്റ്ററാണ് എടവക പഞ്ചായത്ത് പ്രസിഡന്റായത്.

പഞ്ചായത്തിന് ആകെയുള്ള വരുമാനം ചന്ത ലേലം, മണൽലേലം തുടങ്ങിയവയിൽനിന്ന്‌ മാത്രമാണ്. കെട്ടിടനികുതി പിരിക്കാൻ പറ്റിയ കെട്ടിടങ്ങളും തീരെ കുറവായിരുന്നു. തോടിനും പുഴയ്ക്കും കുറുകെ താത്കാലിക പാലം നിർമിക്കാൻ വർഷാവർഷം പരമാവധി ആയിരം രൂപ നൽകാനുള്ള സാമ്പത്തികശേഷിയാണ് പഞ്ചായത്തിനുണ്ടാവുക. പദ്ധതികളൊക്കെ വളരെക്കുറവ്. പിന്നെ വാർഡുകളിലെ വീടുകളിലൊക്കെ ഇടയ്ക്കിടെ ചെന്ന് വിശേഷങ്ങളെല്ലാം തിരക്കുക. പഞ്ചായത്ത് ഓഫീസിലേക്ക് പോകണമെങ്കിൽ കിലോമീറ്ററോളം നടന്നുപോകണം. യോഗത്തിലും മറ്റും പങ്കെടുത്താൽ ഇരുപത്തിയഞ്ചുരൂപ കിട്ടും. അതൊന്നും ഒന്നിനും തികയുമായിരുന്നില്ല. എങ്കിലും പഞ്ചായത്തംഗം എന്ന പരിഗണനയ്ക്ക് ഇന്നത്തെക്കാൾ എത്രയോ മതിപ്പുണ്ടായിരുന്നു.

79 മുതൽ 84 വരെ നാട്ടിലെ മെമ്പർ ഉത്തരവാദിത്വത്തോടൊപ്പം കൃഷിയും മുന്നോട്ട് കൊണ്ടുപോയി. അതിനുശേഷം ഒരു മത്സരത്തിനും നിന്നില്ല. മണ്ണ് രാഷ്ട്രീയ പരീക്ഷണശാലയാക്കി. രാഷ്ട്രപുനർ നിർമാണത്തിൽ കർഷകന്റെ പങ്കെഴുതി ച്ചേർത്തു. കുടുബത്തിൽനിന്ന് മകൻ ചെറുവയൽ രമേശൻ വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ തവണ കമ്മനയിലെ മെമ്പറായി.

മുഴുവൻ സമയ കർഷകന്റെ റോളിലാണ് ചെറുവയൽ രാമന്റെ ഇന്നത്തെ ജീവിതം. ഇന്ന് പഞ്ചായത്ത് അംഗത്തിന് പൊതു പ്രവർത്തകൻ എന്ന ഉത്തരവാദിത്വമുണ്ട്. ഗ്രാമസഭകൾ വന്നതോടെ കാര്യങ്ങളെല്ലാം എളുപ്പമായി. വോട്ടർമാരാണ് ഇനി മാറേണ്ടത്. കഴിവുള്ളവർ തിരഞ്ഞെടുക്കപ്പെടട്ടേ. അതിനായി വേണം വോട്ടവകാശം വിനിയോഗിക്കാൻ. കർഷകരെയും പരിഗണിച്ചുള്ള ഗ്രാമവികസനമായിരിക്കണം ലക്ഷ്യം. ഇക്കാലം വരെയും വോട്ട് ചെയ്യൽ മുടക്കിയിട്ടില്ല. വയലിൽ വീണ്ടും കൊയ്ത്തുകാലത്തിനൊരുങ്ങി പുല്ലുമേഞ്ഞ സ്വന്തം വീടിന്റെ ഇറയത്തിരുന്ന് ചെറുവയൽ രാമൻ പറയുന്നു.