Local Body Electionകല്പറ്റ: തദ്ദേശതിരഞ്ഞെടുപ്പിന് മൂന്നുദിവസംമാത്രം ശേഷിക്കേ കളംനിറഞ്ഞ് കളം പിടിക്കാനുള്ള ശ്രമങ്ങളിലേക്ക് മുന്നണികൾ നീങ്ങിയതോടെ ആരോപണ പ്രത്യാരോപണങ്ങളും രാഷ്ട്രീയ വിവാദങ്ങളും മേൽക്കൈ നേടുന്നു. ഒാൺലൈനിൽ തുടങ്ങിയ പ്രചാരണമുറകൾ തെരുവിലേക്കിറങ്ങിയതോടെ പലയിടത്തും മത്സരത്തിന് വീറും വാശിയും വന്നു. ഇതോടൊപ്പം നേതാക്കളുടെ നിരയെത്തിയതും റാലികളും പൊതുയോഗങ്ങളുമെല്ലാം അവസാനഘട്ടം ആവേശമാക്കിയിട്ടുണ്ട്. പക്ഷേ സാധാരണക്കാർ പൊതുവേ നിസംഗമനോഭാവം തുടരുന്നതാണ് സ്ഥാനാർഥികളുടെയും മുന്നണികളുടെയും ആശങ്ക.

വികസനം കേന്ദ്രബിന്ദു

മന്ദഗതിയിലായിരുന്ന തിരഞ്ഞെടുപ്പ് രംഗം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി യു.ഡി.എഫ്. പ്രചാരണത്തിനെത്തിയതോടെയാണ് ഏറെക്കുറെ രാഷ്ട്രീയാരോപണങ്ങളിലേക്ക് തിരിഞ്ഞുതുടങ്ങിയത്.

വയനാട് മെഡിക്കൽ കോളേജ്, നിലമ്പൂർ- നഞ്ചൻകോട് റെയിൽപ്പാത, ചുരമില്ലാ ബദൽപ്പാതകൾ തുടങ്ങി കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ സ്വപ്നപദ്ധതികൾ എൽ.ഡി.എഫ്. അട്ടിമറിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ സ്വകാര്യ മെഡിക്കൽ കോളേജ് ഏറ്റെടുക്കാനുള്ള നടപടികൾ പൂർണതയിലേക്കെത്തുകയാണെന്നും അത് യാഥാർഥ്യമാവുന്നതിന്റെ വേവലാതിയാണ് യു.ഡി.എഫിനെന്നും അന്നുതന്നെ സി.പി.എം. തിരിച്ചടിച്ചു. മെഡിക്കൽ കോളേജിനായി സൗജന്യമായി കിട്ടിയ ഭൂമി ഉപേക്ഷിച്ചതിനു പിന്നിൽ ദുരൂഹതയുണ്ടെന്നാണ് എൻ.ഡി.എ.യുടെ ആരോപണം.

മെഡിക്കൽ കോളേജ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെടുന്നുണ്ട്. കാർഷികമേഖലയിലെ പ്രശ്നങ്ങൾ, എല്ലാവരും ഉന്നയിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. പിണറായി സർക്കാരിന്റെ ക്ഷേമ, വികസന പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ്. പ്രചാരണത്തിൽ ഉയർത്തിപ്പിടിക്കുന്നത്.

നരേന്ദ്രമോദി സർക്കാരിന്റെ ക്ഷേമപദ്ധതികളും വികസനപ്രവർത്തനങ്ങളുമാണ് ബി.ജെ.പി. മുന്നോട്ടുവെക്കുന്നത്. രണ്ടു സർക്കാരുകളും വയനാടിനെ അവഗണിച്ചുവെന്നാണ് യു.ഡി.എഫ്. പ്രചാരണം. പക്ഷേ പലയിടത്തും പ്രാദേശിക പ്രശ്നങ്ങളാണ് അന്തിമമായി വിധി നിർണയിക്കുക.

രഹസ്യബാന്ധവം: ആരോപണം,പ്രത്യാരോപണം

വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫിന് രഹസ്യബന്ധമുണ്ടെന്ന് എൽ.ഡി.എഫും ബി.ജെ.പി.യും ഒരുപോലെ ആരോപിക്കുന്നുണ്ട്. വയനാട് എം.പി. കൂടിയായ രാഹുൽഗാന്ധി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വെൽഫെയർ പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും അതിന്റെ ആവശ്യമില്ലെന്നുമാണ് യു.ഡി.എഫ്. നിലപാട്.

തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ബി.ജെ.പി. രഹസ്യബാന്ധവമുണ്ടെന്നും സി.പി.എം. ആരോപിക്കുന്നു. കഴിഞ്ഞദിവസം ‘മാതൃഭൂമി’ക്ക് നൽകിയ അഭിമുഖത്തിൽ ജില്ലാ സെക്രട്ടറി പി. ഗഗാറിനാണ് ഈ ആരോപണം ഉന്നയിച്ചത്. അതുകൊണ്ടാണ് ബി.ജെ.പി. എല്ലാ വാർഡുകളിലും സ്ഥാനാർഥികളെ നിർത്താത്തതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ സ്വാധീനമില്ലാത്ത സ്ഥലങ്ങളിൽ മാത്രമാണ് സ്ഥാനാർഥികളില്ലാത്തതെന്ന് ബി.ജെ.പി. നേതൃത്വം പറയുന്നു. തങ്ങൾ കൂടുതൽ സീറ്റു നേടുന്നത് തടയാൻ കോൺഗ്രസും സി.പി.എമ്മും രഹസ്യധാരണയിലെത്തിയതായി ജില്ലാപ്രസിഡന്റ് സജി ശങ്കർ ആരോപിച്ചു. ബി.ജെ.പി. ബന്ധം ആരോപിക്കുന്നത് തമാശമാത്രമാണെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കാനിരിക്കേ കൂടുതൽ ആരോപണപ്രത്യാരോപണങ്ങൾ ഉയരുമെന്നാണ് അണിയറയിലെ സൂചനകൾ.

വിമതഭീഷണിയൊഴിയാതെ യു.ഡി.എഫ്.

തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയിട്ടും വിമതർ വഴങ്ങാത്തതാണ് പലയിടത്തും കോൺഗ്രസിനെ അലട്ടുന്നത്. കഴിഞ്ഞദിവസം കണിയാമ്പറ്റയിൽ അഞ്ചുനേതാക്കളെ കോൺഗ്രസ് പുറത്താക്കിയത് കൂട്ടരാജിയിൽ കലാശിച്ചിട്ടുണ്ട്.

കല്പറ്റ നഗരസഭയിൽ ഉൾപ്പെടെ പലയിടത്തും വിമതർ കാര്യമായി പ്രചാരണരംഗത്ത് തുടരുന്നതും മുന്നണിക്ക് ഭീഷണിയാണ്. ഇതിനൊപ്പം പതിവുപോലെ ഫണ്ടെത്താത്തത് കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രചാരണ പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്.

പണമില്ലാത്തതിനാൽ പിടിച്ചുനിൽക്കാനാവുന്നില്ലെന്ന് ഒരു മുതിർന്ന നേതാവ് പറഞ്ഞു. ജില്ലാപഞ്ചായത്ത് ഡിവിഷനുകളിൽപ്പോലും പ്രവർത്തനങ്ങൾക്ക് വേഗം പോരെന്നാണ് അഭിപ്രായം. കഴിഞ്ഞതവണ ചേരിപ്പോരു കാരണം നഷ്ടമായ ചില പഞ്ചായത്തുകളിൽ ഇത്തവണ അത്തരം പ്രശ്നങ്ങൾ ഇല്ലെന്നതാണ് നേതൃത്വത്തിന് ഏക ആശ്വാസം.