ജില്ലയിലെ നാല് ബ്ലോക്ക് പഞ്ചായത്തുകളില്‍ മൂന്നിടത്തും യു.ഡി.എഫ്. അധികാരത്തിലേറിയ ചരിത്രമാണ് 2015-ലെ തദ്ദേശ തിരഞ്ഞെടുപ്പിന്. കഴിഞ്ഞ തവണ കൈവിട്ടു പോയ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് കൂടി പിടിച്ചെടുത്ത് എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും അധികാരമുറപ്പിക്കാമെന്ന് ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ബത്തേരിയില്‍ അധികാരം നിലനിര്‍ത്തുന്നതിനൊപ്പം മറ്റു ബ്ലോക്ക് പഞ്ചായത്തുകളിലും ആധിപത്യമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്.
പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി എന്‍ഡിഎ കൂടി രംഗത്തുള്ളതിനാല്‍ ഇരു മുന്നണികളിലൊതുങ്ങിയിരുന്ന മത്സരത്തിന് ഇക്കുറി മാറ്റമുണ്ടാകും. അക്കൗണ്ടിലുള്ള കല്‍പറ്റ, മാനന്തവാടി, പനമരം എന്നീ ബ്ലോക്ക് പഞ്ചായത്തുകള്‍ നിലനിര്‍ത്താനുള്ള ശ്രമവും വിശ്വാസവും യുഡിഎഫിനുണ്ട്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബത്തേരിയില്‍ മാത്രമൊതുങ്ങിയ വിജയം മറ്റിടങ്ങളിലേക്ക് കൂടി എത്തിക്കാമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ തവണ കൈവിട്ട സുല്‍ത്താന്‍ ബത്തേരി ഇത്തവണ കൈപ്പിടിയിലൊതുക്കാനുള്ള തീവ്രപരിശ്രമമാണ് യുഡിഎഫ് പ്രചാരണരംഗത്ത് കാഴ്ചവെച്ചത്. ഭരണത്തുടര്‍ച്ചയ്ക്കായി എല്‍ഡിഎഫും നേട്ടമുറപ്പിക്കാന്‍ യുഡിഎഫും ബ്ലോക്ക് പഞ്ചായത്തിലെ ഒരു സീറ്റിലെങ്കിലും വിജയം നേടുമെന്ന പ്രതീക്ഷയില്‍ എന്‍ഡിഎയും പ്രത്യേക പ്രകടനപത്രികയുള്‍പ്പെടെ കടുത്ത പ്രചാരണ തന്ത്രങ്ങളാണ് ബത്തേരിയില്‍ പുറത്തെടുത്തത്. വികസനനേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയാണ് എല്‍ഡിഎഫ് പ്രചാരണരംഗം കൊഴുപ്പിച്ചത്.
പനമരം ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു 2015 ലേത്. പ്രതിപക്ഷത്ത് പോലും എത്താനാവാതെ എല്‍ഡിഎഫ് കാഴ്ചക്കാരായപ്പോള്‍ യുഡിഎഫ് 14 ഡിവിഷനുകളും തൂത്തുവാരി. യുഡിഎഫിന്റെ ശക്തികേന്ദ്രമായ പനമരത്ത് അട്ടിമറിവിജയമാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. പനമരം, പൂതാടി, പുല്‍പള്ളി പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് സ്വാധീനമുണ്ടെങ്കിലും ഇത്തവണയും തങ്ങള്‍ക്കനുകൂലമായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്നാണ് യുഡിഎഫ് കരുതുന്നത്.
കാലങ്ങളായി യുഡിഎഫിനൊപ്പമുള്ള കല്‍പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ മുസ്ലിംലീഗും കോണ്‍ഗ്രസും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണകാലം പങ്കിട്ടു. വികസനത്തിന് വേറിട്ട വഴിതുറന്ന ബ്ലോക്കുകളിലൊന്നാണ് കല്‍പറ്റ. എല്‍ജെഡിയുടെ സ്വാധീനം ഇക്കുറി കല്‍പറ്റയില്‍ തുണയാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. കഴിഞ്ഞ ഭരണസമിതിയിലെ പ്രധാനികളെയും ഇത്തവണ മത്സരരംഗത്ത് അണിനിരത്തിയാണ് യുഡിഎഫ് വീണ്ടുമൊരു ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്നത്. തോട്ടംമേഖലയിലെ സ്വാധീനവും മുന്‍തൂക്കവും അനുകൂലമായേക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.
ഒരു തവണയൊഴികെ എല്ലാ പ്രാവശ്യവും യുഡിഎഫിനൊപ്പം നിന്ന ബ്ലോക്ക് പഞ്ചായത്താണ് മാനന്തവാടി. സംഘടനാരംഗത്തുള്ള പ്രമുഖനേതാക്കളെ രംഗത്തിറക്കി ഒരു അട്ടിവിജയത്തിനാണ് എല്‍ഡിഎഫ് ഇക്കുറി ശ്രമിക്കുന്നത്. യുവസാന്നിധ്യവും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉറപ്പു വരുത്തിയാണ് എല്‍ഡിഎഫിന്റെ അട്ടിമറിശ്രമം. 1995 ലാണ് പ്രസിഡന്റ് സ്ഥാനം പട്ടികവര്‍ഗ സംവരണമായി പ്രഥമ തിരഞ്ഞെടുപ്പ് നടന്നത്. ഭൂരിപക്ഷം യുഡിഎഫിനായിരുന്നെങ്കിലും പ്രസിഡന്റ് സ്ഥാനാര്‍ഥി തോറ്റു. 2005 ല്‍ കോണ്‍ഗ്രസ് വിട്ടെത്തിയ ഡിഐസിയുടെ പിന്തുണയോടെ അധികാരത്തിലെത്തിയെങ്കിലും ഡിഐസി 2008 ല്‍ വീണ്ടും കോണ്‍ഗ്രസില്‍ ലയിച്ചതോടെ വീണ്ടും നടത്തിയ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തി. 2010 ലും 2015 ലും ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് നിലനിര്‍ത്തി.
Content Highlights: Block Panchayaths Local Body Election 2020 Wayanad